ഡ്രോൺ ഉപയോഗം നിയന്ത്രിക്കാൻ നിയമം
text_fieldsപ്രധാനമന്ത്രി ശൈഖ് മുഹമ്മദ് ബിൻ അബ്ദുൽ റഹ്മാൻ ആൽഥാനിയുടെ അധ്യക്ഷതയിൽ
മന്ത്രിസഭ യോഗം ചേരുന്നു
ദോഹ: ഡ്രോൺ ഉപയോഗം സംബന്ധിച്ച മാർഗനിർദേശങ്ങൾ നൽകുന്ന കരട് നിയമത്തിന് അംഗീകാരം നൽകി ഖത്തർ മന്ത്രിസഭ യോഗം.
പ്രധാനമന്ത്രിയും വിദേശകാര്യമന്ത്രിയുമായ ശൈഖ് മുഹമ്മദ് ബിൻ അബ്ദുൽ റഹ്മാൻ ആൽഥാനിയുടെ അധ്യക്ഷതയിൽ ചേർന്ന യോഗമാണ് ഇതുൾപ്പെടെ വിവിധ നിർദേശങ്ങളിൽ തീരുമാനമെടുത്തത്.
വ്യോമഗതാഗത സുരക്ഷ, പൊതുജനങ്ങളുടെ ജീവനും സ്വത്തിനും സംരക്ഷണം എന്നിവ ഉറപ്പാക്കുന്നതിന്റെ ഭാഗമായി ഡ്രോൺ ഉപയോഗത്തിൽ നിയമചട്ടക്കൂട് നിർമിക്കുകയാണ് പുതിയ നിർദേശത്തിലൂടെ ലക്ഷ്യംവെക്കുന്നത്.
ബന്ധപ്പെട്ട അധികാരികളുടെ ചുമതലകളും ഉത്തരവാദിത്തങ്ങളും നിർവചിക്കുക, ഉപയോഗം ആവശ്യമാണെന്ന് ഉറപ്പാക്കുക, ഈ മേഖലയിലെ നവീകരണവും നിക്ഷേപവും സജീവമാക്കുക എന്നിവയും പുതിയ കരട് നിയമ നിർദേശത്തിൽ ഉൾപ്പെടുന്നതാണ്. മന്ത്രിസഭ അംഗീകരിച്ച നിയമം തുടർനടപടി എന്ന നിലയിൽ ശൂറാ കൗൺസിലിന് കൈമാറി.
രാജ്യത്തിന്റെ ടൂറിസം മേഖലയിലെ കുതിപ്പിന് വഴിയൊരുക്കുന്ന ശ്രദ്ധേയമായ നിർദേശത്തിനും മന്ത്രിസഭ യോഗം തത്ത്വത്തിൽ അംഗീകാരം നൽകി. വിനോദ സഞ്ചാരികളെ ആകർഷിക്കുന്ന പുരാവസ്തു, ചരിത്ര, പ്രകൃതി, കാലാവസ്ഥ, പാരിസ്ഥിതിക സവിശേഷതകളുള്ള മേഖലകളിൽ വേർതിരിക്കുന്നത് സംബന്ധിച്ച കരട് നിർദേശത്തിനാണ് അംഗീകാരമായത്. സ്ഥലങ്ങളുടെ സവിശേഷത വിലയിരുത്തി ഓരോ പ്രദേശത്തിനും അനുയോജ്യമായ വിനോദസഞ്ചാര കേന്ദ്രമാക്കി തരംതിരിക്കാൻ ഇതുവഴി അനുവാദം നൽകും. ഈ നിർദേശങ്ങൾ വഴി ഖത്തറിന്റെ വിനോദ സഞ്ചാരം അന്താരാഷ്ട്ര ഭൂപടത്തിൽ ശ്രദ്ധേയമാക്കി മാറ്റുകയാണ് ലക്ഷ്യം.
ഖത്തർ ദേശീയ ചിഹ്നങ്ങളുടെ ഉപയോഗം നിയന്ത്രിക്കുന്നതിനും നിയമപരമായ സംരക്ഷണം ഉറപ്പാക്കുന്നതിനുമായി ശൂറാ കൗൺസിൽ അംഗീകാരം നൽകിയ കരട് നിയമം മന്ത്രിസഭ പരിശോധിക്കുകയും ചെയ്തു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.