റൺ മഴയായി മിസ്ബാഹ്
text_fieldsദോഹ: ഏഷ്യൻ ടൗൺ ക്രിക്കറ്റ് സ്റ്റേഡിയത്തിലെ നിറ ഗാലറിക്കു മുമ്പാകെ റൺപൂരമൊരുക്കിയ മുൻ പാകിസ്താൻ നായകൻ മിസ്ബാഹുൽ ഹഖിന്റെ മികവിൽ ഏഷ്യ ലയൺസിന് വിജയത്തുടക്കം. ലെജൻഡ്സ് ലീഗ് ക്രിക്കറ്റിലെ ആദ്യ മത്സരത്തിൽ ഗൗതം ഗംഭീർ നയിച്ച ഇന്ത്യാ മഹാരാജാസിനെതിരെ ഒമ്പതു റൺസിനായിരുന്നു പാകിസ്താൻ, ശ്രീലങ്ക, ബംഗ്ലാദേശ് താരങ്ങൾ അണിനിരന്ന ഏഷ്യ ലയൺസ് വിജയം കൊയ്തത്. ആദ്യം ബാറ്റുചെയ്ത ഏഷ്യ ലയൺസ് ആറു വിക്കറ്റ് നഷ്ടത്തിൽ 165 റൺസെടുത്തു.
50 പന്തിൽ 73 റൺസുമായി കളം വാണ മിസ്ബാഹുൽ ആണ് ഏഷ്യൻ സംഘത്തിന്റെ വിജയ ശിൽപിയായത്. ഏഷ്യൻ ടൗൺ ക്രിക്കറ്റ് സ്റ്റേഡിയം നിറഞ്ഞ പതിനായിരങ്ങൾക്കു നടുവിലേക്ക് നാല് സിക്സറും രണ്ട് ബൗണ്ടറിയും പറത്തിയായിരുന്നു മിസ്ബയുടെ ക്ലാസിക്കൽ ഇന്നിങ്സ്. മറുപടി ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യൻ സംഘം അവസാന ഓവർ വരെ പൊരുതിയെങ്കിലും ഒമ്പത് റൺസ് അകലെ വിജയം കൈവിട്ടു. നായകൻ ഗൗതം ഗംഭീറും (52) മുരളി വിജയും (25) അവസാന ഓവറുകളിൽ അടിച്ചു കളിച്ച ഇർഫാൻ പത്താനും (19) ആഞ്ഞുപിടിച്ചെങ്കിലും ഇന്ത്യക്ക് ജയിക്കാനായില്ല. 20 ഓവറിൽ എട്ടു വിക്കറ്റ് നഷ്ടത്തിൽ 156 റൺസായിരുന്നു ഇന്ത്യയുടെ നേട്ടം.
ആറു വിക്കറ്റ് നഷ്ടത്തിലാണ് ഏഷ്യ ലയൺസ് 165 റൺസ് എടുത്തത്. ഓപണർ ഉപുൽ തരംഗ 40 റൺസുമായി മിന്നുന്ന പ്രകടനം കാഴ്ചവെച്ചു. ടീം ക്യാപ്റ്റൻ ഷാഹിദ് അഫ്രീദി 12 റൺസെടുത്തു. തിലക് രത്ന ദിൽഷൻ (5), അസ്ഗർ അഫ്ഗാൻ (1), തിസര പെരേര (5 നോട്ടൗട്ട്), അബ്ദുൽ റസാഖ് (6), പരസ് ഖഡ്ക (3 നോട്ടൗട്ട്) എന്നിങ്ങനെയാണ് മറ്റുള്ളവരുടെ സംഭാവന.
ഇന്ന് ഇന്ത്യ x വേൾഡ് ജയന്റ്സ്
ദോഹ: ലെജൻഡ്സ് ക്രിക്കറ്റ് ലീഗിലെ രണ്ടാം അങ്കത്തിൽ ശനിയാഴ്ച ഇന്ത്യ മഹാരാജാസും വേൾഡ് ജയന്റ്സും ഏറ്റുമുട്ടും. ഏഷ്യൻ ടൗൺ ക്രിക്കറ്റ് സ്റ്റേഡിയത്തിൽ വൈകുന്നേരം 5.30നാണ് മത്സരം. മുൻ ഇന്ത്യൻ നായകൻ ഗൗതം ഗംഭീറിന്റെ നേതൃത്വത്തിലാണ് മഹാരാജാസ് നീലക്കുപ്പായത്തിൽ കളത്തിലിറങ്ങുന്നത്. ക്രിസ് ഗെയ്ൽ, ജാക് കാലിസ്, ബ്രെറ്റ് ലീ, റോസ് ടെയ്ലർ, ഷെയ്ൻ വാട്സൻ, ഹാഷിം ആംല എന്നിവർ അണിനിരിക്കുന്ന വേൾഡ് ജയൻറ്സിനെ ആരോൺ ഫിഞ്ചാണ് നയിക്കുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.