രൂപ ഇടിയുന്നു; റിയാലിന് റെക്കോഡ് കുതിപ്പ്
text_fieldsദോഹ: ഇന്ത്യൻ രൂപയുടെ മൂല്യം ഇടിഞ്ഞ് കൂപ്പുകുത്തിയതോടെ ഓരോ ദിനവും പുതിയ റെക്കോഡ് കുറിച്ച് ഖത്തർ റിയാൽ ഉൾപ്പെടെ വിദേശ കറൻസികൾ കുതിക്കുന്നു. ഡോളറിനെതിരെ രൂപയുടെ വിനിമയ നിരക്ക് 79.45ലെത്തിയപ്പോൾ, കഴിഞ്ഞ ദിവസങ്ങളിൽ ഖത്തർ റിയാലിന് വിപണിയിൽ 21.83 രൂപവരെയെത്തി. ഖത്തറിലെ പണവിനിമയ സ്ഥാപനങ്ങളിൽ 21.76 വരെയായി. ഇന്ത്യൻ രൂപക്കെതിരെ റിയാലിന്‍റെ സർവകാല റെക്കോഡാണ് രേഖപ്പെടുത്തിയത്.
ഖത്തറിലെ അൽ സമാൻ എക്സ്ചേഞ്ച് ആപ്ലിക്കേഷനിൽ 21.70ഉം, ഉരീദുമണിയിൽ 21.76ഉം നിരക്ക് കഴിഞ്ഞ ദിവസം രേഖപ്പെടുത്തി. വിവിധ പണവിനിമയ സ്ഥാപനങ്ങൾ തമ്മിൽ ഏതാനും ദിർഹത്തിന്‍റെ വ്യത്യാസം മാത്രം നിലനിർത്തി മികച്ച നിരക്കാണ് ഉപഭോക്താക്കൾക്ക് നൽകുന്നത്. മാസാദ്യം എന്ന നിലയിൽ ശമ്പളം ലഭിച്ച പ്രവാസികൾ നാട്ടിലേക്ക് സർവകാല റെക്കോഡിൽ തന്നെ പണമയച്ച് നല്ല തുക സമ്പാദിക്കുന്ന ചെയ്യുന്ന തിരക്കിലാണിപ്പോൾ.
എക്സ്ചേഞ്ചുകളിൽ നേരിട്ടെത്തി പണം അയക്കുന്നതിനേക്കൾ, ഓൺലൈൻ പ്ലാറ്റ്ഫോം വഴി അയക്കുന്നതാണ് സാമ്പത്തിക നേട്ടം. ആപ്ലിക്കേഷൻ വഴി ഏജൻസികൾ മികച്ച തുകയും സമ്മാനിക്കുന്നുണ്ട്. ഖത്തർ റിയാലിനു പുറമെ, യു.എ.ഇ ദിർഹം, സൗദി റിയാൽ, കുവൈത്ത് ദിനാർ, ബഹ്റൈൻ ദിനാർ, ഒമാൻ റിയാൽ എന്നീ കറൻസികൾക്കും ഓരോ ദിനം മൂല്യം കൂടുകയാണ്.
മുൻകാലങ്ങളേക്കാൾ കറൻസിക്ക് മൂല്യം നേടാമെങ്കിലും നാട്ടിലെ വിലവർധന പ്രവാസികൾക്ക് തിരിച്ചടിയാണ്. പണവിനിമയത്തിൽ ലഭിക്കുന്ന നേട്ടം നിത്യോപയോഗ സാധനങ്ങളുടെയും കെട്ടിട നിർമാണ വസ്തുക്കളുടെയും വിലവർധനയിലൂടെ പഴായിപ്പോകുന്നുവെന്നതാണ് വസ്തുത. ഡോളർ ശക്തിപ്പെടുന്നതും ഓഹരി വിപണിയുടെ മോശം പ്രകടനവും രൂപക്ക് പ്രതികൂലമാവുന്നതാണ് വിനിമയ നിരക്കിന് തിരിച്ചടിയാവാൻ കാരണം. യു.എസിൽ പലിശനിരക്ക് ഉയരുന്നതിനാൽ ഓഹരിവിപണിയിൽനിന്ന് വിദേശനിക്ഷേപ സ്ഥാപനങ്ങളുടെ വൻതോതിലെ പണം പിൻവലിക്കലും രൂപക്ക് തിരിച്ചടിയാവുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.