സിറിയൻ സംഘർഷം അവസാനിപ്പിക്കണമെന്ന് റഷ്യ, തുർക്കിയ, ഇറാൻ
text_fieldsദോഹ: സിറിയയിൽ പ്രസിഡന്റ് ബശ്ശാർ അൽ അസദിന്റെ സർക്കാറിനെ തുരത്തി പ്രതിപക്ഷ സേന നിർണായക മുന്നേറ്റം നടത്തുന്നതിനിടെ സാഹചര്യങ്ങൾ വിലയിരുത്തി റഷ്യ, തുർക്കിയ, ഇറാൻ വിദേശകാര്യ മന്ത്രിമാർ. ഖത്തറിൽ നടന്ന ദോഹ ഫോറത്തിനിടെ യോഗം ചേർന്നതായും സിറിയയിലെ സംഘർഷം അവസാനിപ്പിക്കാനും പ്രതിപക്ഷ പോരാളികളും സർക്കാറും ചർച്ചയുടെ വഴിയേ നീങ്ങണമെന്ന് നിർദേശിച്ചതായും റഷ്യൻ വിദേശകാര്യമന്ത്രി സെർജി ലവ്റോവ് സ്ഥിരീകരിച്ചു. സിറിയയിലെ ആഭ്യന്തര യുദ്ധത്തിന് അറുതിയാക്കാനും സമാധാനം സ്ഥാപിക്കാനും റഷ്യ തുർക്കിയയും ഇറാനുമായി ചേർന്ന് പ്രവർത്തിക്കുന്നതായി വ്യക്തമാക്കിയ ലവ്റോവ് ഐക്യരാഷ്ട്രസഭയുടെ 22454 പ്രമേയം സിറിയൻ സർക്കാറും പ്രതിപക്ഷവും പാലിക്കണമെന്നും നിർദേശിച്ചു.
അതേസമയം, സിറിയയിലെ താർതസ് നാവിക താവളത്തിൽനിന്നും റഷ്യൻ കപ്പൽ പിൻവാങ്ങിയത് മെഡിറ്ററേനിയൻ കടലിലെ നാവിക നീക്കവുമായി ബന്ധപ്പെട്ടാണെന്നും റഷ്യൻ വിദേശകാര്യ മന്ത്രി ദോഹയിൽ പറഞ്ഞു. സിറിയയിലെ ബശ്ശാർ സർക്കാറിന് പിന്തുണയുമായി താർതസിൽ ഒരു അന്തർവാഹിനി ഉൾപ്പെടെ ആറ് റഷ്യൻ കപ്പലുകളായിരുന്നു നിലയുറപ്പിച്ചത്. ഇവയിൽനിന്നും ഏതാനും കപ്പലുകൾ അഞ്ചുദിവസം മുമ്പ് പിൻവാങ്ങിയത് സിറിയൻ സർക്കാറിന്റെ പതനത്തിന്റെ സൂചനയായി അന്താരാഷ്ട്ര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിരുന്നു.
പ്രതിപക്ഷ സേനയുടെ മുന്നേറ്റത്തിനിടെ തുർക്കിയ വിദേശകാര്യമന്ത്രി ഹകാൻ ഫിദാൻ, ഇറാൻ വിദേശകാര്യമന്ത്രി അബ്ബാസ് അർഗാച്ചി എന്നിവരുമായാണ് റഷ്യൻ വിദേശകാര്യമന്ത്രി അടിയന്തര യോഗം ചേർന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.