ഒറ്റപ്പെടലിന് അവസാനം; അവർ ഇനി അമ്മത്തണലിൽ
text_fieldsദോഹ: അന്താരാഷ്ട്ര തലത്തിൽ ഖത്തറിന്റെ നയതന്ത്ര മികവിന്റെ അടയാളമായി വീണ്ടുമൊരു വിജയകരമായ മധ്യസ്ഥ ദൗത്യം. രണ്ടു വർഷത്തിലേറെയായി നീണ്ടുനിൽക്കുന്ന യുദ്ധത്തെ തുടർന്ന് ബന്ധുക്കളിൽ നിന്നും വേർപിരിഞ്ഞ്, ദുരിതമുഖത്തായ യുക്രെയ്നിലെയും റഷ്യയിലെയും കുട്ടികളെ ഖത്തറിന്റെ ഇടപെടലിലൂടെ അവരുടെ കുടുംബങ്ങളിലേക്ക് തിരികെയെത്തിച്ചു. കഴിഞ്ഞ ദിവസം ദോഹയിലെ ഹോട്ടലിലായിരുന്നു റഷ്യ-യുക്രെയ്ൻ അധികൃതർ മുഖാമുഖം ചർച്ചക്കിരുന്ന് വിട്ടുവീഴ്ചയുടെ മാർഗങ്ങൾ സ്വീകരിച്ച് കുട്ടികളെ കൈമാറാൻ സന്നദ്ധത അറിയിച്ചത്. റഷ്യൻ ബാലാവകാശ കമീഷണർ മരിയ എൽവോവ ബെലോവയും, യുക്രെയ്ൻ മനുഷ്യാവകാശ കമീഷണർ ദിമിത്രോ ലുബിനറ്റ്സും പങ്കെടുത്ത ചർച്ചയിൽ 48 കുട്ടികളെയാണ് ബന്ധുക്കൾക്ക് കൈമാറിയത്. 29 യുക്രെയ്ൻ കുട്ടികളെ റഷ്യ കൈമാറിയപ്പോൾ, 19 റഷ്യൻ കുട്ടികളെ യുക്രെയ്നും കൈമാറി. യുദ്ധം ആരംഭിച്ച ശേഷം, ഇരു രാജ്യങ്ങളുടെയും പ്രതിനിധികൾ ആദ്യമായി മുഖാമുഖമിരുന്ന്, പുനഃസമാഗമത്തിന് നേതൃത്വം നൽകിയെന്ന പ്രത്യേകതയുമുണ്ട്.
യുദ്ധത്തിൽ മാതാപിതാക്കളെ നഷ്ടമായവരും, പരിക്കുപറ്റി അംഗഭംഗം സംഭവിച്ചവരും ഉൾപ്പെടെയുള്ള കുട്ടികളും അവരുടെ രക്ഷിതാക്കളുമെല്ലാം ഒത്തുചേർന്ന ദോഹയിലെ ചേഡി ഹോട്ടലായിരുന്നു വൈകാരിക മുഹൂർത്തങ്ങളുടെ വേദിയായത്. പുതുവസ്ത്രങ്ങളണിഞ്ഞ്, പ്രിയപ്പെട്ടവരുടെ കൈപിടിച്ച് കുഞ്ഞുപ്രായക്കാർ മുതൽ 12 വയസ്സുകാർ വരെ എത്തിയപ്പോൾ അവരെ സമ്മാനങ്ങൾ നൽകിയും ഓമനിച്ചും ഖത്തർ വിദേശകാര്യ മന്ത്രാലയത്തിലെ അന്താരാഷ്ട്ര സഹകരണ വിഭാഗം മന്ത്രി ലുൽവ ബിൻത് റാഷിദ് അൽ ഖാതിർ സ്വീകരിച്ചു. മന്ത്രിയുടെ നേതൃത്വത്തിലായിരുന്നു ഇരു രാജ്യങ്ങളുടെയും പ്രതിനിധികൾ പങ്കെടുത്ത മധ്യസ്ഥ ചർച്ച നടന്നത്. അതേസമയം, യുക്രെയ്നിൽനിന്നുള്ള പ്രതിനിധി സംഘത്തോടൊപ്പം 16 കുട്ടികൾ തുടർ ചികിത്സക്കായി ഖത്തറിലുണ്ടെന്ന് പ്രസിഡന്റ് വ്ളാദിമിർ സെലൻസ്കി വ്യക്തമാക്കിയിരുന്നു. റഷ്യയിലേക്ക് നിർബന്ധിതരായി നാടുകടത്തപ്പെട്ടവരായിരുന്നു കുട്ടികൾ. എന്നാൽ, സൗഹൃദ രാഷ്ട്രമായ ഖത്തറിന്റെ മധ്യസ്ഥ ശ്രമങ്ങളിൽ അവരിലധിക പേരെയും മോചിപ്പിക്കാൻ സാധിച്ചുവെന്നും, ഖത്തറിന് നന്ദി അറിയിക്കുന്നുവെന്നും സെലൻസ്കി പറഞ്ഞു. യുക്രെയ്നെ സഹായിച്ച അമീർ ശൈഖ് തമീം ബിൻ ഹമദ് ആൽഥാനിക്കും അദ്ദേഹം നന്ദി അറിയിച്ചു. കുട്ടികൾ അവരുടെ കുടുംബത്തിൽ നിന്നും മാതൃരാജ്യത്തിൽ നിന്നും വേറിട്ട് വളരുന്നത് ഹൃദയഭേദകമാണ്. കുട്ടികളെ വീണ്ടും വീടുകളിലെത്തിക്കാൻ എല്ലാ ശ്രമങ്ങളും നടത്തേണ്ടതുണ്ട്. ഈ ദൗത്യത്തിൽ ഞങ്ങളെ സഹായിക്കുന്നവർക്കെല്ലാം നന്ദി -സെലൻസ്കി പറഞ്ഞു.
2022ൽ റഷ്യൻ അധിനിവേശം ആരംഭിച്ചതിനുശേഷം 19,000 യുക്രെയ്ൻ കുട്ടികളെ റഷ്യ നാടുകടത്തിയെന്നാണ് സെലൻസ്കിയുടെ ആരോപണം. ഇതിൽ 400 കുട്ടികളെ തിരിച്ചെത്തിക്കാൻ സാധിച്ചിട്ടുണ്ടെന്ന് എ.എഫ്.പി റിപ്പോർട്ട് ചെയ്യുന്നു. ശനിയാഴ്ച 37 കുട്ടികളുൾപ്പെടെ 20 റഷ്യൻ, യുക്രെയ്ൻ കുടുംബങ്ങൾ ദോഹയിലെത്തിയിരുന്നു. ചികിത്സയും ഒപ്പം വിനോദ സഞ്ചാരത്തിനും അവസരം നൽകിയ ശേഷം, ഇവർ വരും ദിവസം ജന്മനാടുകളിലേക്ക് മടങ്ങും. കഴിഞ്ഞ വർഷം ജൂണിൽ റഷ്യയും യുക്രെയ്നും സന്ദർശിച്ച ഖത്തർ പ്രധാനമന്ത്രിയും വിദേശകാര്യ മന്ത്രിയുമായ ശൈഖ് മുഹമ്മദ് അബ്ദുറഹ്മാൻ ബിൻ ജാസിം ആൽഥാനിയുടെ ഇടപെടലുകൾക്കു പിന്നാലെയാണ് കുട്ടികളുടെ കൈമാറ്റം സംബന്ധിച്ച ചർച്ചകളാരംഭിച്ചത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.