സ്വരമാധുരിയാൽ ഖത്തറിെനയും വിസ്മയിപ്പിച്ച എസ്.പി.ബി
text_fieldsദോഹ: അതിരുകളില്ലാത്ത സംഗീതലോകത്തിൻെറ ആകാശത്ത് വിരാജിച്ച എസ്.പി.ബാലസുബ്രഹ്മണ്യം തൻെറ സ്വരമാധുരി കൊണ്ട് ഖത്തറിെനയും പലതവണ വിസ്മയിപ്പിച്ചിരുന്നു. 1989ലാണ് അദ്ദേഹം ആദ്യമായി ഖത്തറിൽ സംഗീതപരിപാടിക്കായി എത്തിയത്.
ദോഹ സിനിമയിൽ അന്ന് രണ്ട് ദിവസായി നടന്ന പരിപാടി ഗംഭീര വിജയമായിരുന്നു. ജോൺപനക്കലിൻെറ നേതൃത്വത്തിൽ നടന്ന പരിപാടിക്ക് ടിക്കറ്റ് കിട്ടാതെ നിരവധി പേർ നിരാശരായി മടങ്ങിയിരുന്നുവെന്ന് ഖത്തറിലെ സംഗീതപ്രേമിയും സംഘാടകനുമായ കെ.മുഹമ്മദ് ഈസ പറയുന്നു. അന്ന് ഹോട്ടൽ റമദയിലായിരുന്നു എസ്.പി.ബി താമസിച്ചിരുന്നത്.
ഹോട്ടലിൽ വെച്ച് അദ്ദേഹവുമായി ഇൗസക്ക് സംസാരിക്കാൻ അവസരം കിട്ടിയിരുന്നു. പിന്നീട് തെലുങ്ക് ഭാഷയിലെ മറ്റൊരു പരിപാടിക്കും എസ്.പി.ബി ഖത്തറിൽ വന്നിരുന്നു. എന്നാൽ അത് പൊതുപരിപാടി ആയിരുന്നില്ല. 2011ലാണ് മുഹമ്മദ് ഈസ മുഖ്യസംഘാടകനായി ബാലസുബ്രഹ്മണ്യത്തെ ഖത്തറിൽ കൊണ്ടുവരുന്നത്. ഇന്ത്യൻ എംബസിയുടെ അനുബന്ധ സംഘടനയായ ഐ.സി.ബി.എഫിനായി ഫണ്ട് സ്വരൂപിക്കാനായിരുന്നു അത്.
ഇന്ത്യക്കാർക്കായുള്ള വിവിധ ക്ഷേമപ്രവർത്തനങ്ങൾക്കായി ഫണ്ട് കണ്ടെത്താനായി നടത്തിയ ആ പരിപാടി പ്രതീക്ഷകൾക്കപ്പുറത്തുള്ള വിജയം നേടി. മലയാളത്തിലെ പ്രമുഖ ഗായകരും പങ്കെടുത്തിരുന്നു. തമിഴ്, മലയാളം, ഹിന്ദി ഗാനങ്ങളാൽ സമ്പന്നമായ പരിപാടി ശരിക്കും വിസ്മയിപ്പിക്കുന്നതായിരുന്നു. എളിമയുടെയും വിനയത്തിൻെറയും ആൾരൂപമായിരുന്നു എസ്.പി.ബി എന്ന് ഈസ പറയുന്നു. പരിപാടിക്ക് എത്തുന്നതിന് മുമ്പ് തന്നെ ഖത്തറിൽ ഏത് തരത്തിലുള്ള പാട്ടുകളാണ് വേണ്ടത് എന്ന് അദ്ദേഹം സംഘാടകരോട് അന്വേഷിച്ചിരുന്നു. സംഘാടകർ തെരഞ്ഞെടുത്ത് നൽകിയ പാട്ടുകളടക്കം അദ്ദേഹം പാടി.
'ഒരുവൻ ഒരുവൻ മുതലാളി...', 'പൊത്തി െവച്ച മല്ലിക മൊട്ട്...', 'തേരേ മേരേ ബീച്ച് മേ...' തുടങ്ങിയ പാട്ടുകളാൽ ശ്രോതാക്കളെ ൈകയിലെടുത്തു. 'അഞ്ജലീ അഞ്ജലീ പുഷ്പാഞ്ജലീ...' എന്ന പാട്ട് തമിഴിൽ തുടങ്ങി ഹിന്ദിയിലായിരുന്നു അവസാനിപ്പിച്ചത്. വേദിയൊരുക്കാൻ വരെ തലേ ദിവസം എസ്.പി.ബി നിർദേശങ്ങളുമായി കൂടെയുണ്ടായിരുന്നു. ഖത്തറിലെ തൻെറ സുഹൃത്തുക്കളെ അദ്ദേഹം അങ്ങോട്ട് വിളിച്ച് കൂടിക്കാഴ്ച ഏർപ്പാടാക്കി. ഒരുമിച്ച് ഫോട്ടോയെടുത്ത് എല്ലാവരെയും സന്തോഷിപ്പിച്ചാണ് മടക്കി അയച്ചത്.
രാവിലെ കഴിക്കാൻ എന്താണ് ഏർപ്പാടാക്കേണ്ടതെന്ന സംഘാടകരുടെ ചോദ്യത്തിനും 'രണ്ട് ഇഡലി ഒരു വട' എന്ന് മാത്രമായിരുന്നു മറുപടിയെന്നും ഈസ ഓർക്കുന്നു. നല്ലൊരു എസ്.പി.ബി ആരാധകനായ കെ. മുഹമ്മദ് ഈസ അദ്ദേഹത്തിൻെറ എല്ലാ പാട്ടുകളും കൊതിയോടെ കേൾക്കുകയാണെന്നും. എസ്.പി.ബിയുടെ വിവിധ പാട്ടുകൾ കോർത്തിണക്കിയുള്ള സംഗീത ആൽബം തയാറാക്കി അത് എസ്.പി.ബിയെ കൊണ്ട് തന്നെ പ്രകാശനം ചെയ്യിക്കാനുള്ള ശ്രമത്തിലായിരുന്നു. 14 പാട്ടുകൾ പാടി റെക്കോർഡിങ് അടക്കമുള്ള എല്ലാ ജോലികളും തീർത്തിരുന്നു. എന്നാൽ ആൽബം അദ്ദേഹത്തെ കൊണ്ട് പ്രകാശനം ചെയ്യിക്കണമെന്ന ആഗ്രഹം മാത്രം നടക്കാത്തതായി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.