സബാഹ് അൽ അഹ്മദ് ഇടനാഴി പദ്ധതി ആദ്യഘട്ടം തുറന്നു; പ്രഥമ കേബിൾ പാലവും
text_fieldsദോഹ: അടിസ്ഥാന സൗകര്യമേഖലയിലെ രാജ്യത്തെ നിർണായക പദ്ധതിയായ സബാഹ് അൽ അഹ്മദ് ഇടനാഴി പദ്ധതിയുടെ ആദ്യഘട്ടം പൊതുമരാമത്ത് വകുപ്പ് അശ്ഗാൽ ഗതാഗതത്തിനായി തുറന്നുകൊടുത്തു. ഇതോടെ രാജ്യത്തെ പ്രഥമ കേബിൾ പാലവുമാണ് ഗതാഗതത്തിനായി തുറന്നുകൊടുത്തിരിക്കുന്നത്. വടക്ക് ഉം ലഖ്ബ ഇൻറർചെയ്ഞ്ചിൽനിന്ന് തെക്ക് ബൂ ഹമൂർ പാലം വരെയുള്ള 13 കിലോമീറ്റർ ഭാഗമാണ് പദ്ധതിയുടെ ആദ്യഘട്ടത്തിൽ ഗതാഗതത്തിന് തുറന്നിരിക്കുന്നത്. 2021 ആദ്യപാദത്തിൽ സബാഹ് അൽ അഹ്മദ് ഇടനാഴി പദ്ധതി പൂർത്തിയാകും.
ആദ്യഘട്ടത്തിൽ തുറന്നുകൊടുത്തവയിൽ പുതിയ ഏഴ് പാലങ്ങളും ഉൾപ്പെടും. ഇതോടെ പദ്ധതിയിലെ 32 പാലങ്ങളിൽ ഗതാഗതത്തിന് തുറന്നുകൊടുത്ത പാലങ്ങളുടെ എണ്ണം 21 ആയി. ഇതിൽ ഉം ലഖ്ബ ഇൻറർചെയ്്ഞ്ചിലെ മൂന്നു പാലങ്ങളും അൽ വഅബ് ഇൻറർചെയ്ഞ്ചിലെ മൂന്ന് പാലങ്ങളും ഉൾപ്പെടും. 2.6 കിലോമീറ്റർ നീളമുള്ള ഖത്തറിലെ ഏറ്റവും നീളം കൂടിയ പാലവും പ്രഥമ കേബിൾ പാലവും (1.2 കിലോമീറ്റർ) ആദ്യ ഘട്ടത്തിൽ തുറന്നവയിൽ ഉൾെപ്പടും. അൽ ലഖ്തയെ അൽ ഗറാഫയുമായി നേരിട്ട് ബന്ധിപ്പിക്കുന്ന ലഖ്ത തുരങ്കപാതയും കൂട്ടത്തിലുണ്ട്. പദ്ധതിയുടെ ആദ്യഘട്ടം തുറന്നുകൊടുത്ത ചടങ്ങിൽ അശ്ഗാൽ പ്രോജക്ട്സ് അഫേഴ്സ് മേധാവി യൂസുഫ് അൽ ഇമാദി, ഹൈവേ പ്രോജക്ട് മാനേജർ ബദർ ദർവീശ്, ഗതാഗത ജനറൽ ഡയറക്ടറേറ്റിൽനിന്നുള്ള ക്യാപ്റ്റൻ സഈദ് അബ്ദുല്ല അൽ ഹമദ്, ഗതാഗത വാർത്താവിനിമയ മന്ത്രാലയത്തിൽനിന്നുള്ള ഹമദ് ഈസ, സെൻട്രൽ മുനിസിപ്പൽ കൗൺസിൽ അംഗങ്ങൾ, അശ്ഗാൽ ഉന്നത ഉദ്യോഗസ്ഥർ, എൻജിനീയർ, കോൺട്രാക്ടിങ് കമ്പനി പ്രതിനിധികൾ തുടങ്ങിയവർ പങ്കെടുത്തു. ഉം ലഖ്ബ ഇൻറർചെയ്ഞ്ച് മുതൽ ബു ഹമൂർ വരെയുള്ള സബാഹ് അൽ അഹ്മദ് ഇടനാഴി തുറന്നതോടെ ഗതാഗത സമയം പകുതിയായി കുറയും. ഇരുദിശയിലേക്കും മണിക്കൂറിൽ 8000 വാഹനങ്ങളെ ഉൾക്കൊള്ളാനും പാതക്കാകും. സബാഹ് അൽ അഹ്മദ് ഇടനാഴി ആദ്യഘട്ടം തുറന്നുകൊടുത്തതോടെ ഫെബ്രുവരി 22 പാതയിലെ ഗതാഗതക്കുരുക്കിന് ഏറെ പരിഹാരമാകും. ശമാൽ റോഡിൽനിന്നും ഹമദ് രാജ്യാന്തര വിമാനത്താവളത്തിലേക്കുള്ളവർ ഇനി ഉം ലഖ്ബ ഇൻറർചെയ്ഞ്ച് വഴി സബാഹ് അൽ അഹ്മദ് ഇടനാഴിയിലേക്ക് പ്രവേശിക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.