ഡോ. ഹനാദി അൽ ഹമദിന് സബാഹ് പുരസ്കാരം
text_fieldsഡോ. ഹനാദി അൽ ഹമദ്
ദോഹ: റുമൈല ആശുപത്രി, ഖത്തർ റീഹാബിലിറ്റേഷൻ ഇൻസ്റ്റിറ്റ്യൂട്ട് മെഡിക്കൽ ഡയറക്ടർ ഡോ. ഹനാദി അൽ ഹമദിന് കുവൈത്ത് മുൻ ഭരണാധികാരി ശൈഖ് സബാഹ് അൽ അഹ്മദ് അൽ ജാബിർ അൽ സബാഹിന്‍റെ പേരിലുള്ള ഉന്നത പുരസ്കാരം. വയോജനങ്ങളുടെ ആരോഗ്യ പരിരക്ഷയിലും ആരോഗ്യ ഉയർച്ചയിലുമുള്ള ഗവേഷണത്തിനാണ് ഖത്തർ പൊതുജനാരോഗ്യ മന്ത്രാലയം ഹെൽത്തി ഏജിങ് നാഷനൽ ലീഡ് കൂടിയായ ഡോ. ഹനാദി അൽ ഹമദിന് പുരസ്കാരം ലഭിച്ചിരിക്കുന്നത്. ലോകാരോഗ്യ സംഘടനയുടെ 150ാമത് എക്സിക്യൂട്ടിവ് ബോർഡ് യോഗത്തിലാണ് പുരസ്കാരം നൽകിയത്.
പ്രായമായവരുടെ ആരോഗ്യ പരിരക്ഷയും സംരക്ഷണവും ഉയർത്തിക്കൊണ്ടുവരുന്നതിൽ ഖത്തർ ആരോഗ്യമേഖലയുടെ ശ്രമങ്ങളുടെ ഫലമാണ് ഉന്നതമായ ശൈഖ് സബാഹ് അൽ അഹമ്മദ് അൽ ജാബിർ അൽ സബാഹ് പുരസ്കാരമെന്നും ലോകാരോഗ്യ സംഘടനയുടെ ഏറ്റവും മൂല്യമേറിയ പുരസ്കാരങ്ങളിലൊന്നാണ് ഇതെന്നും നേട്ടത്തിൽ അതിയായ സന്തോഷവും അഭിമാനവുമുണ്ടെന്നും പുരസ്കാരം സ്വീകരിച്ച് ഡോ. ഹനാദി അൽ ഹമദ് പറഞ്ഞു.
രാജ്യത്തെ മുതിർന്ന പൗരന്മാർക്ക് ഏറ്റവും മികച്ച ചികിത്സ ലഭ്യമാക്കുന്നതിൽ ഖത്തർ പ്രതിജ്ഞാബദ്ധമാണ്. ഈ മേഖലയിൽ നിരവധി നേട്ടങ്ങൾ ഖത്തർ ആരോഗ്യമേഖല കൈവരിച്ചിരിക്കുന്നു. മൂന്ന് ഹെൽത്ത് സെൻററുകളിൽ മെമ്മറി ആൻഡ് ജെറിയാട്രിക്സ് വിഭാഗത്തിൽ സ്പെഷലൈസ്ഡ് ക്ലിനിക്കുകൾ ആരംഭിച്ചിട്ടുണ്ട്. എമർജൻസി വിഭാഗങ്ങളിൽ ജെറിയാട്രിക് കൺസൽട്ടൻസി സേവനങ്ങളും വക്റ ആശുപത്രിയിൽ ജെറിയാട്രിക് ക്ലിനിക്കും ആരോഗ്യ വകുപ്പ് ആരംഭിച്ചുകഴിഞ്ഞു -ഡോ. ഹനാദി അൽ ഹമദ് വിശദീകരിച്ചു.
കോവിഡ് കാലത്ത് പ്രായമായവരുടെ ആരോഗ്യപരിരക്ഷ മാത്രം കണക്കിലെടുത്ത് നിരവധി സേവനങ്ങളാണ് ആരംഭിച്ചത്. ഡേ കെയർ യൂനിറ്റ്, അക്യൂട്ട് കെയർ യൂനിറ്റ്, മോണിറ്ററിങ് യൂനിറ്റ്, വെർച്വൽ ക്ലിനിക്കുകൾ, ഫിസിയോ തെറപ്പിക്ക് മാത്രമായുള്ള വെർച്വൽ സേവനങ്ങൾ, പ്രായമായവർക്കും പരിചാരകർക്കുമായി ദേശീയ ഹെൽപ്ലൈൻ, മെഡിസിൻ ഡെലിവറി സേവനം തുടങ്ങിയവ ഇതിൽ പ്രധാനപ്പെട്ടതാണെന്നും അവർ കൂട്ടിച്ചേർത്തു.
വയോജനങ്ങളുടെ ആരോഗ്യ സംരക്ഷണം ഉറപ്പുവരുത്തുന്നതിലും ആരോഗ്യ ചികിത്സാരംഗത്തും മികച്ച പ്രകടനം കാഴ്ചവെക്കുന്നവർക്ക് രണ്ട് വർഷത്തിലൊരിക്കൽ നൽകുന്ന ലോകാരോഗ്യ സംഘടനയുടെ പുരസ്കാരമാണ് ശൈഖ് സബാഹ് അൽ അഹ്മദ് അൽ ജാബിർ അൽ സബാഹ് പുരസ്കാരം.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.