ജലാശയങ്ങൾക്കടുത്ത് കുട്ടികളുടെ സുരക്ഷ ഉറപ്പാക്കണമെന്ന് ഹമദ് മെഡിക്കൽ കോർപറേഷൻ
text_fieldsദോഹ: ജലാശയങ്ങളുമായി ബന്ധപ്പെട്ട അപകടങ്ങളിൽ നിന്നും കുട്ടികൾ സുരക്ഷിതരാണെന്ന് രക്ഷിതാക്കളും കുട്ടികളുടെ കാര്യങ്ങൾ ശ്രദ്ധിക്കുന്നവരും ഉറപ്പുവരുത്തണമെന്ന് ഹമദ് മെഡിക്കൽ കോർപറേഷൻ ആവശ്യപ്പെട്ടു. രാജ്യത്ത് ഇത്തരം കേസുകൾ വർധിച്ചുവരുന്നുവെന്നും കുട്ടികൾ പലപ്പോഴും വെള്ളത്തിൽ മുങ്ങുന്നത് മരണത്തിലേക്കാണ് നയിക്കുകയെന്നും വ്യക്തമാക്കിയ ഹമദ് മെഡിക്കൽ കോർപറേഷൻ നീന്തൽകുളങ്ങൾ, കടൽതീരം, മറ്റു ജലാശയങ്ങൾ, വീട്ടിലെ വെള്ളം കെട്ടിനിർത്തിയ ഭാഗങ്ങൾ എന്നിവകളിൽനിന്ന് കുട്ടികൾ സുരക്ഷിതരാണെന്ന് ഉറപ്പുവരുത്തേണ്ടതുണ്ടെന്നും കൂട്ടിച്ചേർത്തു.
കുട്ടികളുടെ സുരക്ഷ ഉറപ്പുവരുത്തുന്നതിന് ആളുകൾ നിസാര മായി കരുതുന്ന കർശന നിരീക്ഷണവും മേൽനോട്ടവും അനിവാര്യമാണ്. അല്ലാത്തപക്ഷം അത് കുട്ടികളെ അപകടത്തിലേക്ക് നയിക്കും. വെള്ളത്തിൽ മുങ്ങിയാൽ മുതിർന്നവരെ പോലെ കുട്ടികൾക്ക് ശബ്ദമുണ്ടാക്കാൻ സാധിക്കുകയില്ല. അതിനാൽ പ്രത്യേക മേൽനോട്ടം അവരുടെ മേലുണ്ടാകണം ^ ഹമദ് മെഡിക്കൽ കോർപറേഷനിലെ കുല്ലുനാ ഫോർ ഹെൽത്ത് ആൻഡ് സേഫ്റ്റി കാമ്പയിൻ ചെയർമാൻ ഡോ. ഖാലിദ് അബ്ദുൽനൂർ സൈഫുൽദീൻ പറഞ്ഞു.
കുട്ടികളുടെ മുങ്ങിമരണം വർഷാവർഷം കൂടി വരികയാണെന്നും പത്ത് വയസ്സു വരെയുള്ള കുട്ടികളുടെ മരണനിരക്ക് നോക്കുകയാണെങ്കിൽ അതിൽ 70 ശതമാനവും നാല് വയസ്സ് വരെയുള്ള കുഞ്ഞുങ്ങളാണെന്നും ഇവരിൽ കൂടുതലും വീടുകളിലെ സ്വകാര്യ സ്വിമ്മിംഗ് പൂളുകളിലും ബാത്ത് ടബ്ബുകളിലും വീണാണ് മരിക്കുന്നതെന്നും സൈഫുൽദീൻ ചൂണ്ടിക്കാട്ടി. കടലിൽ മുങ്ങി മരിക്കുന്നത് കുറവല്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. രക്ഷിതാക്കളുടെയോ കുട്ടികളുടെ ഉത്തരവാദിത്തം ഏൽപ്പിക്കപ്പെട്ടവരുടെയോ സാന്നിധ്യം ഇല്ലാത്ത സമയത്താണ് അപകടം ഏറെയെന്നും കുട്ടികൾക്ക് നീന്താനറിയുമെങ്കിലും അവർ ലൈഫ് ജാക്കറ്റ് അണിഞ്ഞാലും അവരെ ഒറ്റക്ക് വെള്ളത്തിനടുത്തേക്ക് വിടരുതെന്നും അദ്ദേഹം രക്ഷിതാക്കളോട് ഓർമിപ്പിച്ചു.
ബാത്ത്റൂമുകളുടെതും പൂളുകളുടെയും ബക്കറ്റുകളുടെയും വാതിലുകളും അടപ്പുകളും ഉപയോഗം കഴിഞ്ഞ ശേഷം അടക്കണമെന്നും കേവലം ബാരിയർ കൊണ്ട് സുരക്ഷ ഉറപ്പുവരുത്താമെന്ന് കരുതരുതെന്നും അപകടത്തിൽ പെട്ടാൽ എത്രയും പെട്ടെന്ന് എത്താൻ കഴിയും വിധത്തിലും അവരുടെ ശബ്ദം കേൾക്കാവുന്ന അകലത്തിലും വേണം കുട്ടികളെ നിരീക്ഷിക്കാനെന്നും അദ്ദേഹം പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.