നിര്‍ധനരായ രോഗികള്‍ക്ക് സേവനം നൽകാൻ ‘സഹായി’ കോഴിക്കോട് മെഡിക്കല്‍ സെൻറര്‍ സ്ഥാപിക്കും
text_fieldsദോഹ: പ്രതിദിനം 60 നിര്‍ധന രോഗികള്‍ക്ക് ഡയാലിസിസ് സേവനവും അനുബന്ധ സഹായങ്ങളുമൊരുക്കി കോഴിക്കോട് ജില്ലയില്‍ വിപുലമായ മെഡിക്കല്‍ സെൻറര്‍ സ്ഥാപിക്കുമെന്ന് കോഴിക്കോട് മെഡിക്കല്‍ കോളജ് കേന്ദ്രീകരിച്ച് ആതുര സേവന രംഗത്തു പ്രവര്‍ത്തിക്കുന്ന സഹായി വാദിസ്സലാം ഭാരവാഹികളായ സയ്യിദ് മുഹമ്മദ് തുറാബ് തങ്ങള്‍, കെ എ നാസര്‍ ചെറുവാടി എന്നിവര്‍ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.
വൃക്ക രോഗികളുടെ എണ്ണം വര്‍ധിച്ചു വരുന്ന സാഹചര്യത്തില്‍ കൂടുതൽ പേർക്ക് സൗകര്യമൊരുക്കുക ലക്ഷ്യം വെച്ചുള്ള മെഡിക്കല്‍ സെൻറര്‍ നിര്‍മാണം തുടങ്ങി.നെഫ്രോളജി ക്ലിനിക്, എമര്‍ജന്‍സി മെഡിസിന്‍, ലബോറട്ടറി ടെക്നിഷ്യന്‍, ഡയാലിസിസ് ടെക്നിഷ്യന്‍, നഴ്സിംഗ് അസിസ്റ്റൻറ് തുടങ്ങിയ സേവനങ്ങളും ലഭ്യമാക്കുമെന്നും ഭാരവാഹികൾ പറഞ്ഞു.. അഞ്ച് കോടി രൂപ ചെലവു വരുന്ന പദ്ധതി ഡിസംബറില്‍ പൂര്‍ത്തീകരിക്കാന്‍ ഉദ്ദേശിക്കുന്നു. മെഡിക്കല്‍ കോളജിനു സമീപം പ്രവര്‍ത്തിക്കുന്ന സഹായി വാദിസ്സലാം ആസ്ഥാനം കേന്ദ്രീകരിച്ച് സൗജന്യ മരുന്നു വിതരണം, രോഗികളും സഹായികളുമായ 600 പേര്‍ക്ക് പ്രതിദിനം ഭക്ഷണം, മെഡിക്കല്‍ കോളജില്‍ നിത്യവും നാലു വളണ്ടിയര്‍മാരുടെ സേവനം, സൗജന്യ ആംബുലന്‍സ്, രക്തദാനം, മയ്യിത്ത് പരിപാലനം തുടങ്ങിയ സേവനങ്ങള്‍ നല്‍കി വരുന്നു.
മെഡിക്കല്‍ കോളജില്‍ കുടിവെള്ളം ലഭ്യമാക്കുന്നതിനുള്ള വാട്ടര്‍ പ്യൂരിഫറുകള്‍ സ്ഥാപിച്ചു നല്‍കി. അത്യാഹിത രോഗികള്‍ക്കായി 10 വെൻറിലേറ്ററുകള്‍ വാങ്ങി നല്‍കുന്നതിനുള്ള പരിശ്രമത്തിലാണ്. വാര്‍ഡുകള്‍ നവീകരിച്ചു നല്‍കുന്നതിനൊപ്പം റമസാനില്‍ രോഗികള്‍ക്കും ആശുപത്രിയിലെത്തുന്നവര്‍ക്കും മെഡിക്കല്‍ സ്റ്റുഡന്സിനുമായി നിത്യവും 1500 പേര്‍ക്ക് ഇഫ്താര്‍ സൗകര്യവും ഒരുക്കുന്നു. എസ് വൈ എസ് സംസ്ഥാനവ്യാപാകമായി നടപ്പിലാക്കുന്ന സാന്ത്വനം പദ്ധതിയുടെ ഭാഗമായി പ്രവര്‍ത്തിക്കുന്ന സന്നദ്ധ സംരംഭമാണ് സഹായി വാദിസ്സലാം. സഹായി വാദിസ്സലാം ഖത്തര്‍ ചാപ്റ്റര്‍, നസീം അല്‍ റബീഹ് മെഡിക്കല്‍ സെന്ററുമായി സഹകരിച്ച് നടത്തുന്നെ സൗജന്യ മെഡിക്കല്‍ ക്യാംപ് വെള്ളിയാഴ്ച രാവിലെ എട്ടു മുതല്‍ നടക്കും. ആരോഗ്യ പരിശോധനയും ബോധവത്കരണവും നടക്കും. സാമൂഹിക സേവന രംഗത്തെ പ്രമുഖര്‍ സംബന്ധിക്കും. മെഡിക്കല്‍ ക്യാംപില്‍ പങ്കെടുന്നതിന് 55430331, 31018797 നമ്പറുകളില്‍ വിളിക്കണമെന്നും സംഘാടകർ അറിയിച്ചു.
മെഡിക്കല്‍ കോളേജ്, ലപ്രസി ഹോസ്പിറ്റല്‍, ജില്ലാ ഹോസ്പിറ്റല്‍ വടകര, കുറ്റ്യാടി, താമരശ്ശേരി താലൂക്ക് ഹോസ്പിറ്റലുകള്‍ എന്നിവിടങ്ങളില്‍ വാര്‍ഡുകള്‍ നവീകരിച്ചു സമര്‍പ്പിച്ചതായും ഭാരവാഹികള്‍ പറഞ്ഞു. സഹായി ട്രഷറര്‍ സിദ്ദീഖ് ഹാജി, അസീസ് സഖാഫി പൊലൊളി, അശ്റഫ് സഖാഫി മായനാട്, ടെ സി ഇസ്മാഈല്‍ എന്നിവരും വാര്‍ത്താ സമ്മേളനത്തില്‍ സംബന്ധിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.