മകനെ അവസാനമായി കാണാൻ നിറകണ്ണുകളോടെ സലീം നാട്ടിലേക്ക്
text_fieldsദോഹ: മകന്‍റെ വേർപാടിന്‍റെ വേദനക്കിടയിൽ മണിക്കൂറുകൾ നീണ്ട അനിശ്ചിതത്വവും കടന്ന് വയനാട് ബത്തേരി സ്വദേശിയും ഖത്തറിൽ ഡ്രൈവറുമായ സലീം നാട്ടിലേക്ക് മടങ്ങി. ശനിയാഴ്ച രാവിലെയായിരുന്നു മകൻ ഇമ്രാൻ നസീർ (22) കോഴിക്കോട് കുറ്റിച്ചിറയിൽ മുങ്ങിമരിച്ചത്. മരണ വിവരമെത്തുമ്പോൾ താമസസ്ഥലത്ത് തനിച്ചായിരുന്നു സലീം. സ്പോൺസർ കുടുംബസമേതം ജർമൻയാത്രയിലായതിനാൽ പാസ്പോർട്ടും കൈവശമില്ല. നേരത്തേ ഖത്തർ പ്രവാസിയായിരുന്ന ഇദ്ദേഹം ഏതാനും വർഷങ്ങൾക്കുശേഷം വീണ്ടും ജൂൺ 19നായിരുന്നു വീട്ടു ഡ്രൈവറായി ജോലിയിലെത്തുന്നത്. തൊട്ടടുത്ത ദിവസം തന്നെ സ്പോൺസർ ജർമനിയിലേക്ക് പോയി.
പാസ്പോർട്ടാവട്ടെ വിസ നടപടി ക്രമങ്ങൾക്കായി സ്പോൺസറുടെ വീട്ടിലുമായിരുന്നു. ഇതിനിടയിലാണ് ശനിയാഴ്ച പുലർച്ചെ മകന്‍റെ മരണവിവരമെത്തുന്നത്. പക്ഷേ, നാട്ടിലേക്ക് മടങ്ങാൻ കൈയിൽ പാസ്പോർട്ടില്ലാത്ത അവസ്ഥ. കൾച്ചറൽ ഫോറം വയനാട് ജില്ല പ്രവർത്തകർ ഇടപെട്ട് ജർമനിയിലുള്ള സ്പോൺസറുമായി ആശയവിനിമയം നടത്തി. മണിക്കൂറുകൾ നീണ്ട ശ്രമത്തിനൊടുവിൽ സ്പോൺസറുടെ ഖത്തറിലുള്ള ഭാര്യാപിതാവിന്‍റെ സഹായത്തോടെ വീട്ടിൽനിന്നും പാസ്പോർട്ട് എത്തിച്ച് സലീമിന് മകനെ അവസാനമായി ഒരുനോക്കുകാണാനുള്ള യാത്രക്ക് അവസരമൊരുക്കി. കൾച്ചറൽ ഫോറം പ്രവർത്തകർ നൽകിയ ടിക്കറ്റിൽ വൈകുന്നേരത്തോടെ തന്നെ നാട്ടിലേക്ക് മടങ്ങുകയായിരുന്നു.
കൾച്ചറൽ ഫോറം വൈസ് പ്രസിഡന്‍റ് മുഹമ്മദ് കുഞ്ഞി, സി.ഐ.സി വക്റ സോൺ പ്രസിഡന്റ് മുസ്തഫ വെട്ടത്തൂർ, കൾച്ചറൽ ഫോറം മുൻ വയനാട് ജില്ല പ്രസിഡന്റ് അബ്ദുസ്സമദ്, അബ്ദു, വയനാട് ജില്ല സെക്രട്ടറി സമീർ അകരത്ത് എന്നിവർ സലീമിന്‍റെ യാത്രക്ക് വഴിയൊരുക്കി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.