നിർമിത ബുദ്ധിയുടെ സാധ്യതകളിലേക്ക് വെളിച്ചം വീശി സാം ആൾട്ട്മാൻ
text_fieldsഖത്തർ ഫൗണ്ടേഷൻ എജുക്കേഷൻ സിറ്റി സ്പീക്കർ സീരീസിൽ ഓപൺ എ.ഐ സി.ഇ.ഒ സാം ആൾട്ട്മാൻ സംസാരിക്കുന്നു
ദോഹ: ചാറ്റ് ജി.പി.ടിയുടെ ലോകമാണിത്. ഓഫിസിലും സ്കൂളുകളിലും തുടങ്ങി വീട്ടിലും സമൂഹ മാധ്യമങ്ങളിലുമെല്ലാം ചാറ്റ് ജി.പി.ടിയും നിർമിത ബുദ്ധിയുമായി ചർച്ച നടക്കുമ്പോൾ കഥാനായകൻ കഴിഞ്ഞ ദിവസം ഖത്തറിൽ അതിഥിയായെത്തി.
ഖത്തർ ഫൗണ്ടേഷന്റെ എജുക്കേഷൻ സിറ്റി സ്പീക്കർ സീരീസിൽ പങ്കെടുക്കാനായിരുന്നു ഓപൺ എ.ഐ സി.ഇ.ഒ സാം ആൾട്ട്മാന്റെ വരവ്. നിർമിത ബുദ്ധിയുടെ അനന്തസാധ്യതകൾ പൊതുസദസ്സിന് മുന്നിൽ അവതരിപ്പിച്ച സാം ആൾട്ട്മാൻ, കാലാവസ്ഥ വ്യതിയാനം, ആരോഗ്യം, വിദ്യാഭ്യാസം തുടങ്ങി വിവിധ മേഖലകളിൽ ലോകത്ത് വലിയ പോസിറ്റിവുകൾ സൃഷ്ടിക്കാൻ സാധിക്കുമെന്ന് പറഞ്ഞു. ഖത്തർ ഫൗണ്ടേഷൻ വൈസ് ചെയർപേഴ്സനും സി.ഇ.ഒയുമായ ശൈഖ ഹിന്ദ് ബിൻത് ഹമദ് ആൽഥാനിയും ആൾട്ട്മാന്റെ സംസാരം കേൾക്കാനെത്തിയിരുന്നു.
വിദ്യാഭ്യാസം, ആരോഗ്യം, കാലാവസ്ഥ വ്യതിയാനം തുടങ്ങിയവയുൾപ്പെടെ സമൂഹം അഭിമുഖീകരിക്കുന്ന ഏറ്റവും വലിയ പ്രശ്നങ്ങൾ പരിഹരിക്കാൻ കഴിയും വിധത്തിലുള്ള ശക്തമായ സംവിധാനമായിരിക്കും നിർമിതബുദ്ധിയെന്നും ഓപൺ എ.ഐ സി.ഇ.ഒ സാം ആൾട്ട്മാൻ കൂട്ടിച്ചേർത്തു. ലോകത്ത് ഇതിനകം തന്നെ പ്രസിദ്ധിയാർജിച്ച ചാറ്റ് ജി.പി.ടിയുടെ നിർമാതാക്കളാണ് ഓപൺ എ.ഐ.
വിദ്യാഭ്യാസരംഗത്ത് നിർമിതബുദ്ധിയുടെ പങ്കും അതിന്റെ അപകടസാധ്യതകളും വിശദീകരിച്ച അദ്ദേഹം, വികസ്വര, വികസിത രാജ്യങ്ങൾക്കിടയിലെ നിർമിതബുദ്ധി സാങ്കേതികവിദ്യയുടെ അസമത്വവും ചൂണ്ടിക്കാട്ടി.
സാങ്കേതികവിദ്യയിലൂടെ ലോകത്ത് വലിയ മാറ്റങ്ങൾ കൊണ്ടുവരാൻ സാധിക്കും. എന്നാൽ, നിർമിതബുദ്ധി സംബന്ധിച്ച് പറയാൻ ആഗ്രഹിക്കുന്നത്, നാം ഇപ്പോഴും അതിന്റെ തുടക്കത്തിൽ തന്നെയാണ്. കൂടുതൽ സാങ്കേതികവിദ്യകളും സംവിധാനങ്ങളും ഉപയോഗിച്ച് നമുക്ക് വളരെയധികം മുന്നേറാൻ കഴിയും. വർഷങ്ങൾ കഴിയുമ്പോൾ ഇപ്പോൾ സംഭവിക്കുന്നതെല്ലാം തികച്ചും അത്ഭുതമായി നമുക്ക് അനുഭവപ്പെടും -അദ്ദേഹം പറഞ്ഞു.
‘ഭാവി പ്രവചിക്കാനാവില്ല’
നിർമിത ബുദ്ധിയുടെ ഭാവി പ്രവചിക്കുകയെന്നത് വളരെ ബുദ്ധിമുട്ടേറിയ കാര്യമാണെന്ന് ആൾട്ട്മാൻ വ്യക്തമാക്കി. നിർമിത ബുദ്ധിയുടെ ഭാവി പ്രവചിക്കുന്ന ആരെയും വിശ്വസിക്കരുതെന്നും അദ്ദേഹം സദസ്സിനോട് പറഞ്ഞു. ഖത്തർ ഫൗണ്ടേഷൻ ഗ്ലോബൽ എജുക്കേഷൻ തിങ്ക്ടാങ്കായ വൈസ്(ഡബ്ല്യു.ഐ.എസ്.ഇ) പോളിസി ഡെവലപ്മെന്റ് ആൻഡ് പാർട്ണർഷിപ് വിഭാഗം മേധാവി ഇല്യാസ് ഫെൽഫൗൽ മോഡറേറ്ററായ സെഷനിൽ, ഖത്തറിലെ കമ്യൂണിറ്റി അംഗങ്ങൾക്ക് ആൾട്ട്മാനുമായി സംവദിക്കാനുള്ള അവസരവും നൽകിയിരുന്നു.
‘‘നാം ഈ ലോകത്ത് സൃഷ്ടിക്കാത്ത വിധത്തിലുള്ള ചരിത്രത്തിലൂടെയായിരിക്കും അടുത്ത ദശകത്തിൽ ജീവിക്കാൻ പോകുന്നത്. സാമൂഹിക-സാമ്പത്തിക ഉടമ്പടികളെല്ലാം വലിയ മാറ്റങ്ങൾക്ക് വിധേയമാകും. ഭയം നമുക്കെല്ലാവർക്കുമുണ്ട്. പക്ഷേ, നല്ലത് എങ്ങനെ ചെയ്യണമെന്ന് കണ്ടെത്തേണ്ടത് നമ്മൾ തന്നെയാണ്.
നിർമിതബുദ്ധി സാങ്കേതിക വിദ്യയുടെ സഹായത്തോടെ ഒരു സാമ്പത്തികാഘാതം ഉണ്ടാകാൻ പോവുകയാണ്. അത് ഒഴിച്ചുകൂടാനാവാത്തതാണ്. കാലക്രമേണ നിർമിത ബുദ്ധിയിലൂടെ കൂടുതൽ ജോലികൾ മനുഷ്യരിൽനിന്നും നഷ്ടപ്പെടാൻ സാധ്യതയുണ്ട്.
ഒട്ടുമിക്ക തലങ്ങളിലും മനുഷ്യൻ ഉയർന്ന ഗുണനിലവാരത്തിൽ പ്രവർത്തിക്കുമെന്ന് എനിക്ക് ഉറപ്പുണ്ട്. ഞങ്ങൾ ഇത് മുൻ സാങ്കേതികവിദ്യ ഉപയോഗിച്ച് കണ്ടെത്തിയതാണ്, കമ്പ്യൂട്ടർ ഒരു ഉദാഹരണമായി എടുക്കാം. ആളുകൾ കൂടുതൽ കൂടുതൽ മികച്ചതാക്കാൻ പ്രയത്നിക്കുന്നതായി കാണപ്പെടുന്നു. നിർമിത ബുദ്ധിയിലും അതാണ് സംഭവിക്കുകയെന്ന് പ്രതീക്ഷിക്കുന്നു’’. - ആൾട്ട്മാൻ വിശദീകരിച്ചു.
സ്പീക്കർ സീരീസിന്റെ ഭാഗമായി എജുക്കേഷൻ സിറ്റിയിലെത്തിയ സാം ആൾട്ട്മാൻ, ഹമദ് ബിൻ ഖലീഫ യൂനിവേഴ്സിറ്റിയുടെ ഭാഗമായ ഖത്തർ കമ്പ്യൂട്ടിങ് ഇൻസ്റ്റിറ്റ്യൂട്ടും സന്ദർശിച്ചു. പ്രാദേശിക, അന്തർദേശീയ ചിന്തകന്മാരെയും വിദഗ്ധരെയും കേൾക്കാനും അവരുമായി സംവദിക്കാനും പൊതുജനങ്ങൾക്ക് അവസരമൊരുക്കുന്ന ഖത്തർ ഫൗണ്ടേഷൻ പ്ലാറ്റ്ഫോമാണ് എജുക്കേഷൻ സിറ്റി സ്പീക്കർ സീരീസ്.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.