കവിതയുടെ കുളിർമഴയായി ആർദ്ര നിലാവ് സീസൺ ആറിൽ വിസ്മയ ബിജുകുമാർ ജേതാവ്
text_fieldsദോഹ: ഖത്തറിലെ കവിതാലാപന പ്രേമികളുടെ റിയാലിറ്റി ഷോയായ സംസ്കൃതി ഖത്തർ ആർദ്ര നിലാവ് സീസൺ ആറിൽ വിസ്മയ ബിജുകുമാർ ജേതാവായി. ഒ.എൻ.വിയുടെ ‘കേശമിതു കണ്ടുവോ കേശവാ’ എന്ന കവിതയാണ് വിസ്മയ ഫൈനലിൽ ആലപിച്ചത്. കാവ്യാലാപനത്തിന്റെ ലാവണ്യം നിറഞ്ഞു നിന്ന ഫൈനൽ മത്സരത്തിൽ ഷാനിബ് ഷംസുദ്ദീൻ രണ്ടാം സ്ഥാനവും, നെജ മെഹദിൻ നാസർ മൂന്നാം സ്ഥാനവും കരസ്ഥമാക്കി. പ്രമുഖ സംവിധായകനും, നടനും, തിരക്കഥാകൃത്തും, സാംസ്കാരിക പ്രവർത്തകനുമായ മധുപാൽ വിജയികൾക്കുള്ള സമ്മാനദാനം നിർവഹിച്ചു.
ദോഹയിലെ സാവിത്രിബായ് ഫുലെ പുണെ യൂനിവേഴ്സിറ്റി ഹാളിൽ നടന്ന ഗ്രാൻഡ് ഫിനാലെയിൽ വിജയികളെ കൂടാതെ, നിവേദ്യ സുധീർ, സുധി പാലായി, അലോക് പ്രേംനാഥ് എന്നീ മത്സരാർഥികളാണ് ഉണ്ടായിരുന്നത്. പ്രതാപൻ (ഓടക്കുഴൽ), ഡാനി (കീബോർഡ്), സന്തോഷ് (റിഥം പാഡ്) എന്നിവർ വാദ്യോപകരണങ്ങൾ കൈകാര്യം ചെയ്തു. ദോഹയിലെ കലാസാഹിത്യമണ്ഡലങ്ങളിൽ പ്രമുഖരായ റെഷി പനച്ചിക്കൽ, ഷിജു ആർ. കാനായി, ദേവാനന്ദ് കൂടത്തിങ്കൽ എന്നിവർ വിധികർത്താക്കളായി. കൺവീനർ സന്തോഷ് ഒ.കെ സംസാരിച്ചു. സംസ്കൃതി ദോഹ സെൻറർ യൂനിറ്റ് സെക്രട്ടറി ജിജേഷ് കൊടക്കൽ നന്ദി പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.