സംസ്കൃതി ഖത്തർ സി.വി. ശ്രീരാമൻ സാഹിത്യ പുരസ്കാരം സമ്മാനിച്ചു
text_fieldsദോഹ: സംസ്കൃതി ഖത്തർ സി.വി. ശ്രീരാമൻ സാഹിത്യ പുരസ്കാരം ചൈനയിൽ പ്രവാസിയായ മലപ്പുറം വാഴക്കാട് സ്വദേശി ഫർസാനക്ക് സമ്മാനിച്ചു. ദോഹയിലെ സാവിത്രിബായ് ഫുലെ പുണെ യൂനിവേഴ്സിറ്റി ഹാളിൽ നടന്ന ചടങ്ങിൽ പ്രശസ്ത സംവിധായകനും, നടനും, തിരക്കഥാകൃത്തും, സാംസ്കാരിക പ്രവർത്തകനുമായ മധുപാലാണ് അവാർഡും പ്രശസ്തിപത്രവും സമ്മാനിച്ചത്.
സി.വി. ശ്രീരാമന്റെ എക്കാലവും പ്രസക്തമായ കഥകളുടെ അതേ വഴിയിലൂടെയുള്ള കഥയാണ് ഫർസാനയുടെ സമ്മാനർഹമായ ‘ഇസ്തിഗ്ഫാർ’ എന്ന ചെറുകഥയെന്ന് സി.വി. ശ്രീരാമൻ അനുസ്മരണ പ്രസംഗത്തിൽ മധുപാൽ പറഞ്ഞു.സംസ്കൃതി പ്രസിഡന്റ് സാബിത്ത് സഹീർ അധ്യക്ഷത വഹിച്ചു. സാഹിത്യ പുരസ്കാര സമിതി കൺവീനർ ശ്രീനാഥ് ശങ്കരൻകുട്ടി പുരസ്കാരത്തിന്റെ നാൾ വഴികളും പുരസ്കാര നിർണയരീതികളും വിശദമാക്കി.
ജപ്പാൻ, ചൈന, ആസ്ട്രേലിയ, ന്യൂസിലൻഡ്, ഫിലിപ്പീൻസ്, കാനഡ, അമേരിക്ക, വിവിധ യൂറോപ്യൻ രാജ്യങ്ങൾ, ഗൾഫ്നാടുകൾ എന്നിവിടങ്ങളിലെ മലയാളി എഴുത്തുകാരിൽനിന്ന് ലഭിച്ച 70ലധികം ചെറുകഥകളാണ് ഈ വർഷം പുരസ്കാരത്തിനായി മത്സരിച്ചത്. പ്രശസ്ത കവിയും നോവലിസ്റ്റും ഈ വർഷത്തെ സരസ്വതി സമ്മാൻ ജേതാവുമായ പ്രഭാവർമ ചെയർമാനും ചെറുകഥാകൃത്തുക്കളായ വി. ഷിനിലാലും എസ്. സിത്താരയും അംഗങ്ങളായിട്ടുള്ള സമിതിയാണ് പുരസ്കാരം നിർണയിച്ചത്.
കേരള പ്രവാസി ക്ഷേമബോർഡ് ഡയറക്ടർ ഇ.എം. സുധീർ ആശംസകൾ അർപ്പിച്ചു. പുരസ്കാര ജേത്രി ഫർസാന മറുപടി പ്രസംഗം നടത്തി. സംസ്കൃതി ജനറൽ സെക്രട്ടറി ഷംസീർ അരികുളം സ്വാഗതവും ജിജേഷ് കൊടക്കൽ നന്ദിയും പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.