ലോകകപ്പിനുള്ള കാൽനടയാത്രക്കിടെ അപ്രത്യക്ഷനായ സാന്‍റിയാഗോ സാഞ്ചസ് ഇറാൻ കസ്റ്റഡിയിലെന്ന് റിപ്പോർട്ട്
text_fieldsദോഹ: ലോകകപ്പിനായി സ്‍പെയിനിലെ മഡ്രിഡിൽ നിന്നും ഖത്തറിലേക്കുള്ള കാൽനട യാത്രക്കിടയിൽ കാണാതായ സാന്റിയാഗോ സാഞ്ചസ് ഇറാനിൽ അറസ്റ്റിലായതായി റിപ്പോർട്ട്. ഒക്ടേബാർ ഒന്ന് മുതൽ സാമൂഹിക മാധ്യമങ്ങളിൽ നിന്നും അപ്രത്യക്ഷനായ സാഞ്ചസിനെ അതിർത്തി പ്രദേശമായ സാഖസിൽ നിന്നും ഇറാൻ രഹസ്യാന്വേഷണ വിഭാഗം അറസ്റ്റു ചെയ്തതായി മനുഷ്യാവകാശ സംഘടനകളെ ഉദ്ധരിച്ച് വിവിധ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. അടുത്തിടെ ഇറാൻ മതകാര്യ പൊലീസ് കസ്റ്റഡിയിൽ മരിച്ച കുർദ് യുവതി മഹ്സ അമിനിയുടെ ജന്മനാട് കൂടിയാണ് സാഖസ. പ്രദേശത്തെതിയ സാന്റിയാഗോ സാഞ്ചസ് മഹ്സ അമിനിയെ സംസ്കരിച്ച സ്ഥലം സന്ദർശിച്ചതിനു പിന്നാലെയാണ് അറസ്റ്റെന്നാണ് റിപ്പോർട്ട്. സഹായിയായ ദ്വിഭാഷിയും അറസ്റ്റിലായതായി കൂർദ് മനുഷ്യാവകാശ സംഘടനകൾ റിപ്പോർട്ട് ചെയ്തു. വിവിധ യൂറോപ്യൻ മാധ്യമങ്ങളും ഇക്കാര്യം സ്ഥിരീകരിച്ചു. മൂന്നാഴ്ചയായി തെഹ്റാനിലെ ജയിലിലാണുള്ളതെന്നാണ് റിപ്പോർട്ട്. എന്നാൽ, സ്പാനിഷ് വിദേശകാര്യ മന്ത്രാലയമോ, തെഹ്റാനിലെ എംബസിയോ പ്രതികരിച്ചിട്ടില്ല.
കഴിഞ്ഞ ജനുവരിയിൽ മഡ്രിഡിൽ നിന്നും കാൽനടയായി ഖത്തറിലേക്ക് പുറപ്പെട്ട സാന്റിയാഗോ സാഞ്ചസിനെ ഇറാഖ് അതിർത്തി കടന്നതിനു പിന്നാലെയാണ് അപ്രത്യക്ഷമായത്. 15 രാജ്യങ്ങളും ഏഴായിരം കിലോമീറ്ററും കടന്ന് നവംബർ രണ്ടാം വാരത്തിൽ ഖത്തറിലെത്തുമെന്നായിരുന്നു കണക്കുകൂട്ടൽ. തന്റെ ഇൻസ്റ്റഗ്രാം അക്കൗണ്ട് വഴി യാത്രാ വിവരങ്ങൾ പങ്കുവെച്ച സാഞ്ചസ്, പക്ഷേ ഒക്ടോബർ ഒന്ന് മുതൽ സാമൂഹിക മാധ്യമങ്ങളിൽ നിന്നും അപ്രത്യക്ഷമായി. ദിവസങ്ങൾ കഴിഞ്ഞിട്ടും ബന്ധമൊന്നുമില്ലാതായതോടെയാണ് ബന്ധുക്കളും സുഹൃത്തുക്കളും സാമൂഹിക മാധ്യമ ആരാധകരും അന്വേഷണവുമായി ഇറങ്ങിയത്. ഇറാനിലെ അതിർത്തി ഗ്രാമങ്ങളിലെ ഇന്റർനെറ്റ് പ്രശ്നങ്ങളാവാം ആശയവിനിമയത്തിന് തടസ്സമായതെന്നായിരുന്നു ആദ്യ സംശയങ്ങൾ. അതിനിടയിലാണ് അറസ്റ്റ് സംബന്ധിച്ച വിവരങ്ങൾ പുറത്തുവരുന്നത്.
സ്‍പെയിനിൽ തുടങ്ങി, ഫ്രാൻസ്, ഇറ്റലി, അൽബേനിയ, ഗ്രീസ്, തുർക്കി വഴി ഇറാഖിലെത്തിയ സാന്റിയാഗോ ഇറാൻ അതിർത്തിക്ക് അരികിൽ നിന്നാണ് അവസാന സന്ദേശം പങ്കുവെച്ചത്. വടക്കൻ ഇറാഖിലെ അതിർത്തി നഗരത്തിൽ നിന്നും ഇറാനിലേക്ക് കടക്കുന്നതിന്റെ സന്തോഷം അറിയിച്ചുകൊണ്ടായിരുന്നു അവസാന ഇൻസ്റ്റഗ്രാം സന്ദേശം. ഇറാനിലെ കുർദിസ്ഥാൻ മേഖലയിലേക്കായിരുന്നു അടുത്ത ദിവസം പ്രവേശിക്കാനിരുന്നത്. എന്നാൽ, പിന്നീട് വിവരങ്ങളൊന്നുമില്ലാതായി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.