സർഫറാസിയും പ്രവാസിയും
text_fieldsവായ്പയെടുക്കൽ പ്രവാസികൾക്കിടയിൽ സർവസാധാരണമായൊരു നടപടിയാണ്. വീട്, വാഹനം, വിദ്യാഭ്യാസം തുടങ്ങി പല കാര്യങ്ങൾക്കും ബാങ്ക് വായ്പയെ ആശ്രയിക്കുന്നവരാണ് പ്രവാസികൾ. വിദേശങ്ങളിൽ നിന്ന് ജോലി നഷ്ടം, വരുമാന നഷ്ടം തുടങ്ങിയ വിവിധ കാരണങ്ങളാൽ വായ്പ തിരിച്ചടക്കാനാവാതെ പ്രയാസപ്പെടുന്നതും ഏറിവരുന്നു.
വായ്പയെടുത്തവരിൽ ഗഡുക്കൾ അടക്കാൻ സാധിക്കാത്തവരിൽ നിന്ന് മുഴുവൻ വായ്പ തുകയും വിവിധ പലിശകളും ചിലവുകളും ഈടാക്കാൻ ധനകാര്യ സ്ഥാപനങ്ങൾക്ക് ജപ്തിയിലൂടെയും മറ്റും കോടതിയുടെ ഇടപെടൽ കൂടാതെ എളുപ്പത്തിൽ ഈടാക്കാൻ സാധിക്കുന്ന നിയമമാണ് സർഫാസി നിയമം. ഈ നിയമം എങ്ങിനെ പ്രവർത്തിക്കുന്നുവെന്ന് അറിയാം.
നിഷ്ക്രിയ ആസ്തി
ഒരു വായ്പയുടെ മൂന്ന് ഗഡു തിരിച്ചടവ് തുടർച്ചയായി മുടങ്ങുകയാണെങ്കിൽ അതിനെ നിഷ്ക്രിയ ആസ്തി ആയി കണക്കാക്കുകയും നടപടികൾ ആരംഭിക്കുകയും ചെയ്യും. വായ്പ തുക ഒരു ലക്ഷത്തിന് മുകളിലുള്ളതിനും ആകെ വായ്പ എടുത്ത തുകയിൽ ബാക്കി അടക്കാനുള്ളത് 20 ശതമാനത്തിന് മുകളിലുള്ളതുമായ തുകക്കാണ് ഈ നിയമം ബാധകമാവുന്നത്.
വായ്പക്കാരന് ചെയ്യാവുന്നത്
ഡെബ്റ്റ് റിക്കവറി ട്രബ്യൂണലിനെ സമീപിക്കുക.
ധനകാര്യ സ്ഥാപനം പൊസഷൻ ഏറ്റെടുത്ത് നാൽപത്തി അഞ്ച് നാൾക്കകം ഡെബ്റ്റ് റിക്കവറി ട്രബ്യൂണലിനെ സമീപിക്കാം. എന്നാൽ ഇവിടെ പരിഗണിക്കുന്നത് ധനകാര്യ സ്ഥാപനങ്ങൾ നടത്തിയ നടപടി ക്രമങ്ങൾ ശരിയായ വിധത്തിലാണോ പൂർത്തീകരിച്ചിരിക്കുന്നതെന്നായിരിക്കും. പണം അടക്കുന്നതിനും മറ്റും അൽപം സാവാകാശം ലഭിക്കുമെന്നതാണ്. ഇവിടെ പ്രസക്തം. 60 ദിവസത്തിനകമാണ് ഈ സംവിധാനത്തിലൂടെ വിധി വരുന്നത്. ഡെബ്റ്റ് റിക്കവറി ട്രൈബ്യൂണലിൻെറ വിധിക്ക് അപ്പലേറ്റ് ട്രൈബ്യൂണലിൽ അപ്പീലിന് പോവാം. ഇങ്ങിനെ അപ്പീലിന് പോവുമ്പോൾ മൊത്തം അടവാക്കേണ്ട തുകയുടെ 50 ശതമാനം കെട്ടിവെക്കേണ്ടതുണ്ട്.
നടപടികൾ
വീഴ്ചവരുത്തിയ സാഹചര്യത്തിൽ വായ്പയുടെ മുതലും പലിശയും അനുബന്ധ ചിലവുകളും 60 ദിവസത്തിനകം അടച്ച് തീർക്കണമെന്ന് കടം വാങ്ങിയ ആൾക്ക് നോട്ടീസ് അയക്കും. ഈ നോട്ടീസ് പ്രസ്തുത നിയമത്തിലെ 13 (2) പ്രകാരമാണ്. ഈ ഘട്ടത്തിൽ ധനകാര്യ സ്ഥാപനത്തെ സമീപിച്ച് വീഴ്ച വരാനുള്ള കാരണങ്ങളും നടപടികൾ ഒഴിവാക്കാനും അഭ്യർത്ഥിച്ച് രേഖാമൂലം അപേക്ഷിക്കാവുന്നതാണ്. ധനകാര്യ സ്ഥാപനങ്ങൾ ഈ കാര്യത്തിൽ മറുപടി നൽകും.
60 ദിവസത്തിനകം വായ്പ തിരിച്ചടവ് നടന്നില്ലെങ്കിലോ ബാങ്കിന് നൽകിയ അപേക്ഷ പരിഗണിക്കുകയോ ചെയ്തില്ലെങ്കിൽ സെക്ഷൻ 14 (2) പ്രകാരം വീടിൻെറയോ പണയ വസ്തുക്കളുടെയോ പൊസഷൻ എടുക്കുകയും ആയത് അറിയിച്ച് നോട്ടീസ് പതിക്കുകയും വായ്പക്കാരനെ രജിസ്ട്രേഡ് പോസ്റ്റ് വഴി വിവരം അറിയിക്കുകയും രണ്ട് ദിനപത്രങ്ങളിൽ പ്രസിദ്ധം ചെയ്യുകയും ചെയ്യും.
അടുത്ത ഘട്ടം വസ്തു വിൽപനക്ക് ഒരുങ്ങുകയാണ്. ഈ ഘട്ടത്തിൽ വീട്ടിൽ നിന്നോ കെട്ടിടങ്ങളിൽ നിന്നോ ആളുകളെ ഒഴിപ്പിക്കുന്നതടക്കമുള്ള കാര്യങ്ങളിൽ ചീഫ് മെട്രോപൊളിറ്റൻ മജിസ്ട്രേറ്റിൻെറയോ ജില്ലാ മജിസ്ട്രേറ്റിന്റേയോ സഹായം തേടുന്നതിനായി ധനകാര്യ സ്ഥാപനങ്ങൾക്ക് അപേക്ഷ സമർപ്പിക്കാവുന്നതാണ്. വിൽപന നടത്തുമ്പോൾ ഒരു റിസർവ് വില നിശ്ചയിക്കേണ്ടതും ഉണ്ട്. ആ വിലക്കോ അതിന് മുകളിലോ ആണ് വിൽപന നടക്കുന്നത്.
ശ്രദ്ധിക്കേണ്ടത്
a വായ്പ തവണ അടക്കാൻ സാധിക്കാത്ത പക്ഷം ഇത്തരം നടപടികളിലേക്ക് പോവുന്നതിന് മുമ്പ് തന്നെ ബാങ്കിനെ സമീപിച്ച് തവണ വ്യവസ്ഥകൾ ലഘൂകരിക്കാൻ ശ്രമിക്കുക.
b സാധാരണ നിലയിൽ ബാങ്ക് വഴി ഇപ്രകാരം വിൽപന നടന്നാൽ ലഭിക്കുന്നത് യഥാർത്ഥ വില അല്ലാത്തതിനാൽ ഇത്തരം നടപടികളിലേക്ക് പോവുന്നതിന് മുമ്പ് ന്യായമായ വിലക്ക് വസ്തുക്കൾ വിറ്റ് കടം വീട്ടുക.
c പരമ പ്രധാനമായി അത്യാവശ്യമെങ്കിൽ മാത്രവും തിരിച്ചടക്കാൻ കഴിയുമെങ്കിൽ മാത്രവും ലോൺ എടുക്കുക. അതായത് ലോൺ വാങ്ങി ‘ലോൺ’ (പുൽത്തകിടി) വെക്കരുത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.