ഖത്തറിന്റെ സ്ഹൈൽസാറ്റിന് അന്താരാഷ്ട്ര അംഗീകാരം
text_fieldsദോഹ: ഖത്തറിന്റെ ഉപഗ്രഹ കമ്പനിയായ സ്ഹൈൽസാറ്റിന്റെ അൽ ഗുവൈരിയ ടെലിപോർട്ടിന് ഡബ്ല്യു.ടി.എ ടയർ ഫോർ അംഗീകാരം. വേൾഡ് ടെലിപോർട്ട് അസോസിയേഷന്റെ (ഡബ്ല്യു.ടി.എ) ടെലിപോർട്ട് സർട്ടിഫിക്കേഷൻ പ്രോഗ്രാമിന് കീഴിലാണ് അംഗീകാരം ലഭിച്ചതെന്ന് ഇരു കമ്പനികളും പ്രഖ്യാപിച്ചു. ഇന്റർനാഷനൽ ബ്രോഡ്കാസ്റ്റിങ് കൺവെൻഷൻ 2015ൽ സർട്ടിഫിക്കേഷൻ പ്രോഗ്രാം ആരംഭിച്ചതിനുശേഷം നൽകുന്ന 69ാമത് അംഗീകാരമാണ് അൽ ഗുവൈരിയ. അൽ ഗുവൈരിയ കൂടാതെ അഞ്ച് ടെലിപോർട്ടുകൾ ഡബ്ല്യു.ടി.എ അംഗീകാരത്തിനായുള്ള പരിശോധനയിലാണെന്ന് ഖത്തർ വാർത്ത ഏജൻസി റിപ്പോർട്ട് ചെയ്തു.
ഒന്ന് മുതൽ നാല് വരെയുള്ള ടയർ നമ്പറിൽ നൽകുന്ന അംഗീകാരത്തിൽ ഏറ്റവും മികച്ച സർട്ടിഫിക്കറ്റായാണ് നാലിനെ കണക്കാക്കുന്നത്. അൽ ഗുവൈരിയക്ക് ലഭിച്ച അംഗീകാരത്തിന് മൂന്ന് വർഷമാണ് കാലയളവ്.ദോഹയിലെ സ്ഹൈൽസാറ്റിന്റെ അത്യാധുനിക ടെലിപോർട്ട് സംവിധാനത്തിന് ടയർ 4 അംഗീകാരം ലഭിച്ചതിൽ ഏറെ അഭിമാനിക്കുന്നുവെന്ന് പ്രസിഡന്റും സി.ഇ.ഒയുമായ അലി അൽ കുവാരി പറഞ്ഞു. മിഡിലീസ്റ്റിലെയും ഉത്തരാഫ്രിക്കയിലെയും ഉപഭോക്താക്കൾക്ക് നൽകുന്ന സേവനത്തിന്റെ ഉയർന്ന നിലവാരത്തെയാണ് ഈ അംഗീകാരം സാക്ഷ്യപ്പെടുത്തുന്നതെന്നും അൽ കുവാരി കൂട്ടിച്ചേർത്തു.
മിഡിലീസ്റ്റിലുടനീളം ആറ് ടെലിപോർട്ടുകൾക്കാണ് അംഗീകാരം നൽകിയിരിക്കുന്നതെന്ന് ഡബ്ല്യു.ടി.എ മേധാവി റോബർട്ട് ബെൽ പറഞ്ഞു.ഖത്തറിന്റെ ഉപഗ്രഹ കമ്പനിയായ സ്ഹൈൽസാറ്റിനു കീഴിൽ രണ്ട് ഉപഗ്രഹങ്ങളാണ് നിലവിൽ വിക്ഷേപിച്ചത്. ഇവയുടെ പ്രവർത്തന നിയന്ത്രണവും നിരീക്ഷണവും ഉൾപ്പെടെ ചുമതലയാണ് ദോഹ ആസ്ഥാനമായ കേന്ദ്രം വഹിക്കുന്നത്. 2013ലായിരുന്ന ടെലികമ്യൂണിക്കേഷൻ, ബ്രോഡ്കാസ്റ്റ് പദ്ധതികളുടെ ഭാഗമായി ആദ്യ ഉപഗ്രഹമായ സ്ഹൈൽ വൺ ഖത്തർ വിക്ഷേപിച്ചത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.