കിരീട സ്വപ്നവുമായി സൗദിയെത്തി
text_fieldsദോഹ: ഇന്ത്യക്കു പിന്നാലെ, ഏഷ്യൻ കപ്പിനുള്ള രണ്ടാം സംഘമായി സൗദിഅറേബ്യ ഞായറാഴ്ച ഉച്ചയോടെ ദോഹയിലെത്തി. ഏഷ്യൻ കപ്പിൽ കിരീട ഫേവറിറ്റുകൾ എന്ന പെരുമയോടെയാണ് സ്റ്റാർ കോച്ച് റോബർട്ടോ മാൻസീനിയുടെ നേതൃത്വത്തിൽ സൂപ്പർതാരങ്ങളടങ്ങിയ ഗ്രീൻ ഫാൽകൺ ദോഹ ഹമദ് രാജ്യാന്തര വിമാനത്താവളത്തിലെത്തിയത്. പൂമാലയിട്ട് വരവേറ്റ സൗദി ടീം, ഏഷ്യൻ കപ്പിന് മുമ്പ് മൂന്ന് സന്നാഹ മത്സരങ്ങൾ ദോഹയിൽ കളിക്കുന്നുണ്ട്.
സീലൈനിലെ റിസോർട്ടിലൊരുക്കിയ ടീം ക്യാമ്പായിരിക്കും വരും നാളുകളിൽ സൗദിയുടെ താമസവും പരിശീലനവും. ജനുവരി നാലിന് ലബനാൻ, ഒമ്പതിന് ഫലസ്തീൻ, 10ന് ഹോങ്കോങ് എന്നിവർക്കെതിരെയാണ് സൗദി സന്നാഹ മത്സരങ്ങളിൽ പന്തു തട്ടുന്നത്. വൻകരയുടെ അങ്കത്തിന് മുമ്പായി ടീമിനെ തേച്ചുമിനുക്കി കിരീടത്തിലേക്ക് നയിക്കുകയാണ് കോച്ച് മാൻസീനിയുടെ ദൗത്യം.
കഴിഞ്ഞ ലോകകപ്പ് ഫുട്ബാളിൽ സ്വപ്നക്കുതിപ്പ് നടത്തുകയും, കിരീട ജേതാക്കളായ അർജന്റീനയെ ആദ്യ മത്സരത്തിൽ തോൽപിക്കുകയും ചെയ്ത സൗദിയിൽ വലിയ പ്രതീക്ഷകളാണ് എതിരാളികൾ നൽകുന്നത്.
വിമാനത്താവളത്തിൽ നൽകിയ ഹൃദ്യമായ വരവേൽപ്പിന് സൗദി ഫുട്ബാൾ ഫെഡറേഷൻ ബോർഡ് ഓഫ് ഡയറക്ടർ ചെയർമാൻ യാസിർ ബിൻ ഹസൻ അൽ മിഷ്അൽ ടൂർണമെന്റ് പ്രദേശിക സംഘാടകർക്ക് നന്ദി അറിയിച്ചു. സെപ്റ്റംബർ മുതൽ തുടങ്ങിയ തയാറെടുപ്പുകളുടെ തുടർച്ചയായാണ് സൗദിയുടെ വരവ്. കോസ്റ്റാറിക, ദക്ഷിണ കൊറിയ, നൈജീരിയ, മാലി, പാകിസ്താൻ, ജോർഡൻ ടീമുകളെ മൂന്നു മാസത്തിനിടെ സൗദി നേരിട്ടിരുന്നു.
ഏഷ്യൻ കപ്പിനുള്ള 30 അംഗ സംഘത്തെയാണ് കോച്ച് മാൻസീനി കഴിഞ്ഞ ദിവസം പ്രഖ്യാപിച്ചത്. സലിം ദൗസരി, നാസർ അൽ ദൗസരി, സാലിഹ് അൽ ഷെഹ്രി തുടങ്ങി പ്രധാന താരങ്ങളെല്ലാം ടീമിലുണ്ട്. സന്നാഹ മത്സരങ്ങൾക്കു പിറകെ 26 അംഗ അന്തിമ സംഘത്തെ സൗദി പ്രഖ്യാപിക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.