സൗദി, ബഹ്റൈൻ ധാരണ: ദോഹ എഫ്.ഐ.ആർ യാഥാർഥ്യമാവുന്നു
text_fieldsദോഹ: വർഷങ്ങളായുള്ള പരിശ്രമത്തിനൊടുവിൽ ദോഹ വ്യോമ വിവര മേഖല (ഫ്ലൈറ്റ് ഇൻഫർമേഷൻ റീജിയൻ) യാഥാർഥ്യമാവുന്നു. ദോഹ എഫ്.ഐ.ആർ രൂപവത്കരണവുമായി ബന്ധപ്പെട്ട് ഖത്തർ വ്യോമയാന വിഭാഗം അയൽ രാജ്യങ്ങളായ സൗദി അറേബ്യ, ബഹ്റൈൻ, യു.എ.ഇ എന്നിവരുമായി കരാറിൽ ഒപ്പുവെച്ചു. ഇതോടെ, സെപ്റ്റംബർ എട്ടോടെ ദോഹ വ്യോമ മേഖല നിലവിൽ വരും. കഴിഞ്ഞ ഏപ്രിൽ മാസത്തിൽ ഇറാനുമായി കരാറിൽ ഒപ്പുവെച്ചിരുന്നു.
കഴിഞ്ഞ മാർച്ചിൽ ചേർന്ന ഇന്റർനാഷനൽ സിവിൽ ഏവിയേഷൻ ഓർഗനൈസേഷൻ (ഐ.സി.എ.ഒ) കൗൺസിൽ യോഗമാണ് ദോഹ ഫ്ലൈറ്റ് ഇൻഫർമേഷൻ മേഖല രൂപവത്കരിക്കാൻ അനുമതി നൽകിയത്. ഇതിനു പിന്നാലെ മേഖലയിലെ അയൽ രാജ്യങ്ങളുമായി ഇതുസംബന്ധിച്ച് തുടർ ചർച്ച ആരംഭിച്ചു. അംഗരാജ്യങ്ങളുമായും അയൽ രാജ്യങ്ങളുമായും ഖത്തർ നിരവധി ചർച്ചകൾ നടത്തിയാണ് കരാറിൽ ഒപ്പുവെച്ച്, സ്വന്തം വ്യോമ മേഖലയെന്ന സ്വപ്നസാക്ഷാത്കാരത്തിലെത്തുന്നത്.
ബഹ്റൈൻ, യു.എ.ഇ, സൗദി എന്നിവരുമായി കരാറിൽ ഒപ്പുവെച്ചതോടെ ദോഹ എഫ്.ഐ.ആർ നടപ്പാക്കുന്നതുമായി ബന്ധപ്പെട്ട എല്ലാ നടപടി ക്രമങ്ങളും പൂർത്തിയാക്കിയതായി ഖത്തർ ഗതാഗത മന്ത്രി ജാസിം സെയ്ഫ് അൽ സുലൈത്തി പറഞ്ഞു. നിലവിൽ യു.എ.ഇ, സൗദി, ബഹ്റൈൻ, ഇറാൻ എന്നിവരുടെ പേരിലാണ് ഫ്ലൈറ്റ് ഇൻഫർമേഷൻ റീജിയൻ. കൗൺസിൽ അനുമതി ലഭിച്ച്, പുതിയ കരാറുകൾ പ്രാബല്യത്തിലായതോടെ സെപ്റ്റംബർ എട്ട് മുതൽ ഖത്തറിന്റെ ആകാശം ദോഹ എഫ്.ഐ.ആർ എന്ന പേരിൽ അറിയപ്പെടും.
ഈ കരാര്‍ യാഥാര്‍ഥ്യമാക്കാന്‍ പരിശ്രമിക്കുകയും കൂട്ടുനില്‍ക്കുകയും ചെയ്ത മുഴുവന്‍ ആളുകള്‍ക്കും നന്ദി പറയുന്നതായി ഗതാഗത മന്ത്രി അറിയിച്ചു. പുതിയ മാറ്റം അനുസരിച്ച് വ്യോമയാന മേഖലയില്‍ വരുന്ന മാറ്റം നടപ്പില്‍ വരുത്തുന്നതിനുള്ള നിരീക്ഷണ സംവിധാനം ഉള്‍പ്പെടെയുള്ള എല്ലാ സന്നാഹങ്ങളും ഖത്തര്‍ ഒരുക്കിക്കഴിഞ്ഞതായും അദ്ദേഹം അറിയിച്ചു. ഖത്തര്‍ വ്യോമയാന മേഖല ഉപയോഗിക്കുന്ന വിമാനക്കമ്പനികള്‍ക്ക് മികച്ച സേവനം നല്കാനാവുംവിധം വ്യോമയാന മേഖലയെ നിയന്ത്രിക്കുന്നതിനുള്ള എയര്‍ നാവിഗേഷന്‍ സിസ്റ്റത്തിന്റെ മികവ് ഖത്തര്‍ വര്‍ധിപ്പിച്ചിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
വർഷങ്ങളുടെ പരിശ്രമത്തിനൊടുവിൽ ദോഹ എഫ്.ഐ.ആർ യാഥാർഥ്യമാവുമ്പോൾ മേഖലയിലെ ഏറ്റവും തിരക്കേറിയ വ്യോമപാതകൂടിയാണ് ഖത്തറിന്റെ അധീനതയിലാവുന്നത്. വ്യോമപരിധി കൂട്ടിക്കൊണ്ടാണ് ആകാശ അതിരുകൾ പുനർനിർണയിക്കുന്നത്. നാലുവർഷം മുമ്പാണ് ഇതു സംബന്ധിച്ച ആവശ്യവുമായി ഖത്തർ യു.എന്നിനു കീഴിലെ ഇന്റർനാഷനൽ സിവിൽ ഏവിയേഷൻ ഓർഗനൈസേഷനെ സമീപിക്കുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.