സൗദി എംബസി പുനരാരംഭിക്കുന്നു; തീർഥാടനം സാധ്യമാകും
text_fieldsദോഹ: ഖത്തറിലെ സൗദി എംബസിയുടെ പ്രവർത്തനം അടുത്ത ദിവസങ്ങളിൽ തന്നെ പുനരാരംഭിക്കുമെന്ന് സൗദി വിദേശകാര്യ മന്ത്രി പ്രിൻസ് ഫൈസൽ ബിൻ ഫർഹാൻ പ്രഖ്യാപിച്ചതോടെ ഖത്തറിലുള്ളവർക്ക് ഹജ്ജ്-ഉംറ തീർഥാടന യാത്രകൾ സാധ്യമാകുന്നു. ജനുവരി അഞ്ചിന് സൗദിയിൽ നടന്ന 41ാം ജി.സി.സി ഉച്ചകോടിയിലാണ് ഖത്തർ ഉപരോധം അവസാനിപ്പിച്ച് സൗദി, ബഹ്റൈൻ, യു.എ.ഇ, ഈജിപ്ത് രാജ്യങ്ങൾ അൽഉല കരാറിൽ ഒപ്പുവെച്ചത്. ഇതിന് തലേദിവസംതന്നെ ഖത്തറിെൻറ ഏക കര അതിർത്തിയായ അബൂസംറ സൗദി തുറന്നിരുന്നു. സൗദിയിൽനിന്ന് സൗദിയയും ഖത്തറിൽനിന്ന് ഖത്തർ എയർവേസും ഇതിനകം വിമാന സർവിസുകൾ പുനരാരംഭിച്ചിട്ടുമുണ്ട്. കര അതിർത്തിയിലൂടെ വാഹനങ്ങൾ ഇരുരാജ്യങ്ങളിലേക്കും പോകുന്നുമുണ്ട്. സൗദി എംബസി വീണ്ടും തുറക്കുന്ന കാര്യം റിയാദിൽ മാധ്യമപ്രവർത്തകരോടാണ് സൗദി വിദേശകാര്യ മന്ത്രി പറഞ്ഞത്. ഉപകരണങ്ങളടക്കം സജ്ജീകരിക്കുന്ന നടപടികൾ പൂർത്തീകരിക്കേണ്ട കാര്യമേയുള്ളൂവെന്നും ഉടൻ എംബസി തുറന്ന് പ്രവർത്തനം പുനരാരംഭിക്കുമെന്നും അദ്ദേഹം പറഞ്ഞു. പൂർണമായ നയതന്ത്രബന്ധം ഉടൻ പ്രാബല്യത്തിൽ വരുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ഇരുരാജ്യങ്ങളും തമ്മിൽ വിമാന സർവിസുകളും കര അതിർത്തിയിലൂടെയുള്ള യാത്രയും തുടങ്ങിയതോടെ ജനുവരി അവസാനത്തോടെ തന്നെ ഖത്തറിലുള്ളവർക്ക് ഉംറ നിർവഹിക്കാനാകുമെന്നാണ് പ്രതീക്ഷ. നിലവിൽ ഖത്തറിലുള്ളവർക്ക് ഹജ്ജ്-ഉംറ യാത്രകൾക്ക് ഖത്തറിലെ സൗദി എംബസിയുമായി ബന്ധപ്പെട്ട് നടപടികൾ പൂർത്തീകരിക്കേണ്ടതുണ്ട്. പ്രത്യേകിച്ചും പ്രവാസികൾക്ക്. ഇതടക്കമുള്ള സേവനങ്ങൾ സൗദി എംബസി വരുന്നതോടെ ഖത്തറിലുള്ളവർക്ക് സാധ്യമാകും. ഖത്തർ ഉപരോധം പ്രഖ്യാപിച്ചതിനുശേഷം ഖത്തറിലുള്ള സ്വദേശികൾക്കോ വിദേശികൾക്കോ ഹജ്ജ്-ഉംറ തീർഥാടനത്തിന് പലവിധ തടസ്സങ്ങളുമുണ്ടായിരുന്നു. മൂന്നര വർഷത്തിനുശേഷം ഖത്തറിനും സൗദിക്കുമിടയിലുള്ള കര, നാവിക, വ്യോമ അതിർത്തികൾ തുറന്നതോടെ തീർഥാടന യാത്രകൾക്കുള്ള ബുദ്ധിമുട്ടുകൂടിയാണ് ഒഴിവായത്. നിലവിൽ വിവിധ ഉംറ പാക്കേജുകൾ തയാറാക്കുന്ന തിരക്കിലാണ് ഖത്തറിലെ പ്രധാന ടൂർ ഓപറേറ്റർമാർ.
ജനുവരി അവസാനത്തോടെയോ അല്ലെങ്കിൽ ഫെബ്രുവരി ആദ്യമോ ഖത്തറിലുള്ള വിശ്വാസികൾക്ക് ഉംറ ചെയ്യാനാകുമെന്നാണ് പ്രതീക്ഷിക്കുന്നതെന്ന് തീർഥാടന ടൂർ ഓപറേറ്റിങ് സ്ഥാപനങ്ങൾ പറയുന്നു. വിസ, വിമാന ടിക്കറ്റ്, മൂന്നോ നാലോ ദിവസത്തെ താമസം, മറ്റു സർവിസുകൾ അടക്കമുള്ള പാക്കേജുകളാണ് തയാറാകുന്നത്.ജിദ്ദയിലേക്കുള്ള വിമാന സർവിസ് ആരംഭിക്കുന്നതോടെ വിസ സേവനങ്ങളും പുനരാരംഭിക്കും. നടപടികൾ പുരോഗമിക്കുകയാണെന്നും ഏജൻസികൾ പറയുന്നു.
കോവിഡ്-19 കാരണം നിർത്തിവെച്ച ഉംറ സർവിസുകൾ പുനരാരംഭിച്ചതിനുശേഷം അഞ്ച് ദശലക്ഷം തീർഥാടകർ സൗദിയിലെത്തിയെന്നാണ് റിപ്പോർട്ടുകൾ വ്യക്തമാക്കുന്നത്. ഒക്ടോബർ നാലിനാണ് ഉംറ തീർഥാടനം സൗദി പുനരാരംഭിച്ചത്. പ്രതിദിനം 6000 ഉംറ തീർഥാടകർക്കാണ് ആദ്യ ഘട്ടത്തിൽ അനുമതി നൽകിയിരുന്നത്. ഒക്ടോബർ 18 മുതൽ പ്രതിദിനം 15,000 പേർക്കാണ് അനുമതി നൽകുന്നത്.
പൂർണശേഷിയിൽ തീർഥാടനം അനുവദിക്കുകയാണെങ്കിൽ പ്രതിദിനം 20,000 മുതൽ 60,000 തീർഥാടകർക്ക് വരെ ഉംറ നിർവഹിക്കാം. ഉപരോധം നീങ്ങിയതോടെ ഖത്തർ, സൗദി, യു.എ.ഇ, ഇൗജിപ്ത് രാജ്യങ്ങളിലേക്കുള്ള ഗതാഗതം സാധാരണനിലയിലേക്ക് നീങ്ങുകയാണ്. ബഹ്റൈൻ ഒഴികെയുള്ള രാജ്യങ്ങൾ ഇതിനകം വിമാന സർവിസുകൾ പ്രഖ്യാപിച്ചിട്ടുണ്ട്. ബഹ്റൈൻ ഖത്തറിനായി വ്യോമാതിർത്തി കഴിഞ്ഞ ദിവസംതന്നെ തുറന്നിരുന്നു. സൗദിയും ഖത്തറും കഴിഞ്ഞ ദിവസംതന്നെ വിമാനങ്ങൾ തുടങ്ങിക്കഴിഞ്ഞു. ഷാർജയിൽനിന്ന് എയർ അറേബ്യയുടെ നേരിട്ട് ദോഹയിലേക്കുള്ള വിമാന സർവിസ് ജനുവരി 18 മുതൽ പുനരാരംഭിക്കുന്നുണ്ട്. മൂന്നര വർഷത്തെ ഖത്തർ ഉപരോധത്തിനുശേഷം യു.എ.ഇയിൽനിന്നുള്ള ആദ്യ വിമാനമാണിത്. 18 മുതൽ ഈജിപ്ത് എയർ ഖത്തറിലേക്കും ഖത്തർ എയർവേസ് ഈജിപ്തിലേക്കുമുള്ള സർവിസുകൾ തുടങ്ങുന്നുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.