പച്ചക്കടലാക്കി സൗദി ആവേശം
text_fieldsദോഹ: ഏഷ്യൻ കപ്പ് ഫുട്ബാളിന്റെ മൈതാനത്ത് ഏറ്റവുമേറെ ആവേശമൊഴുകിയ മത്സരമേതെന്ന് ചോദിച്ചാൽ ഇനിയൊരു ഉത്തരമേയുണ്ടാവൂ... ചൊവ്വാഴ്ച രാത്രി ഖലീഫ സ്റ്റേഡിയത്തിൽ നടന്ന സൗദി അറേബ്യയും ഒമാനും ഏറ്റുമുട്ടിയ ഗൾഫ് അയൽപോര്. രാത്രി 8.30ന് കിക്കോഫ് വിസിൽ മുഴങ്ങുന്നതിന് മണിക്കൂറുകൾ മുമ്പേ ദോഹ മെട്രോയെ പച്ചക്കടലാക്കിമാറ്റി സൗദി ആരാധകർ ഒഴുകിയെത്തി. അവർക്കൊപ്പംതന്നെ ആവേശത്തിൽ പങ്കുചേർന്ന് ഒമാന്റെ വെള്ളക്കുപ്പായക്കാരുമൊഴുകിയതോടെ മെട്രോയും ആസ്പയർ പരിസരവും ജനസാഗരമായി മാറി. ഖലീഫ സ്റ്റേഡിയത്തിനുള്ളിൽ കിക്കോഫ് വിസിൽ മുഴങ്ങുമ്പോഴും ഗാലറിക്ക് പുറത്ത് സൗദി ആരാധകർ സജീവമായിരുന്നു. കളത്തിൽ കളി ജോറായിട്ടും ടിക്കറ്റ് തേടിയുള്ള ആരാധകരുടെ നീണ്ട ക്യൂ ടിക്കറ്റിങ് സെന്ററിലും കൗതുകമായി.
ഒരു വർഷം മുമ്പ് ലോകകപ്പ് ഫുട്ബാളിൽ തങ്ങളുടെ ആദ്യ മത്സരത്തിൽ അർജന്റീനയെ അട്ടിമറിച്ച് ശ്രദ്ധനേടിയ അതേ സൗദിയുടെ ആവേശവുമായാണ് അബൂസംറ അതിർത്തി കടന്ന ആരാധകപ്രവാഹമുണ്ടായത്. കളിയുടെ 14ാം മിനിറ്റിൽ പെനാൽറ്റി ഗോൾ വഴങ്ങി ടീം പിന്നിലായിട്ടും ഗാലറിയിലെ തിരയിളക്കത്തിന് തെല്ലും കുറവുണ്ടായില്ല. തിരിച്ചടിക്കാൻ ഓരോ നിമിഷവും താരങ്ങൾക്ക് ഊർജം പകരുന്നതായിരുന്നു ഗാലറി നൽകിയ ആവേശം. ദേശീയ പതാകയേന്തിയും ഷാളും നീളൻ കുപ്പായവുമണിഞ്ഞും അവർ ആദ്യവസാനം ടീമിന് പിന്തുണയേകി. അവരുടെ പിന്തുണയുടെ ഫലമായിരുന്നു അവസാന മിനിറ്റുകളിൽ പിറന്ന ഗോളുകൾ. 78ാം മിനിറ്റിൽ അബ്ദുറഹ്മാൻ ഗരീബും ഇഞ്ചുറിടൈമിലെ അവസാന മിനിറ്റിൽ അലി അബ്ദുല്ലയ്ഹിയുമാണ് ഗോൾ നേടി വിജയശിൽപികളായത്. 41,000ത്തിലേറെ കാണികളാണ് ഖലീഫ സ്റ്റേഡിയത്തിലെ മത്സരത്തിന് സാക്ഷിയായത്.
ഒന്നേകാൽ മണിക്കൂറിലേറെയും സൗദി ഒരു ഗോളിന് പിന്നിൽ നിന്നിട്ടും ഒരു നിമിഷംപോലും തളരാതെ ആരവമുയർത്തി കളിക്കാരെ പിന്തുണച്ച് ആരാധകർ തിരിച്ചുവരവിന് ഊർജം പകർന്നു. 96ാം മിനിറ്റിൽ നാടകീയ നിമിഷങ്ങൾക്കൊടുവിൽ വിജയഗോൾ കൂടിയെത്തിയതോടെ ആർത്തിരമ്പിയ ആരാധക ആവേശം പൂർണമായി. കോർണർകിക്കിലൂടെയെത്തിയ അവസരം അലി അൽ ഔജാമിയുടെ ഹെഡ്ഡർ, പോസ്റ്റിന് മുന്നിൽനിന്ന് അലി അബ്ദുല്ലയ്ഹി രണ്ടാം ടച്ചിലൂടെ വലയിലാക്കി.
എന്നാൽ, ഓഫ്സൈഡ് വിളിച്ച റഫറി ഗോൾ നിഷേധിച്ചതോടെ മിനിറ്റുകൾ നീണ്ട അനിശ്ചിതത്വമായി. ഒടുവിൽ, ഗോളില്ലെന്ന നിലയിൽ േപ്ല ഓൺ ആയതിനു പിന്നാലെയാണ് വി.എ.ആറിലൂടെ ആ തീരുമാനമെത്തുന്നത്.
ഓഫ്സൈഡ് തിരുത്തി, സൗദിക്ക് വിജയഗോൾ. അലി അബ്ദുല്ലയ്ഹിയുടെ അക്കൗണ്ടിൽ ചേർത്ത ഗോളിന് പിന്നാലെ, അതിർത്തി കടന്നെത്തിയ സൗദി ആരാധകർക്ക് രാത്രി മുഴുവൻ ആഘോഷമാക്കാൻ ഖലീഫ സ്റ്റേഡിയത്തിൽ തകർപ്പൻ ജയം. കളി കഴിഞ്ഞ് സ്റ്റേഡിയത്തിന് പുറത്തും പിന്നീട് സൂഖ് വാഖിഫിലും ഒത്തുചേർന്ന് രാത്രി തങ്ങളുടേതാക്കി മാറ്റിയാണ് സൗദിക്കാർ കളംവിട്ടത്.
ഇൻഡസ്ട്രിയൽ ഏരിയയിൽ ഏഷ്യൻ കപ്പ് പരിപാടികൾ കളി കഴിയുംവരെ വ്യാഴം, വെള്ളി ദിവസങ്ങളിൽ
ദോഹ: ഏഷ്യൻ കപ്പ് ഫുട്ബാൾ മത്സരങ്ങളുടെ ഭാഗമായി ഖത്തറിന്റെ വിവിധ ഭാഗങ്ങളിൽ കളിയുടെ പ്രദർശനവും വിനോദ പരിപാടികളുമൊരുക്കി അധികൃതർ. ആഭ്യന്തര മന്ത്രാലയത്തിന് കീഴിലെ പബ്ലിക് റിലേഷൻസ് ആൻഡ് കമ്യൂണിക്കേഷൻസ് വിഭാഗമാണ് ഇക്കാര്യം അറിയിച്ചത്.ടൂർണമെന്റ് അവസാനിക്കുന്നത് വരെയുള്ള വ്യാഴം, വെള്ളി ദിവസങ്ങളിൽ ഇൻഡസ്ട്രിയൽ ഏരിയ ഏഷ്യൻ സിറ്റി ഫുട്ബാൾ ഗ്രൗണ്ട്, ഇൻഡസ്ട്രിയൽ ഏരിയയിലെ തന്നെ ബർവ ബറാഹ ഫുട്ബാൾ ഗ്രൗണ്ട്, അൽ ഖോർ ഇൻഡസ്ട്രിയൽ ഏരിയയിലെ ബർവ വർക്കേഴ്സ് റിക്രിയേഷൻ കോംപ്ലക്സ് എന്നിവടങ്ങളിൽ മത്സരങ്ങളുടെ പ്രദർശനവും വിവിധ കലാപരിപാടികളും അരങ്ങേറും. ഫെബ്രുവരി 10ന് ഫൈനൽ ദിനത്തിലും പ്രദർശനം നടക്കും. ഈ ദിവസങ്ങളിൽ വൈകുന്നേരം നാല് മുതൽ രാത്രി 11 വരെയാണ് പ്രദർശനങ്ങൾ.
മത്സരങ്ങൾ ബിഗ് സ്ക്രീനിൽ സൗജന്യമായി കാണുന്നതിനൊപ്പം കമ്യൂണിറ്റി ടീമിന്റെ ഓർക്കസ്ട്ര, സാംസ്കാരിക പ്രദർശനങ്ങൾ, ആഭ്യന്തര മന്ത്രാലയത്തിന് കീഴിലെ ബോധവത്കരണ പരിപാടികൾ, കലാമത്സരങ്ങൾ, സന്ദർശകർക്കുള്ള വിവിധ മത്സരപരിപാടികൾ, റാഫിൾ നറുക്കെടുപ്പ് എന്നിവയും നടക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.