സൗദി x കൊറിയ ‘ഫൈനൽ’ ഇന്ന്
text_fieldsദോഹ: ഏഷ്യൻ കപ്പ് ഫുട്ബാളിൽ കിരീട സാധ്യത കൽപിക്കുന്ന രണ്ട് ടീമുകൾ പ്രീക്വാർട്ടറിൽ മുഖാമുഖം ഏറ്റുമുട്ടുന്നതിന്റെ സങ്കടക്കടലിലാണ് ഫുട്ബാൾ ആരാധകർ. ഫൈനലിൽ കണ്ടിരുന്നെങ്കിൽ എന്നാഗ്രഹിച്ച ദക്ഷിണ കൊറിയയും സൗദി അറേബ്യയും തമ്മിലെ ഉഗ്രപോരാട്ടത്തിന് രാത്രി ഏഴിന് എജുക്കേഷൻ സിറ്റി സ്റ്റേഡിയം സാക്ഷ്യം വഹിക്കും. ഗ്രൂപ് ‘എഫി’ൽനിന്നും ഒന്നാം സ്ഥാനക്കാരായാണ് സൗദിയുടെ പ്രീക്വാർട്ടർ പ്രവേശനമെങ്കിൽ, ഗ്രൂപ്പ് ‘ഇ’യിൽ രണ്ടാം സ്ഥാനക്കാരായതാണ് ദക്ഷിണ കൊറിയക്ക് തിരിച്ചടിയായത്. രണ്ടാം സ്ഥാനക്കാരായതോടെ ജപ്പാനുമായുള്ള പ്രീക്വാർട്ടർ ഒഴിവാക്കാൻ കഴിഞ്ഞ ദക്ഷിണ കൊറിയക്ക് പക്ഷേ, ലഭിച്ചത് ഗൾഫിൽനിന്നുള്ള വമ്പന്മാരായ സൗദിയെ. കളത്തിലെ മികവും, ഗാലറിയിൽ മുഴുസമയവും ആരവമുയർത്തുന്ന കാണികളുമായി പവർഫുളായ സൗദിയെയാവും കൊറിയക്കാർക്ക് നേരിടാനുള്ളത്. ഏഷ്യൻ റാങ്കിങ്ങിൽ കൊറിയ നാലും സൗദി ആറും സ്ഥാനക്കാരാണ്. താരത്തിളക്കത്തിലും, ലോകകപ്പിലെയും മറ്റും അട്ടിമറി കുതിപ്പുകളിലുമെല്ലാമായി ജയന്റ് കില്ലർമാർ എന്ന വിശേഷണമുള്ള കൊറിയയെ മറികടക്കുകയാണ് ചൊവ്വാഴ്ച രാത്രിയിൽ സൗദിയുടെ വെല്ലുവിളി.
തന്ത്രജ്ഞരായ കോച്ചുമാരുടെ സാന്നിധ്യവും ശ്രദ്ധേയമാണ്. കൊറിയൻ അണിയറയിൽ ക്ലിൻസ്മാന്റെ തന്ത്രങ്ങളാണെങ്കിൽ, സൗദിയെ പാകപ്പെടുത്തുന്നത് മാൻസീനിയുടെ സാന്നിധ്യമാണ്. എതിരാളിയുടെ കരുത്തിനെ ഓർമപ്പെടുത്തിയായിരുന്നു തിങ്കളാഴ്ച നടന്ന വാർത്ത സമ്മേളനത്തിൽ ക്ലിൻസ്മാൻ സംസാരിച്ചത്. കഴിഞ്ഞ മത്സരങ്ങളിലെല്ലാം സൗദി തങ്ങളുടെ മികവ് പുറത്തെടുത്തു. എന്നാൽ, ഞങ്ങൾ സജ്ജമാണ്. ഞങ്ങളുടേതായ കരുത്തും സ്പിരിറ്റുമുണ്ട്. സൗദിയെ തോൽപിക്കാനാവുമെന്ന് വിശ്വസിക്കുന്നു. പക്ഷേ, കൂടുതൽ കഠിനാധ്വാനം ചെയ്യേണ്ടിവരും. ചിലപ്പോൾ തലനാരിഴ വ്യത്യാസമാകും. അല്ലെങ്കിൽ പെനാൽറ്റി ഷൂട്ടൗട്ട്. ഫുട്ബാളാണ്, എന്തും സംഭവിക്കാം’ -ക്ലിൻസ്മാൻ പറഞ്ഞു.
ഗ്രൂപ് റൗണ്ടിൽ ബഹ്റൈനെ തോൽപിച്ച് തുടങ്ങിയ കൊറിയ, പിന്നീട് ജോർഡൻ, മലേഷ്യ ടീമുകളോട് സമനില വഴങ്ങുകയായിരുന്നു. ഗ്രൂപ് റൗണ്ടിലെ ദക്ഷിണ കൊറിയയുടെ മോശം പ്രകടനം കണക്കാക്കുന്നില്ലെന്ന് സൗദി കോച്ച് മാൻസീനിയും പറഞ്ഞു. ‘അവർ ശക്തരാണ്, മികച്ച താരങ്ങളുമുണ്ട്. കഴിഞ്ഞ മത്സരങ്ങളെ പോലെ തന്നെ വിജയിക്കാനായി ഞങ്ങൾ പോരാടും’ -മാൻസീനി പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.