പ്ലാസ്റ്റിക്കിനോട് നോ പറയാം
text_fieldsദോഹ: പരിസ്ഥിതി സംരക്ഷണത്തിനും കാലാവസ്ഥാ വ്യതിയാനം നേരിടുന്നതിനുമായി ഒറ്റത്തവണ മാത്രം ഉപയോഗിക്കുന്ന പ്ലാസ്റ്റിക് കവറുകളുടെ ഉപയോഗം തടയാനുള്ള ശ്രമങ്ങൾ ഊർജിതമാക്കി മുനിസിപ്പാലിറ്റി മന്ത്രാലയം. രാജ്യത്തെ മുനിസിപ്പാലിറ്റികളുമായും സ്വകാര്യ മേഖലയിൽനിന്നുള്ള പങ്കാളികളുമായും സഹകരിച്ചാണ് മന്ത്രാലയം ഇതുമായി മുന്നോട്ട് പോകുന്നത്.
പ്ലാസ്റ്റിക് കവറുകളുടെ ഉപയോഗം നിയന്ത്രിക്കുന്ന 2022ലെ 143ാം നമ്പർ മന്ത്രിതല തീരുമാനത്തെക്കുറിച്ച് കമ്പനികളെയും പൊതുജനങ്ങളെയും ബോധവത്കരിക്കുന്നതിനായി ഒരു മാസം നീണ്ടുനിന്ന കാമ്പയിന് കീഴിൽ 20,000ലധികം പരിസ്ഥിതി സൗഹൃദ, ബയോഡീഗ്രേഡബിൾ, മൾട്ടി യൂസ് ബാഗുകൾ വിതരണം ചെയ്തതായി മന്ത്രാലയം ട്വീറ്റ് ചെയ്തു.
സുസ്ഥിര, പ്ലാസ്റ്റിക് മുക്ത പരിസ്ഥിതിക്ക് നോ ഫോർ പ്ലാസ്റ്റിക് എന്ന തലക്കെട്ടിൽ ഉംസലാൽ മുനിസിപ്പാലിറ്റി, അൽഖോർ ദഖീറ മുനിസിപ്പാലിറ്റി, അൽ ശമാൽ മുനിസിപ്പാലിറ്റി, മോണോപ്രിക്സ് എന്നിവയുടെ സംയുക്ത പങ്കാളിത്തത്തോടെ അൽ ദആയിൻ മുനിസിപ്പാലിറ്റി ഈയിടെ കാമ്പയിൻ സംഘടിപ്പിച്ചിരുന്നു.
പരിസ്ഥിതിയെ സംരക്ഷിക്കുന്നതിനായി ഒറ്റത്തവണ മാത്രം ഉപയോഗിക്കാവുന്ന പ്ലാസ്റ്റിക് കവറുകൾക്ക് പകരം പരിസ്ഥിതി സൗഹൃദവും ഒന്നിലധികം തവണ ഉപയോഗിക്കാവുന്നതുമായ പ്ലാസ്റ്റിക് കവറുകൾ ഉപയോഗിക്കേണ്ടതിന്റെ പ്രധാന്യത്തെക്കുറിച്ച് കാമ്പയിനിൽ ബോധവത്കരണം നടത്തി. വിവിധ ഗ്രേഡുകളിലുള്ള 15 സ്കൂളുകളും 13 വാണിജ്യ, സേവന സമുച്ചയങ്ങളും കാമ്പയിനിൽ പങ്കെടുത്തു.
എല്ലാ മുനിസിപ്പാലിറ്റികളിലെയും ആരോഗ്യ നിരീക്ഷണ വിഭാഗങ്ങളെ പ്രതിനിധാനംചെയ്യുന്ന മുനിസിപ്പാലിറ്റി മന്ത്രാലയം 2022ലെ 143ാം നമ്പർ മന്ത്രിതല തീരുമാനപ്രകാരമാണ് ഒറ്റത്തവണ ഉപയോഗിക്കാവുന്ന പ്ലാസ്റ്റിക് കവറുകളുടെ ഉപയോഗം നിയന്ത്രിക്കുന്നത്. 2022 നവംബർ 15ന് ഇത് പ്രാബല്യത്തിൽ വന്നിരുന്നു.
ഷോപ്പിങ് സെന്ററുകൾ, കമ്പനികൾ, സ്ഥാപനങ്ങൾ എന്നിവ ഒറ്റത്തവണ ഉപയോഗിക്കാവുന്ന പ്ലാസ്റ്റിക് കവറുകൾ ഉപയോഗിക്കുന്നത് തീരുമാനം വിലക്കുന്നു. പാക്കേജിങ് ചരക്കുകളിലെ പ്ലാസ്റ്റിക് കവറുകളുമായി ബന്ധപ്പെട്ട വ്യവസ്ഥകൾ പാലിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്തുന്നതിന് മുനിസിപ്പാലിറ്റികളിൽനിന്നുള്ള ഹെൽത്ത് മോണിറ്ററിങ് വിഭാഗത്തിലെ ഇൻസ്പെക്ടർമാർ ഭക്ഷണശാലകളിലും ഷോപ്പിങ് കോംപ്ലക്സുകളിലും പരിശോധന ശക്തമാക്കിയിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.