പുകവലിയോട് ‘നോ’ പറയാൻ നല്ല സമയം
text_fieldsദോഹ: പുകവലിയോടും പുകയില ഉൽപന്നങ്ങളോടും ‘നോ’ പറയാൻ റമദാൻ മാസം നല്ലകാലമെന്ന് ഓർമിപ്പിച്ച് ഹമദ് മെഡിക്കൽ കോർപറേഷന് കീഴിലെ ടുബാക്കോ കൺട്രോൾ സെന്റർ. പുകവലി ആസക്തിയിൽനിന്ന് മുക്തി നേടാനുള്ള മികച്ച മാർഗമാണ് ഉപവാസമെന്ന് ലോകാരോഗ്യ സംഘടനയുമായി സഹകരിച്ച് പ്രവർത്തിക്കുന്ന ടുബാക്കോ കൺട്രോൾ സെന്റർ മേധാവി ഡോ. അഹ്മദ് അൽ മുല്ല പറഞ്ഞു.
റമദാനിൽ പുകവലി ഉപേക്ഷിക്കാൻ ശ്രമിക്കുന്ന പുകവലിക്കാരുടെ എണ്ണത്തിൽ വാർഷിക വർധന രേഖപ്പെടുത്തിയിട്ടുണ്ടെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
എച്ച്.എം.സിക്ക് കീഴിലെ പുകവലി നിയന്ത്രണ കേന്ദ്രം വഴി ആയിരങ്ങൾ പുകവലി മുക്തി നേടിയതായി ഡോ. അൽ മുല്ല പറഞ്ഞു. ബിഹേവിയറൽ തെറപ്പി, മരുന്ന് നൽകിയുള്ള ചികിത്സ, ലേസർ തെറപ്പി തുടങ്ങി ശാസ്ത്രീയമായി തെളിയിക്കപ്പെട്ട മാർഗങ്ങളിലൂടെ രോഗികൾക്ക് പൂർണ പിന്തുണ നൽകുകയും ചെയ്യുന്നതായും വ്യക്തമാക്കി. പുകവലി ഉപേക്ഷിക്കാൻ ആഗ്രഹിക്കുന്നവർക്ക് സേവനങ്ങൾ പ്രയോജനപ്പെടുത്താൻ 40254981 നമ്പറിലോ 50800959 നമ്പറിലോ ബന്ധപ്പെട്ട് അപ്പോയിൻമെന്റ് ബുക്ക് ചെയ്യാമെന്നും കേന്ദ്രം അറിയിച്ചു.
സാമൂഹികവും മതപരവുമായ കർമങ്ങളിലും പ്രവർത്തനങ്ങളിലും നിരതരായും, വൈകുന്നേരങ്ങളിൽ പഞ്ചസാര രഹിത ഗം ഉപയോഗിക്കുക, ഉപവാസ സമയങ്ങളിൽ മിസ്വാക്ക് ഉപയോഗിച്ചും പുകവലി മുക്ത ശീലം സജീവമാക്കാമെന്ന് ഡോ. ജമാൽ ബാഷി പറഞ്ഞു.
നോമ്പ് തുറന്നതിനു ശേഷം അമിതമായി പുകവലിക്കുന്നത് പക്ഷാഘാതത്തിനും ഹൃദയാഘാതത്തിനും സാധ്യത വർധിപ്പിക്കുന്നുവെന്നും, രക്തസമ്മർദം പെട്ടെന്ന് ഉയരാൻ കാരണമാകുമെന്നും അദ്ദേഹം മുന്നറിയിപ്പ് നൽകി.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.