സ്കൂൾ, വിദ്യാഭ്യാസ മന്ത്രാലയ ജീവനക്കാർക്കും അധ്യാപകരാവാം
text_fieldsദോഹ: സർക്കാർ സ്കൂളുകളിലും വിദ്യാഭ്യാസ മന്ത്രാലയത്തിലുമായി ഭരണ തലത്തിൽ ജോലി ചെയ്യുന്നവരെ അധ്യാപക ജോലിയിലേക്ക് പ്രാപ്തമാക്കുന്നതിനുള്ള പദ്ധതിയുമായി അധികൃതർ.
രാജ്യത്തെ അധ്യാപക മേഖലയെ കൂടുതൽ ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായാണ് വിദ്യാഭ്യാസ-ഉന്നത വിദ്യാഭ്യാസ മന്ത്രാലയത്തിന്റെ ‘തംഹീൻ’ പ്രോഗ്രാമിനു കീഴിൽ ‘തംകീൻ’ എന്ന പേരിൽ പരിശീലന പരിപാടി ആരംഭിക്കുന്നത്. സർക്കാർ സ്കൂളുകളിലെയും മന്ത്രാലയത്തിലെയും അഡ്മിനിസ്ട്രേറ്റിവ് ജീവനക്കാരെയാണ് പ്രോഗ്രാം ലക്ഷ്യമിടുന്നത്.
ആവശ്യമായ വിദ്യാഭ്യാസ യോഗ്യതയുള്ളവർക്ക് അധ്യാപനത്തിനാവശ്യമായ പ്രായോഗിക പരിശീലനം, വൈദഗ്ധ്യം എന്നിവ ‘തംകീൻ’ വഴി നൽകാൻ കഴിയും. ഏറ്റവും മികച്ച അധ്യാപക നിരയെ വാർത്തെടുക്കുകയാണ് ഈ പദ്ധതിയിലൂടെ അധികൃതർ ലക്ഷ്യമിടുന്നത്.
ഒപ്പം, വിദ്യാഭ്യാസ മേഖലയിൽ പ്ര വർത്തിക്കുന്നവർക്ക് അവസരങ്ങൾ വൈവിധ്യവത്കരിക്കലും സാധ്യമാകുന്നു. മന്ത്രാലയത്തിനു കീഴിലെ പരിശീലന കേന്ദ്രങ്ങളിലെയും വിവിധ വകുപ്പുകളിലെയും വിദഗ്ധർ ‘തംകീന്’ നേതൃത്വം നൽകും. തംകീനിൽ പങ്കുചേർന്ന് അധ്യാപന വഴി തിരഞ്ഞെടുക്കാൻ ആഗ്രഹിക്കുന്നവർക്ക് സെപ്റ്റംബർ 19 വരെ രജിസ്റ്റർ ചെയ്യാം.
ഒക്ടോബറിൽ ആരംഭിക്കുന്ന പരിശീലനം അടുത്ത വർഷം മേയ് വരെ നീളും. ശമ്പളവും സാമ്പത്തിക അലവൻസുകളും സഹിതം പരിശീലനം പൂർത്തിയാക്കാം. പ്രോഗ്രാം വിജയകരമായി പൂർത്തിയാക്കിയ ശേഷം അക്കാദമിക് സ്റ്റാഫിലേക്ക് മാറാനും കഴിയും. അപേക്ഷകർ നിലവിൽ സർക്കാർ സ്കൂളുകളിലെയോ, മന്ത്രാലയത്തിലെയോ ജീവനക്കാരായിരിക്കണം.
ഖത്തരി പൗരന്മാർ, ഖത്തരി വനിതകളുടെ മക്കൾ, ജി.സി.സി പൗരന്മാർ എന്നിവർക്കാണ് അപേക്ഷിക്കാൻ അവസരമുള്ളത്. ബിരുദ യോഗ്യതയും, നിലവിലെ ജോലിയിൽ കഴിഞ്ഞ രണ്ടു വർഷ സേവനത്തിൽ ‘മികച്ച പ്രകടന’ റേറ്റിങ്ങും നേടണം. ഒപ്പം, അറബിക് ഭാഷ പരിജ്ഞാനവും നിർബന്ധമാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.