ആശങ്ക വേണ്ട, കുട്ടികളെ സ്കൂളിലയക്കാൻ
text_fieldsദോഹ: മക്കളെ സ്കൂളുകളിലേക്കയക്കാൻ രക്ഷിതാക്കൾ ഭയപ്പെടേണ്ടതില്ലെന്നും മതിയായ സുരക്ഷാ മുൻകരുതലുകൾ സ്വീകരിച്ചിട്ടുണ്ടെന്നും ആരോഗ്യ വകുപ്പ് അറിയിച്ചു. രാജ്യത്തെ അധിക കോവിഡ്–19 കേസുകളും റിപ്പോർട്ട് ചെയ്തിരിക്കുന്നതും കുടുംബ ഒത്തുചേരലുകളിലൂടെയാണെന്നും പൊതുജനാരോഗ്യ വിഭാഗം വാക്സിനേഷൻ വിഭാഗം മേധാവി ഡോ. സുഹ അൽ ബയാത് പറഞ്ഞു. കുട്ടികളെ സ്കൂളുകളിൽ നേരത്തേ എത്തിക്കേണ്ട ചുമതല മാത്രമേ രക്ഷിതാക്കൾക്കുള്ളൂ. അവരുടെ സുരക്ഷ ഉറപ്പാക്കുന്നതിനാവശ്യമായ മുഴുവൻ സുരക്ഷാ മുൻകരുതലുകളും എല്ലാ സ്കൂളുകളിലും സ്വീകരിച്ചിട്ടുണ്ടെന്നും ഡോ. സുഹ അൽ ബയാത് വ്യക്തമാക്കി.
കോവിഡ്–19 സംബന്ധിച്ച് എന്തെങ്കിലും സംശയം കണ്ടെത്തുകയാണെങ്കിൽ സ്വീകരിക്കേണ്ട നടപടികൾ സംബന്ധിച്ച് അധ്യാപകർക്കും ജീവനക്കാർക്കും പ്രത്യേക പരിശീലനം നൽകിയിട്ടുണ്ട്. സ്കൂളുകളിൽ പ്രത്യേകം ഐസലേഷൻ റൂമുകളും സജ്ജമാക്കിയിട്ടുണ്ടെന്നും പ്രാദേശിക ടെലിവിഷന് നൽകിയ അഭിമുഖത്തിൽ അവർ പറഞ്ഞു.
നിലവിലെ സാഹചര്യത്തിൽ ബന്ധപ്പെട്ട അതോറിറ്റികളുമായി നിരന്തരം ബന്ധപ്പെടുന്നുണ്ടെന്നും സഹകരിച്ച് പ്രവർത്തിക്കുന്നുണ്ടെന്നും അവർ വ്യക്തമാക്കി. രോഗലക്ഷണങ്ങൾ സംബന്ധിച്ച് ആരിലെങ്കിലും സംശയം കണ്ടെത്തിയാൽ കൃത്യമായ മെഡിക്കൽ പരിശോധന വരുന്നത് വരെ അവരെ സ്കൂളുകളിൽ പ്രവേശിപ്പിക്കുകയില്ല. രക്ഷിതാക്കൾ ഒരു കാരണവശാലും ഭയപ്പെടേണ്ടതില്ല. സുരക്ഷാ മുൻകരുതലുകളില്ലാതെ പൊതുസ്ഥലങ്ങളിൽ കൂടിച്ചേരുന്നതിൽ നിന്നും കുടുംബങ്ങൾ സന്ദർശിക്കുന്നതിൽനിന്നും കുട്ടികൾക്ക് മുന്നറിയിപ്പ് നൽകാൻ രക്ഷിതാക്കൾ ശ്രദ്ധിക്കണമെന്നും അവർ നിർദേശിച്ചു. വീടുകളിൽ രക്ഷിതാക്കളും ആവശ്യമായ സുരക്ഷാ മുൻകരുതലുകൾ പാലിക്കാൻ ശ്രമിക്കണമെന്നും വാക്സിനേഷൻ വിഭാഗം മേധാവി ഡോ. സുഹ അൽ ബയാത് ആവശ്യപ്പെട്ടു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.