ഇന്നുമുതൽ സ്കൂളുകൾ സജീവം
text_fieldsദോഹ: കോവിഡ് കേസുകൾ കുത്തനെ കുറയുകയും നിയന്ത്രണങ്ങളിലെ ഇളവുകൾ പ്രാബല്യത്തിലാവുകയും ചെയ്തതിനു പിന്നാലെ ഇന്ന് മുതൽ സ്കൂൾ ക്ലാസ് മുറികളും സജീവമാകുന്നു.
അർധവാർഷിക അവധിക്കു പിന്നാലെ ക്ലാസുകൾ പുനരാരംഭിക്കാനുള്ള ഒരുക്കത്തിനിടെയാണ് ഒമിക്രോൺ കേസുകൾ ഉയർന്നു തുടങ്ങിയത്.
ഇതോടെ, ആദ്യ ഘട്ടത്തിൽ ഒരാഴ്ചയും പിന്നീട് ജനുവരി 27 വരെയും പൊതു-സ്വകാര്യ സ്കൂളുകളിലെ ക്ലാസുകൾ ഓൺലൈനിലായി.
ഇപ്പോൾ രോഗവ്യാപനം കുറഞ്ഞ പശ്ചാത്തലത്തിലാണ് വീണ്ടും പഠനം ക്ലാസ് മുറികളിലേക്ക് തിരികെയെത്തുന്നത്. ഉന്നത വിദ്യാഭ്യാസ മന്ത്രാലയവും ആരോഗ്യ മന്ത്രാലയവും നിർദേശിച്ച മാനദണ്ഡങ്ങൾ പാലിച്ച് ക്ലാസുകൾ തുടങ്ങാൻ ഒരുങ്ങിയതായി സ്കൂൾ മേധാവികൾ പറഞ്ഞു. ചില രക്ഷിതാക്കൾ സമൂഹ മാധ്യമങ്ങളിൽ ആശങ്ക പങ്കുവെച്ചെങ്കിലും കാര്യമായ സുരക്ഷയോടെയാണ് സ്കൂളുകൾ പ്രവർത്തനം ആരംഭിക്കുന്നത്. കിൻഡർ ഗാർട്ടൻ മുതൽ എല്ലാ ക്ലാസുകളിലും ഇന്ന് മുതൽ സ്കൂളുകളിൽ തന്നെ പഠനം തുടങ്ങും. 11, 12 ക്ലാസുകളിൽ നേരത്തെ തന്നെ ചില സ്കൂളുകളിൽ നേരിട്ട് പഠനം തുടർന്നിരുന്നു. 100 ശതമാനം ശേഷിയോടെയാണ് സ്കൂളുകൾ സജീവമാകുന്നത്.
മാസ്ക് അണിയൽ, സാമൂഹിക അകലം പാലിക്കൽ, സാനിറ്റൈസ് ചെയ്യൽ തുടങ്ങിയ കോവിഡ് പ്രതിരോധ പ്രവർത്തനങ്ങൾക്കൊപ്പം റാപ്പിഡ് ആന്‍റിജെൻ പരിശോധനാ ഫലവും വിദ്യാർഥികൾ കരുതണം.
ഇതുസംബന്ധിച്ച മാർഗനിർദേശങ്ങളും സാക്ഷ്യപത്രത്തിന്‍റെ മാതൃകയും മന്ത്രാലയം നേരത്തെ പുറത്തിറക്കിയിരുന്നു.
ആഴ്ചയിൽ ഒരിക്കൽ എന്ന തോതിൽ, ആദ്യ രണ്ട് ആഴ്ച ഹോം കിറ്റ് ഉപയോഗിച്ച് പരിശോധന നടത്താനാണ് നിർദേശം. തുടർന്ന് കോവിഡ് വ്യാപനം വിലയിരുത്തിയ ശേഷം തീരുമാനമെടുക്കും. വാക്സിൻ എടുത്തവരും കോവിഡ് വന്ന് ഭേദമായവരും വാക്സിൻ സ്വീകരിക്കാത്തവരും ഉൾപ്പെടെ എല്ലാ വിദ്യാർഥികളും ആന്‍റിജെൻ പരിശോധന നടത്തണം. വെള്ളി, ശനി ദിവസങ്ങളിൽ പരിശോധന നടത്തി നെഗറ്റിവാണെന്ന രക്ഷിതാവിന്‍റെ സാക്ഷ്യപത്രവുമായാണ് കുട്ടികൾക്ക് പ്രവേശനം നൽകൂ. പോസിറ്റിവാണെങ്കിൽ അടുത്ത ഹെൽത്ത് സെന്‍ററിലെത്തി പരിശോധന നടത്തണം. സ്കൂളുകളിൽ ഞായറാഴ്ച മുതൽ ഹാജർ രേഖപ്പെടുത്താനും ആരംഭിക്കും.
കോവിഡ് നിയന്ത്രണങ്ങളിൽ നൽകിയ ഇളവുകൾ ശനിയാഴ്ച മുതൽ പ്രാബല്യത്തിൽ വന്നു. കുട്ടികൾക്ക് പള്ളിയിൽ പ്രവേശനം, മാളുകളിൽ എല്ലാവിഭാഗം ആളുകൾക്കും പ്രവേശനാനുമതി, ദോഹ മെട്രോ ഉൾപ്പെടെ പൊതുഗതാഗത സർവിസുകളിൽ 75 ശതമാനം ശേഷിയിൽ പ്രവേശനം തുടങ്ങിയ ഇളവുകളാണ് ഇത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.