ഇനി ക്യാമ്പിങ് കാലം; സീ ലൈൻ മെഡിക്കൽ ക്യാമ്പ് സജ്ജം
text_fieldsദോഹ: ഖത്തറില്‍ ചൂട് മാറി, ശൈത്യകാലം ആരംഭിക്കുന്നതിന് മുന്നോടിയായി സീലൈനിലെ മെഡിക്കൽ ക്യാമ്പ് വ്യാഴാഴ്ച പ്രവർത്തനമാരംഭിച്ചു. വരും ആഴ്ചകളിൽ രാജ്യം തണുപ്പിലേക്ക് നീങ്ങുന്നതോടെ മരൂഭൂമിയിലേക്ക് സഞ്ചാരികളുടെ ഒഴുക്ക് കണക്കിലെടുത്താണ് മെഡിക്കൽ ക്യാമ്പും ആരംഭിക്കുന്നത്.
അനുമതിയുള്ള മരുഭൂമേഖലകളില്‍ ടെൻറുകള്‍ കെട്ടി താമസിക്കുന്നതാണ് വിൻറര്‍ ക്യാമ്പിങ്.
ഇത്തവണത്തെ ക്യാമ്പിങ് ആരംഭിക്കാനിരിക്കെയാണ് സീലൈന്‍ മേഖലയില്‍ പൊതുജനാരോഗ്യവിഭാഗമായ എച്ച്.എം.സി താല്‍ക്കാലിക മെഡിക്കല്‍ ക്ലിനിക് പ്രവര്‍ത്തനം തുടങ്ങുന്നത്. വ്യാഴാഴ്ച ഉച്ചകഴിഞ്ഞ് മെഡിക്കൽ ക്ലിനിക് ആരംഭിച്ചു.
കഴിഞ്ഞ 12 വര്‍ഷമായി എല്ലാ ശൈത്യകാലത്തും ഈ താല്‍ക്കാലിക ക്ലിനിക് പ്രവര്‍ത്തിപ്പിക്കുന്നുണ്ട്. കോവിഡ് കാലത്താണ് ക്യാമ്പിങ് നടക്കുന്നതെന്നതിനാല്‍ ആരോഗ്യമന്ത്രാലയം നിര്‍ദേശിച്ച സുരക്ഷാ മുന്‍കരുതലുകള്‍ നിര്‍ബന്ധമായും പാലിക്കണമെന്ന് ക്ലിനിക് ചീഫ് കമ്യൂണിക്കേഷന്‍ ഓഫിസര്‍ അലി അബ്ദുല്ല അല്‍ ഖാദിര്‍ പറഞ്ഞു.
ആരോഗ്യമന്ത്രാലയത്തിൻെറ വെബ്സൈറ്റില്‍ ക്യാമ്പി ങ്ങിനൊരുങ്ങുന്നവര്‍ക്കായുള്ള പ്രത്യേക മാര്‍ഗ നിർദേശങ്ങള്‍ പുറത്തിറക്കിയിട്ടുണ്ട്.
സീലൈന്‍ മേഖലയിലെ ബീച്ച്, റിസോർട്ട്, പള്ളി, ഷോപ്പിങ് ഏരിയ, പ്രദേശത്തെ മറ്റു സേവനങ്ങളും സൗകര്യങ്ങളും എന്നിവയോട് ചേർന്നുള്ള പ്രധാന റോഡിലാണ് ക്ലിനിക് സ്ഥിതിചെയ്യുന്നത്. ക്ലിനിക്കിലേക്ക് എളുപ്പത്തിലെത്താന്‍ ഇത് ഉപകരിക്കുന്നു.
പൊതുജനങ്ങൾക്ക് വേഗത്തിലും ഫലപ്രദമായും പ്രഥമ ശുശ്രൂഷ സേവനങ്ങൾ നൽകാൻ ക്ലിനിക്കിലെ മെഡിക്കല്‍ ടീം സജ്ജമാണെന്നും അദ്ദേഹം അറിയിച്ചു. ക്യാമ്പിങ്ങിനിടെ ഉണ്ടാകുന്ന പരിക്കുകള്‍ക്കും അസുഖങ്ങള്‍ക്കും അടിയന്തര ചികിത്സ നല്‍കാനുള്ള സൗകര്യം ക്ലിനിക്കിലുണ്ടാകും. മരുഭൂമിയിലൂടെ വേഗത്തില്‍ ഓടാവുന്ന നാല് ആംബുലന്‍സുകള്‍ 24 മണിക്കൂറും സജ്ജമായിരിക്കും. ഒപ്പം പരിക്കോ അസുഖങ്ങളോ ഗുരുതരമാണെങ്കില്‍ എച്ച്.എം.സി പ്രധാന ആശുപത്രിയിലേക്ക് പെട്ടെന്ന് എത്തിക്കാനുള്ള ഹെലികോപ്ടര്‍ ആംബുലന്‍സും സജ്ജമാക്കിയിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.