സുരക്ഷ ശക്തം; അപകടമൊഴിഞ്ഞ് സീലൈൻ
text_fieldsദോഹ: വിനോദ സഞ്ചാരികളുടെയും താമസക്കാരുടെയും പ്രധാന സന്ദർശക കേന്ദ്രമായ സീലൈനിൽ ട്രാഫിക് അപടങ്ങളിൽ ഗണ്യമായ കുറവുണ്ടായതായി റിപ്പോർട്ട്. ആഭ്യന്തര മന്ത്രാലയത്തിന് കീഴിലെ ട്രാഫിക് ജനറൽ ഡയറക്ടറേറ്റ് സ്വീകരിച്ച കർശന സുരക്ഷ നടപടികളാണ് സീലൈനെ സുരക്ഷിതമാക്കിമാറ്റിയത്. നിരീക്ഷണവും, ഒപ്പം സീലൈൻ മേഖലയിൽ ആംബുലൻസ് സേവനവും സജീവമാണെന്ന് എച്ച്.എം.സി ആംബുലൻസ് സർവിസ് എമർജൻസി ഹെൽത്ത് കെയർ കോഓഡിനേഷൻ അസി. എക്സി.ഡയറക്ടർ അബ്ദുൽ അസീസ് അൽ യാഫിഈ പറഞ്ഞു.
കഴിഞ്ഞ വർഷം 14 ആംബുലൻസ് വാഹനങ്ങളാണ് ഇവിടെ വിന്യസിച്ചിരുന്നത്. ആഭ്യന്തര മന്ത്രാലയം കടുത്ത നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയിരുന്നതിനാൽ അപകടങ്ങളിൽ വലിയ തോതിൽ കുറവ് വന്നിട്ടുണ്ടെന്നും ഈ വർഷം എട്ട് ആംബുലൻസ് വാഹനങ്ങൾ മാത്രമാണ് വിന്യസിച്ചിട്ടുള്ളതെന്നും അൽ യാഫിഈ കൂട്ടിച്ചേർത്തു. വാരാന്ത്യങ്ങളിൽ ഒന്നോ രണ്ടോ അപകടങ്ങൾ മാത്രമാണ് രേഖപ്പെടുത്തിയിരുന്നുള്ളൂവെന്നും ഖത്തർ ടി.വിക്ക് നൽകിയ അഭിമുഖത്തിൽ അദ്ദേഹം വ്യക്തമാക്കി.
അമിതവേഗത്തിനെതിരെ യുവാക്കളെ ബോധവത്കരിക്കുന്ന വിവിധ പരിപാടികൾ മന്ത്രാലയം നേതൃത്വത്തിൽ ആസൂത്രം ചെയ്ത് നടപ്പാക്കുന്നതായി ട്രാഫിക് ജനറൽ ഡയറക്ടറേറ്റിലെ ഗതാഗത ബോധവത്കരണ വിഭാഗം ഉപമേധാവി കേണൽ ജാബിർ മുഹമ്മദ് ഉദൈബ പറഞ്ഞു. യുവാക്കളായ ഡ്രൈവർമാരിൽ പ്രത്യേകം ശ്രദ്ധ നൽകിക്കൊണ്ട് തന്നെ, വാഹനമോടിക്കുന്നവർ, കാൽനടക്കാർ, യാത്രക്കാർ എന്നിവരുൾപ്പെടുന്ന സമൂഹത്തിലെ എല്ലാ വിഭാഗങ്ങളുടെയും സുരക്ഷയാണ് വകുപ്പ് ലക്ഷ്യമിടുന്നതെന്നും ഉദൈബ പറഞ്ഞു. യുവാക്കളുടെ ഡ്രൈവിങ് അഭ്യാസം റോഡുകളിലല്ല പ്രകടിപ്പിക്കേണ്ടതെന്നും അതിനായി പ്രത്യേകം സ്ഥലങ്ങൾ നിർണയിക്കപ്പെട്ടിട്ടുണ്ടെന്നും ഉദൈബ പറഞ്ഞു.
നവംബറിൽ ശൈത്യകാല ക്യാമ്പ് സീസൺ ആരംഭിച്ചതിനുശേഷം 29 പേർക്ക് എ.ടി.വി അപകടങ്ങളിൽ ആംബുലൻസ് ആവശ്യമായി വന്നെന്നും, അപകടങ്ങളിൽ 75 ശതമാനവും സുരക്ഷ മാനദണ്ഡങ്ങളുടെ അഭാവമായിരുന്നു കാരണമെന്നും ഖത്തർ നാഷനൽ ട്രോ രജിസ്ട്രി പുറത്തുവിട്ട റിപ്പോർട്ടിൽ വ്യക്തമാക്കുന്നുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.