സീഷോർ ഗ്രൂപ്പിെൻറ ചിറകിൽ 150 പേർ നാടണയും
text_fieldsദോഹ: കോവിഡ് പ്രതിസന്ധിയിൽ നാടണയാൻ കാത്തിരിക്കുന്ന ഖത്തറിലെ അർഹരായ 150 പ്രവാസികൾ ഖത്തറിലെ സീഷോർ ഗ്രൂപ്പിൻെറ സഹായത്താൽ നാടണയും. ജന്മനാട്ടിലേക്ക് മടങ്ങാൻ ആശയുണ്ടായിട്ടും വിമാനടിക്കറ്റിന് പണമില്ലെന്ന കാരണത്താൽ കഷ്ടപ്പെടുന്ന പ്രവാസികൾക്കായി ഗൾഫ് മാധ്യമവും മീഡിയ വണ്ണും ചേർന്നൊരുക്കിയ ‘മിഷൻ വിങ്സ് ഒാഫ് കംപാഷൻ’ പദ്ധതിയിലേക്ക് സീഷോർ ഗ്രൂപ്പ് നേരത്തേ 150 വിമാനടിക്കറ്റുകൾ നൽകിയിരുന്നു. ഇതിനുള്ള ചെക്ക് ഗ്രൂപ്പ് ചെയർമാൻ സഈദ് സാലിം അൽ മുഹന്നദിയും മാനേജിങ് ഡയറക്ടർ മുഹമ്മദലിയും ചേർന്ന് കൈമാറി.
ഗൾഫ് മാധ്യമം-മീഡിയ വൺ എക്സിക്യുട്ടീവ് കമ്മിറ്റി ചെയർമാൻ റഹീം ഒാമശ്ശേരി ചെക്ക് ഏറ്റുവാങ്ങി. മാർക്കറ്റിങ് അഡ്മിൻ മാനേജർ ആർ.വി. റഫീക്ക് പങ്കെടുത്തു. ഖത്തറിലെ പ്രമുഖ എൻജിനീയറിങ് സ്റ്റീൽ മാനുഫാക്ചറിങ് ഗ്രൂപ്പാണ് സീഷോർ. പുണ്യമാസമായ റമദാനിൽ ഇത്തരമൊരു സൽപ്രവർത്തിയുമായി സഹകരിക്കാൻ കഴിയുന്നതിൽ അതിയായ സന്തോഷമുണ്ടെന്നും പാവപ്പെട്ട നിരവധി പ്രവാസികളാണ് സ്വന്തം നാട്ടിലെത്താൻ കാത്തിരിക്കുന്നതെന്നും സഈദ് സാലിം അൽ മുഹന്നദി പറഞ്ഞു.
പ്രവാസലോകത്ത് കോവിഡ് തീർത്തത് ഗുരുതരപ്രതിസന്ധിയാണെന്നും പണമില്ലാത്തതിെൻറ പേരിൽ ആരും നാട്ടിലെത്താനാകാതെ മറുനാട്ടിൽ കുടുങ്ങിക്കിടക്കരുതെന്നും ഈ ആഗ്രഹത്താലാണ് സീഷോർ ഗ്രൂപ്പ് പദ്ധതിയിൽ പങ്കാളികളാകുന്നതെന്നും മാനേജിങ് ഡയറക്ടർ മുഹമ്മദലി പറഞ്ഞു. അർഹരായ പ്രവാസികളെ നാട്ടിലെത്തിക്കാൻ സഹായിക്കുകയെന്നത് ഏറ്റവും മഹത്തരമായ കാര്യമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
കോവിഡിെൻറ പശ്ചാത്തലത്തിൽ ഇന്ത്യൻ സർക്കാർ അയക്കുന്ന പ്രത്യേക വിമാനങ്ങളിൽ യാത്രക്ക് തെരഞ്ഞെടുക്കപ്പെട്ടിട്ടും ടിക്കറ്റിന് പണമില്ലാതെ കഷ്ടപ്പെടുന്നവർക്കാണ് പദ്ധതിയിലൂടെ സൗജന്യ വിമാനടിക്കറ്റുകൾ നൽകുന്നത്. ഇന്ത്യൻ എംബസിയിൽ പേര് ചേർത്ത് യാത്രക്ക് തെരഞ്ഞെടുക്കപ്പെട്ട അർഹർക്കാണ് ടിക്കറ്റ് ലഭിക്കുക. നന്മ വറ്റാത്ത പ്രവാസി സമൂഹവും വ്യവസായ നായകരും നിശബ്ദ സേവകരും കൈകോർത്താണ് ‘വിങ്സ് ഒാഫ് കംപാഷൻ’ പദ്ധതി യാഥാർത്ഥ്യമാക്കുന്നത്. പദ്ധതിയുമായി സഹകരിക്കാൻ താൽപര്യമുള്ളവർക്ക് ഖത്തറിൽ 00974 5509 1170 നമ്പറിൽ വാട്സ്ആപ്പ് ചെയ്യാം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.