രണ്ടാം ക്ലീൻ എനർജി പദ്ധതി സെപ്റ്റംബറിൽ ആരംഭിക്കും
text_fieldsദോഹ: സുസ്ഥിരത ഉറപ്പുവരുത്തുന്നതിനും കാലാവസ്ഥ വ്യതിയാന പ്രശ്നങ്ങൾ പരിഹരിക്കുന്നതിനുമായുള്ള ഖത്തറിന്റെ രണ്ടാം ക്ലീൻ എനർജി പദ്ധതി സെപ്റ്റംബറിൽ ആരംഭിക്കും. ഫിഫ ലോകകപ്പ് സമയത്ത് വിന്യസിച്ച പൊതുഗതാഗതത്തിന്റെ 25 ശതമാനവും പരിസ്ഥിതി സൗഹൃദമായിരുന്നുവെന്നും ഖത്തറിന്റെ ശുദ്ധ ഊർജ പദ്ധതിയുടെ രണ്ടാം പതിപ്പ് സെപ്റ്റംബറിൽ അവതരിപ്പിക്കുമെന്നും ഗതാഗത മന്ത്രി ജാസിം ബിൻ സൈഫ് അൽ സുലൈതി പറഞ്ഞു. 2022 മുതൽ ഈ വർഷം അവസാനം വരെ പരിസ്ഥിതി സൗഹൃദ പൊതുഗതാഗത വാഹനങ്ങളുടെ എണ്ണം ഗണ്യമായി വർധിക്കുമെന്നും ഖത്തറിന്റെ വിഷൻ 2030 ലക്ഷ്യങ്ങൾ നിശ്ചയിച്ച സമയപരിധിക്കും മുമ്പായി കൈവരിക്കുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും ഖത്തർ ടി.വിക്ക് നൽകിയ അഭിമുഖത്തിൽ മന്ത്രി കൂട്ടിച്ചേർത്തു.
ഖത്തറിന്റെ പൊതുഗതാഗത സംവിധാനത്തിൽ ഫിഫ ലോകകപ്പ് ഒരു പൈതൃകംതന്നെ സൃഷ്ടിച്ചതായും ലോകകപ്പ് ലെഗസി പദ്ധതികൾക്ക് നന്ദി അറിയിക്കുന്നുവെന്നും പൊതുഗതാഗത സംവിധാനം പൂർണമായും വൈദ്യുതീകരിക്കുമെന്നും അദ്ദേഹം വിശദീകരിച്ചു. ഖത്തറിൽ ഇപ്പോൾ പരിസ്ഥിതി സൗഹൃദ ബസുകളുള്ള സുസ്ഥിര ഗതാഗത സംവിധാനമാണ് നിലനിൽക്കുന്നത്. പൊതുഗതാഗത ബസുകൾക്ക് പുറമെ, മുവാസലാത്ത് (കർവ) രാജ്യത്തെ സ്കൂളുകൾക്കായി 2500 പരിസ്ഥിതി സൗഹൃദ ബസുകളാണ് ഗതാഗതത്തിനായി നൽകിയിരിക്കുന്നത്. സുസ്ഥിരതയിലേക്കുള്ള ഖത്തറിന്റെ യാത്രയുടെ ഭാഗമായി 478 ബസുകളെ ഉൾക്കൊള്ളാൻ ശേഷിയുള്ള ലോകത്തിലെ ഏറ്റവും വലിയ ഇലക്ട്രിക് ബസ് ഡിപ്പോ ഖത്തറിലെ ലുസൈലിലാണുള്ളത്. സൗരോർജത്തിൽ നിന്നാണ് ഇതിലേക്ക് വൈദ്യുതിയെത്തിക്കുന്നത്. പ്രതിദിനം നാലു മെഗാവാട്ട് വൈദ്യുതിയാണ് 11,000 പി.വി സോളാർ പാനലുകളിൽ നിന്നായി ഉൽപാദിപ്പിക്കപ്പെടുന്നത്.
പബ്ലിക് ബസ് ഇൻഫ്രാസ്ട്രക്ചർ പ്രോഗ്രാമിന്റെ ഭാഗമായ ഡിപ്പോയിൽ എട്ട് ബസ് സ്റ്റേഷനുകളും നാലു ഡിപ്പോകളും ഇ-ബസുകൾക്കായി 650ലധികം ഇലക്ട്രിക് ചാർജിങ് യൂനിറ്റുകളും നിലവിലുണ്ട്. സൗരോർജത്തിൽനിന്ന് വൈദ്യുതി ഉൽപാദിപ്പിക്കുന്നതിലും ഖത്തർ വലിയ മുന്നേറ്റമാണ് നടത്തിയിരിക്കുന്നത്. രാജ്യത്ത് വൈദ്യുതി ഉൽപാദിപ്പിക്കുന്നതിലെ വൈവിധ്യവത്കരണത്തിലെ പ്രധാന നാഴികക്കല്ലാണ് അൽ ഖർസ സൗരോർജ വൈദ്യുതി നിലയം. മിഡിലീസ്റ്റിലെ ഏറ്റവും പ്രധാനപ്പെട്ട എയർലൈനുകളിലൊന്നായ ഖത്തർ എയർവേസ്, ഈ വർഷം അവസാനത്തിനു മുമ്പ് ലക്ഷ്യസ്ഥാനങ്ങളുടെ എണ്ണം 170ലെത്തിക്കുമെന്നും ഗതാഗത മന്ത്രി പറഞ്ഞു. നിലവിൽ നിലവിൽ 153 ലക്ഷ്യസ്ഥാനങ്ങളിലേക്ക് ദോഹയിൽനിന്ന് സർവിസ് നടത്തുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.