ഒളിമ്പിക്സിന് സുരക്ഷ; ഖത്തർ സംഘം പാരിസിൽ
text_fieldsദോഹ: ലോകകപ്പ് ഫുട്ബാളിന്റെ സുരക്ഷാ പരിചയവുമായി ഖത്തറിന്റെ പ്രത്യേക സംഘം ഒളിമ്പിക്സ് വേദിയായ പാരീസിലെത്തി. ജൂലൈ 26 മുതൽ ആഗസ്റ്റ് 11 വരെ നടക്കുന്ന ഒളിമ്പിക്സിൽ സുരക്ഷയിൽ സഹകരിക്കുന്നത് സംബന്ധിച്ച് ഇരുരാജ്യങ്ങളും നേരത്തേ കരാർ ഒപ്പുവെച്ചിരുന്നു. ഇതിന്റെ ഭാഗമായി പാരീസിലെത്തിയ കേണല്‍ റാകിം നവാഫ് മാജിദ് അലിയുടെ നേതൃത്വത്തിലുള്ള ഖത്തര്‍ സെക്യൂരിറ്റി വിഭാഗം പ്രതിനിധികള്‍ ഫ്രഞ്ച് അധികൃതരുമായി കൂടിക്കാഴ്ച നടത്തി.
ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നെത്തുന്ന മാധ്യമസംഘത്തിന് സുരക്ഷയൊരുക്കുന്നതുമായി ബന്ധപ്പെട്ട് ചര്‍ച്ചകള്‍ നടന്നു. ലോകകപ്പ് ഫുട്ബാളിന് സുരക്ഷ ഒരുക്കിയതിന്റെ പരിചയ സമ്പത്തുമായാണ് ഖത്തറിന്റെ സുരക്ഷാ വിഭാഗങ്ങൾ പാരിസ് ഒളിമ്പിക്സുമായി സഹകരിക്കുന്നത്. കരാർ പ്രകാരം പട്രോളിങ്, നാഷനൽ ഓപറേഷൻ സെന്റർ, കുതിര പൊലീസ് നിരീക്ഷണം, ഡ്രോൺ, സ്ഫോടകവസ്തു നിർവീര്യമാക്കൽ, സൈബർ സുരക്ഷാ അനലിസ്റ്റുകൾ, ബോംബ് ഡോഗ് സ്ക്വാഡ്, തീവ്രവാദ വിരുദ്ധ സ്ക്വാഡ് എന്നിവയുൾപ്പെടെ സേവനങ്ങൾ ഒളിമ്പിക്സിന്റെ സുരക്ഷക്കായി നൽകും.
ചരിത്രത്തിലാദ്യമായി ഒളിമ്പിക്സ് ഉദ്ഘാടന ചടങ്ങ് സ്റ്റേഡിയത്തിന് പുറത്ത് നടത്താനുള്ള തയാറെടുപ്പിലാണ് ഫ്രാന്‍സ്. സീന്‍ നദിയിലാണ് കായികതാരങ്ങളുടെ പരേഡ് ക്രമീകരിച്ചിരിക്കുന്നത്. മൂന്നു ലക്ഷത്തിലേറെ പേര്‍ക്ക് നദിക്കരയില്‍നിന്ന് ഉദ്ഘാടന ചടങ്ങുകള്‍ വീക്ഷിക്കാന്‍ സൗകര്യമുണ്ടാകും. 2022 നവംബർ-ഡിസംബർ മാസങ്ങളിലായി നടന്ന ലോകകപ്പ് ഫുട്ബാളിൽ യൂറോപ്പ്, അമേരിക്ക, ഏഷ്യൻ ഉൾപ്പെടെ 13 രാജ്യങ്ങളുടെ സേനാവിഭാഗങ്ങളുടെ പിന്തുണയോടെ ഖത്തർ ഒരുക്കിയ സുരക്ഷാ വിന്യാസം ഏറെ ശ്രദ്ധേയമായിരുന്നു. ചരിത്രത്തിൽ ഏറ്റവും കുറഞ്ഞ കുറ്റകൃത്യങ്ങൾ റിപ്പോർട്ട് ചെയ്ത ലോകകപ്പായി മാറി. അത്യാധുനിക സുരക്ഷാ സൗകര്യങ്ങളുടെ മികവും ശ്രദ്ധേയമായി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.