സുരക്ഷ ശക്തം; അടിയന്തര ഘട്ടത്തിൽ അതിവേഗം പൊലീസ് എത്തും
text_fieldsദോഹ: അടിയന്തര ഘട്ടങ്ങളിൽ പൊതുജനങ്ങളുടെ സുരക്ഷാ വിഷയങ്ങളിൽ പൊലീസ് പട്രോളിങ് വിഭാഗം അതിവേഗത്തിൽ പ്രതികരിക്കുമെന്ന് ആഭ്യന്തര മന്ത്രാലയം. സുരക്ഷാ അലേർട്ടുകളിൽ മൂന്ന് മുതൽ നാല് മിനിറ്റിനുള്ളിൽ പൊലീസ് പട്രോളിങ് സംഘം സംഭവ സ്ഥലത്ത് എത്തിരിക്കും. താമസ സ്ഥലങ്ങൾ, വാണിജ്യ കേന്ദ്രങ്ങൾ, അപകട സാധ്യത കൂടുതലുള്ള മേഖലകൾ എന്നിവിടങ്ങളിലാണ് കൂടുതൽ ശ്രദ്ധ കേന്ദ്രീകരിക്കുന്നതെന്ന് ആഭ്യന്തര മന്ത്രാലയം ക്രിമിനൽ ഇൻവെസ്റ്റിഗേഷൻ വിഭാഗം സാങ്കേതിക ഓഫിസ് ഫസ്റ്റ് ലഫ്. ഫഹദ് അൽ മൻസൂരി പറഞ്ഞു. ഖത്തർ റേഡിയോക്ക് നൽകിയ അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. രാജ്യത്തിന്‍റെ എല്ലാ മേഖലകളിലും പട്രോളിങ് ഏര്‍പ്പെടുത്തിയിട്ടുണ്ട്. സുരക്ഷ ഉറപ്പാക്കുന്നതിനായി 24 മണിക്കൂറും പ്രവര്‍ത്തിക്കും. താമസസ്ഥലങ്ങളിൽ രാത്രികാലങ്ങളിലെ സുരക്ഷ സംബന്ധിച്ച ചോദ്യത്തിന് ഖത്തറിലെ സുരക്ഷ കാര്യക്ഷമവും മികച്ചതുമാണെന്നും, മറ്റു രാജ്യങ്ങളെ അപേക്ഷിച്ച് കുറ്റകൃത്യങ്ങൾ കുറവാണെന്നും ഫഹദ് അൽ മൻസൂരി പറഞ്ഞു. പൊതുവിൽ സുരക്ഷ ശക്തമാണ്. മോഷണവും മറ്റ് കുറ്റകൃത്യങ്ങളും തടയുന്നതിനായി പ്രധാന സ്ഥലങ്ങളിൽ പട്രോളിങ് ശക്തമായിരിക്കും. വാരാന്ത്യങ്ങളിലും വേനൽക്കാല അവധിക്കാലത്തും കുറ്റകൃത്യങ്ങൾ റിപ്പോർട്ട് ചെയ്യുന്നതിനാൽ ജാഗ്രത പാലിക്കും. ഏതെങ്കിലും മേഖലയിൽനിന്ന് അറിയിപ്പ് ലഭിച്ചാൽ മിനിറ്റുകൾക്കുള്ളിൽ സംഭവസ്ഥലത്ത് എത്തിയിരിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.