ഇസ്ലാമിക വിഷയങ്ങളിൽ ഉത്തരം തേടാം; ടെലഗ്രാമിൽ ഔഖാഫ് തത്സമയം
text_fieldsദോഹ: ഇസ്ലാമിക മത വിഷയങ്ങളിൽ പണ്ഡിതരുടെ അഭിപ്രായങ്ങൾ തേടുന്ന വിശ്വാസികൾക്ക് എളുപ്പത്തിൽ വിവരങ്ങൾ ലഭ്യമാക്കാൻ ടെലഗ്രാം വഴി ഫത്വ സേവനം ആരംഭിച്ച് ഖത്തർ ഇസ്ലാമിക മതകാര്യ മന്ത്രാലയമായ ‘ഔഖാഫ്’. മന്ത്രാലയത്തിനു കീഴിലെ റിലീജ്യൻ കാൾ ആൻഡ് ഗൈഡൻസ് വിഭാഗമാണ് നൂതന ആശയ വിനിമയ സംവിധാനം ഒരുക്കിയത്.
വിശ്വാസികൾക്ക് എളുപ്പത്തിൽ മത വിഷയങ്ങളിൽ പണ്ഡിതാഭിപ്രായം തേടാനുള്ള സൗകര്യത്തിനു വേണ്ടിയാണ് ടെലഗ്രാം ആപ് വഴി തത്സമയ സേവനം ആരംഭിച്ചത്. ഇസ്ലാമിക കർമശാസ്ത്ര, വിശ്വാസ വിഷയങ്ങളിൽ ആധികാരിക വിവരങ്ങൾ ലഭ്യമാക്കുന്ന വെബ്സൈറ്റ് ആരംഭിക്കുന്നതിന്റെ ഭാഗമായാണ് ടെലഗ്രാം സേവനം.
സമൂഹത്തിനിടയിലേക്ക് വിശ്വാസ വിഷയങ്ങളിലെ സംശയ നിവാരണത്തിന് ആധുനിക ആശയവിനിമയോപാധി ഉപയോഗപ്പെടുത്തുകയാണെന്ന് ഔഖാഫ് റിലീജ്യൻ കാൾ ആൻഡ് ഗൈഡൻസ് വിഭാഗം ഡയറക്ടർ അബ്ദുൽ റഹ്മാൻ അൽ ജാബിർ പറഞ്ഞു.
വിശ്വാസികൾക്ക് ടെലഗ്രാമിലെ ഇസ്ലാം വെബ് പേജ് വഴി നേരിട്ട് സംശയങ്ങളും ചോദ്യങ്ങളും ചോദിക്കാം. ഇതേ പേജു വഴി തന്നെ പണ്ഡിത സംഘം മറുപടി നൽകുകയോ, അല്ലെങ്കിൽ ഔഖാഫിന്റെ മൂന്ന് ലക്ഷം ഫത്വകളുള്ള പേജിലേക്ക് റഫർ ചെയ്യുകയോ ചെയ്യും. ഈ സേവനം കഴിഞ്ഞ ജൂണിൽ വാട്സ്ആപ് വഴി ആരംഭിച്ചിരുന്നു. t.me/Islamwebchatbot എന്ന ചാറ്റ്ബോട്ട് വഴി ടെലഗ്രാം വിൻഡോയിൽ ജോയിൻ ചെയ്യാവുന്നതാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.