ലോകകപ്പ് സംഘാടനത്തിലെ വിജയം വലിയ ടൂർണമെന്റുകൾ ഖത്തറിലെത്തിക്കും -സെമിനാർ
text_fieldsദോഹ: ഖത്തറിന്റെ ലോകകപ്പ് ഫുട്ബാൾ സംഘാടനത്തിലെ വിജയം വിലയിരുത്തി ഖത്തർ മീഡിയ കോർപറേഷന്റെ സെമിനാർ. മേഖലയിലാദ്യമായി ഫിഫ ലോകകപ്പിന് ആതിഥ്യം വഹിച്ചതിലൂടെ രാജ്യം കൈവരിച്ച വിജയം അറബികളുടെ അഭിമാനകരമായ നേട്ടമാണെന്ന് ഖത്തർ പ്രസ് സെന്റർ (ക്യു.പി.സി) പ്രസിഡന്റ് സഅദ് ബിൻ മുഹമ്മദ് അൽ റുമൈഹി പറഞ്ഞു.
ടൂർണമെന്റ് ചരിത്രത്തിലെ ഏറ്റവും മികച്ച ലോകകപ്പ് സംഘടിപ്പിക്കാൻ രാജ്യത്തിന്റെ യുവപ്രതിഭകൾക്കായെന്നും ഫിഫ ലോകകപ്പ് ചരിത്രത്തിലെ ഏറ്റവും വിജയകരമായ ടൂർണമെന്റുകളിലൊന്നായിരുന്നു ഇതെന്നും സഅദ് അൽ റുമൈഹി കൂട്ടിച്ചേർത്തു. ‘ഫിഫ ലോകകപ്പ് ഖത്തർ 2022: ആശയം, പൈതൃകം, സുസ്ഥിരത’ എന്ന തലക്കെട്ടിലായിരുന്നു ഖത്തർ മീഡിയ കോർപറേഷനുമായി(ക്യു.എം.സി) സഹകരിച്ച് കതാറയിൽ സെമിനാർ സംഘടിപ്പിച്ചത്.
പ്രധാന കായിക ചാമ്പ്യൻഷിപ്പുകൾക്കും ടൂർണമെന്റുകൾക്കും ആതിഥേയത്വം വഹിക്കുന്നതിന് ദോഹക്ക് ഈ നേട്ടം വലിയ പ്രോത്സാഹനമായി മാറുമെന്നും അൽ റുമൈഹി ചൂണ്ടിക്കാട്ടി. ഫിഫ ലോകകപ്പ് ഖത്തർ 2022ന്റെ പൈതൃകത്തിൽനിന്ന് പ്രയോജനം നേടി ഭാവിയിൽ പ്രധാന കായിക മത്സരങ്ങൾക്കും ടൂർണമെന്റുകൾക്കും ആതിഥേയത്വം വഹിക്കുന്നതിനുള്ള ശക്തമായ അടിത്തറ പാകാൻ ഇത് സഹായിക്കുമെന്ന് ക്യു.എം.സി മീഡിയ ഡെവലപ്മെന്റ് വിഭാഗം മേധാവി ശൈഖ് ഖാലിദ് ബിൻ അബ്ദുൽ അസീസ് ആൽഥാനി പറഞ്ഞു.
ഉദ്യോഗസ്ഥരെ പൊതുജനങ്ങളുമായി ഒന്നിപ്പിക്കുന്ന ചർച്ചകളിലൂടെ സമൂഹത്തെ സമ്പന്നമാക്കാനുള്ള ക്യു.പി.സിയുടെ ശ്രമമാണ് സെമിനാറിലൂടെ പ്രതിഫലിപ്പിക്കുന്നതെന്നും പാശ്ചാത്യ രാജ്യങ്ങളിലെ ചില മാധ്യമങ്ങൾ ലോകകപ്പിനെക്കുറിച്ച നുണകൾ നിരാകരിക്കുന്നതിൽ ക്യു.പി.സി വലിയ പങ്കാണ് വഹിച്ചതെന്നും ശൈഖ് ഖാലിദ് ആൽഥാനി വ്യക്തമാക്കി.
ഖത്തർ മീഡിയ കോർപറേഷൻ സി.ഇ.ഒ ശൈഖ് അബ്ദുൽ അസീസ് ബിൻ ഥാനി ആൽഥാനി സെമിനാറിൽ പങ്കെടുത്തവർക്ക് ഉപഹാരം കൈമാറി. അൽകാസ് ടി.വി സ്പോർട്സ് ജേണലിസ്റ്റ് ഖാലിദ് ജാസിം പരിപാടിയിൽ മോഡറേറ്ററായിരുന്നു.
തുടക്കം മുതൽ ടൂർണമെന്റ് അവശേഷിപ്പിക്കുന്ന പൈതൃകത്തിലും പാരമ്പര്യത്തിലുമാണ് ഖത്തർ ശ്രദ്ധ കേന്ദ്രീകരിച്ചതെന്നും സ്റ്റേഡിയങ്ങളും അടിസ്ഥാന സൗകര്യങ്ങളും വിമാനത്താവളങ്ങളും റോഡുകളും മാത്രമല്ല പൈതൃകമെന്നും, ടൂർണമെന്റിന് ഒരു കമ്യൂണിറ്റി ലെഗസി സൃഷ്ടിക്കുന്നതിന് പ്രത്യേക തയാറെടുപ്പുകളുണ്ടായിരുന്നുവെന്നും ഫിഫ ഖത്തർ ലോകകപ്പ് ചീഫ് ഓപറേറ്റിങ് ഓഫിസർ ജാസിം അബ്ദുൽ അസീസ് അൽ ജാസിം പറഞ്ഞു.
അടുത്ത വർഷം നടക്കാനിരിക്കുന്ന എ.എഫ്.സി ഏഷ്യൻ കപ്പ് 2023ന് ആതിഥേയത്വം വഹിക്കാൻ ഖത്തർ പൂർണമായും സജ്ജമാണെന്ന് അൽ ജാസിം അറിയിച്ചു.
ടൂർണമെന്റ് സുരക്ഷ വിഭാഗം ഉദ്യോഗസ്ഥനായ മേജർ ഹമദ് അൽ അലി, ഹമദ് രാജ്യാന്തര വിമാനത്താവളം പാസഞ്ചർ ടെർമിനൽ വൈസ് പ്രസിഡന്റ് അബ്ദുല്ല അലി, ഗതാഗത മന്ത്രാലയത്തിലെ ലാൻഡ് ട്രാൻസ്പോർട്ട് സിസ്റ്റംസ് ആൻഡ് പോളിസീസ് പ്രസിഡന്റ് നജ്ല അൽ ജാബിർ, അശ്ഗാൽ ഹൈവേ പ്രോജക്ട് വിഭാഗം മേധാവി എൻജി. ബദർ ദർവീശ് എന്നിവരും സെമിനാറിൽ പങ്കെടുത്ത് സംസാരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.