ഉറവിടത്തിൽ തന്നെ മാലിന്യം വേർതിരിക്കൽ; രണ്ടാംഘട്ടം തുടങ്ങി
text_fieldsദോഹ: മാലിന്യം ഉറവിടത്തിൽതന്നെ വേർതിരിക്കുന്ന പദ്ധതിയുടെ രണ്ടാം ഘട്ടത്തിന് തുടക്കം. മുനിസിപ്പാലിറ്റി പരിസ്ഥിതി മന്ത്രാലയത്തിന് (ബലദിയ) കീഴിലെ ജനറൽ ക്ലീൻലിനെസ് വകുപ്പിെൻറ നേതൃത്വത്തിലാണിത്. ബാങ്കുകൾ, സാമ്പത്തികകാര്യസ്ഥാപനങ്ങൾ, വാണിജ്യ വ്യാപാര സ്ഥാപനങ്ങൾ, മാളുകൾ തുടങ്ങി രാജ്യത്ത് പ്രവർത്തിക്കുന്ന വിവിധ സ്ഥാപനങ്ങളുമായി സഹകരിച്ചാണിത്. ഉറവിടത്തിൽനിന്ന് തന്നെ മാലിന്യം സംസ്കരിക്കാൻ കഴിയുന്ന രണ്ടു തരം പെട്ടികൾ മന്ത്രാലയം നൽകും. ഭക്ഷ്യഅവശിഷ്ടം (ജൈവിക സാധനങ്ങൾ), പുനഃചംക്രമണം സാധ്യമായ മാലിന്യം(കടലാസ്, പ്ലാസ്റ്റിക്, ഗ്ലാസ്, മെറ്റലുകൾ തുടങ്ങിയവ) എന്നിങ്ങനെ രണ്ട് രൂപത്തിലായാണ് മാലിന്യം വേർതിരിക്കുക. പുനഃചംക്രമണം സാധ്യമാകുന്ന മാലിന്യം മന്ത്രാലയം ശേഖരിച്ച് നിക്ഷേപിക്കാനുള്ള വിവിധ സ്ഥലങ്ങളിലേക്ക് കൊണ്ടുപോകും. ഇതിനുള്ള വാഹനവും മന്ത്രാലയം ഏർപ്പാടാക്കും. ജൈവിക മാലിന്യം ഉറവിടത്തിൽ തന്നെ ഉപയോഗിക്കുകയും വേണം.
2019ൽ തുടങ്ങി 2022ൽ അവസാനിക്കുന്ന തരത്തിൽ നാല് ഘട്ടങ്ങളിലായാണ് പദ്ധതി നടത്തിപ്പ്. 2019ൽ ആദ്യഘട്ടം തുടങ്ങി. 590 സ്കൂളുകൾ, കിൻറർഗാർട്ടനുകൾ എന്നിവയെ ആദ്യഘട്ടത്തിൽ ഉൾപ്പെടുത്തി. 48 ഹെൽത്ത് സെൻററുകൾ, വിദ്യാഭ്യാസ ഉന്നത വിദ്യാഭ്യാസ മന്ത്രാലയം എന്നിവയിലെ വിദഗ്ധരുമായി സഹകരിച്ചായിരുന്നു ഈ ഘട്ടം. നിരവധി സ്കൂളുകൾക്ക് പുതിയ മാലിന്യപെട്ടികൾ നൽകി.
നവംബർ 24ന് തുടങ്ങിയ രണ്ടാം ഘട്ടത്തിൽ 2000 മാലിന്യപെട്ടികളാണ് മാലിന്യം വേർതിരിക്കാൻ നൽകുക. 24 വാഹനങ്ങൾ മാലിന്യം കൊണ്ടുപോകാനും അനുവദിക്കുന്നുണ്ട്. അടുത്ത വർഷം തുടങ്ങുന്ന മൂന്നാംഘട്ടത്തിന് കീഴിൽ യൂനിവേഴ്സിറ്റികൾ, സർക്കാർ, അർധസർക്കാർ ഏജൻസികൾ, ബസ്സ്റ്റോപ്പുകൾ, േഹാട്ടലുകൾ, പൊതുപാർക്കുകൾ, കോർണിഷുകൾ, ദോഹ സിറ്റി എന്നിവയാണ് വരുക. 2022ലാണ് നാലാംഘട്ടം തുടങ്ങുക. ഈ ഘട്ടത്തിൽ രാജ്യത്തെ എല്ലാ വീടുകളും താമസകേന്ദ്രങ്ങളും വരും. പുനഃചംക്രമണം സാധ്യമായ മാലിന്യം ഇലക്ട്രോണിക് സംവിധാനം വഴി ശേഖരിക്കുകയാണ് ഈ ഘട്ടത്തിൽ ചെയ്യുക. ലോകകപ്പിനായുള്ള സ്റ്റേഡിയങ്ങൾ, മറ്റ് കേന്ദ്രങ്ങൾ, കെട്ടിടങ്ങൾ, മറ്റ് സൗകര്യങ്ങൾ എന്നിവയെല്ലാം നാലാമത് ഘട്ടത്തിൽ ഉൾപ്പെടും.
ഒരു പദ്ധതി, ഗുണം പലത്
പദ്ധതിയുടെ രണ്ടാംഘട്ടത്തിന് മുന്നോടിയായി അൽ റയ്യാൻ മുനിസിപ്പാലിറ്റിയിൽ യോഗം ചേർന്നു. മന്ത്രാലയത്തിലെയും വിവിധ സ്ഥാപനങ്ങളിലെയും അധികൃതർ പങ്കെടുത്തു. സുസ്ഥിരതയും പുരോഗതിയും ലക്ഷ്യമിട്ടാണ് പദ്ധതി നടപ്പാക്കുന്നതെന്നും ഇതിലൂടെ പരിസ്ഥിതി സംരക്ഷണവും കൂടിയാണ് മന്ത്രാലയം ലക്ഷ്യമിടുന്നതെന്നും മന്ത്രാലയത്തിലെ ജനറൽ ക്ലീനിങ് ഡിപ്പാർട്ട്മെൻറ് ഡയറക്ടർ മുഖ്ബിൽ മദ്ഹുർ അൽ ശമ്മാരി പറഞ്ഞു.
പദ്ധതി ദീർഘകാലലക്ഷ്യങ്ങളിലൂന്നിയുള്ളതാണ്. ഇതിലൂടെ മന്ത്രാലയത്തിെൻറ വിവിധ തന്ത്രപ്രധാന ലക്ഷ്യങ്ങൾ നേടുവാനും സാധിക്കും. വിവിധ പ്രദേശങ്ങളിലൂടെയുള്ള നിരീക്ഷണവും തുടർ പരിശോധനയും വിലയിരുത്തലും പദ്ധതിയിൽ ഉണ്ടാകും. ഇതിനായുള്ള രൂപരേഖ തയാറായിട്ടുണ്ട്. വിദഗ്ധ പരിശീലനം ലഭിച്ച ജീവനക്കാർ, വാഹനങ്ങൾ തുടങ്ങിയവും ലഭ്യമാക്കുന്നുണ്ട്. നിലവിലുള്ളതും അടുത്ത തലമുറക്കും കൂടി നല്ല പ്രകൃതിയെ നിലനിർത്തുക എന്നതാണ് പദ്ധതിയുടെ പരമമായ ലക്ഷ്യം. 2022 ഫിഫ ലോകകപ്പ് നടക്കുന്ന സാഹചര്യത്തിൽ പ്രത്യേകിച്ചും. മാലിന്യം പരമാവധി പുതിയ പദ്ധതിയിലൂടെ കുറക്കാൻ സാധിക്കും. മാലിന്യം പുനഃചംക്രമണം ചെയ്ത് ഉപയോഗിക്കുന്നതിലൂടെ സാമ്പത്തിക നേട്ടവും ഉണ്ടാക്കാം. ഖത്തർ ദേശീയ വീക്ഷണം 2030െൻറ ഭാഗമായാണ് നടപടികൾ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.