കൃഷി സമൃദ്ധമാക്കാൻ ഫാമുകൾക്ക് യന്ത്രോപകരണങ്ങളുടെ സേവനം
text_fieldsദോഹ: കാർഷികോൽപാദനം വർധിപ്പിക്കാൻ ഈ വർഷം 357 പ്രാദേശിക ഫാമുകൾക്ക് യന്ത്രങ്ങളുടെ സേവനം ലഭ്യമാക്കിയതായി കാർഷിക വകുപ്പ്. മുൻവർഷത്തെ അപേക്ഷിച്ച് 45 ശതമാനം കൂടുതൽ ഫാമുകൾക്കാണ് ഇത്തവണ യന്ത്രങ്ങളുടെ സേവനം നൽകിയത്.
ഉഴുന്നതിനും നിരപ്പാക്കുന്നതിനും ആവശ്യമായ പ്ലോ റയിലുകൾ, പ്ലോ ട്രാൻസ്പോർട്ട് വാഹനങ്ങൾ, നിലം നിരപ്പാക്കുന്ന യന്ത്രങ്ങൾ തുടങ്ങിയവ ഈ സേവനങ്ങളിൽ പെടുന്നു.
ദേശീയ ഭക്ഷ്യസുരക്ഷ പദ്ധതിക്ക് കീഴിൽ ഹസാദ് ഫുഡുമായി സഹകരിച്ച് കാർഷിക വകുപ്പാണ് ഉൽപാദനം വർധിപ്പിക്കാനുള്ള സേവനങ്ങൾ നൽകിയത്. ഭക്ഷ്യോൽപാദനത്തിൽ ഖത്തറിനെ സ്വയം പര്യാപ്തമാക്കുന്നതിൽ ഈ സേവനം ഏറെ സഹായകമാകുമെന്നാണ് അധികൃതരുടെ പ്രതീക്ഷ. കാർഷിക യന്ത്രവൽക്കരണ സേവനങ്ങൾക്കായി ഫാമുകൾ സമർപ്പിച്ച അപേക്ഷകളിൽ 95 ശതമാനവും സ്വീകരിച്ചു. 2022ൽ 61 ശതമാനം അപേക്ഷകൾക്കായിരുന്നു അംഗീകാരം നൽകിയിരുന്നത്.
കാർഷിക യന്ത്രവൽക്കരണ സേവനങ്ങളെക്കുറിച്ച് ഈ വർഷം മൂന്നാം പാദത്തിൽ മുനിസിപ്പാലിറ്റി മന്ത്രാലയം പുറത്തുവിട്ട റിപ്പോർട്ടിലാണ് ഇക്കാര്യം വ്യക്തമാക്കിയത്.
കാർഷിക മേഖലയിലെ ഏറ്റവും മികച്ച രീതികളും ആധുനിക മാർഗങ്ങളും ഉപയോഗിച്ച് കാർഷിക മേഖല വികസിപ്പിക്കുന്നതിനും സാങ്കേതികവിദ്യക്കൊപ്പം സഞ്ചരിക്കുന്നതിനുമുള്ള തന്ത്രത്തിന് കീഴിലാണ് ഈ സേവനങ്ങൾ വരുന്നതെന്ന് കാർഷിക വകുപ്പ് മേധാവി യൂസുഫ് ഖാലിദ് അൽ ഖുലൈഫി പറഞ്ഞു.
അൽ സുബാറയിലെ നോർത്ത് സെന്റർ, ഉംസലാലിലെ സെൻട്രൽ സെന്റർ, അൽ ഷഹാനിയയിലെ സൗത്ത് സെന്റർ എന്നീ മൂന്ന് കാർഷിക സേവന കേന്ദ്രങ്ങൾ വഴിയാണ് ട്രാക്ടറുകൾ, കലപ്പകൾ, ഗ്രേഡറുകൾ എന്നിവയുൾപ്പെടെയുള്ള കാർഷിക യന്ത്രങ്ങളും ഉപകരണങ്ങളും വിതരണം ചെയ്തതെന്ന് അൽ ഖുലൈഫി വ്യക്തമാക്കി.
ഫാം ഉടമകൾക്കായി കാർഷിക സഹായ പദ്ധതിയിൽ നിരവധി സംരംഭങ്ങളും പദ്ധതികളും സേവനങ്ങളുമാണ് കാർഷിക വകുപ്പ് നടപ്പാക്കുന്നതെന്നും ഇതിൽ ഏറ്റവും പ്രധാനം ഗ്രീൻ ഹൗസുകളും ആധുനിക ജലസേചന സംവിധാനങ്ങളും വിപുലീകരിക്കുന്നതിനുള്ള സംരംഭമാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. വിത്ത്, വളം, കീടനാശിനികൾ, വിവിധ വിൽപന കേന്ദ്രങ്ങളിൽ പ്രാദേശിക പച്ചക്കറികൾ വിപണനം ചെയ്യുന്നതിനുള്ള പാക്കിങ് ബോക്സുകൾ തുടങ്ങിയ മറ്റാവശ്യങ്ങളും കാർഷിക വകുപ്പ് നടപ്പാക്കി വരുന്നുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.