മിസൈദിന് സമീപം ഏഴ് പുതിയ റീസൈക്ലിങ് ഫാക്ടറികൾകൂടി
text_fieldsദോഹ: രാജ്യത്തിന്റെ സുസ്ഥിരത, പുനരുപയോഗ ശ്രമങ്ങൾ ഊർജിതമാക്കിക്കൊണ്ട് മിസൈദിന് സമീപം അൽ അഫ്ജ പ്രദേശത്ത് ഏഴ് പുതിയ റീസൈക്ലിങ് ഫാക്ടറികൾ ഉടൻ പ്രവർത്തനമാരംഭിക്കും.
ദോഹയിൽനിന്ന് 40 കി.മീ. അകലെ, മിസൈദ് ഇൻഡസ്ട്രിയൽ ഏരിയയിൽ സ്ഥിതിചെയ്യുന്ന അൽ അഫ്ജയെ, സുസ്ഥിരതക്കും സർക്കുലർ എക്കോണമിക്കും വേണ്ടിയുള്ള ഖത്തറിന്റെ ശ്രമങ്ങൾ ലക്ഷ്യംകാണുന്നതിന് റീസൈക്ലിങ് വ്യവസായത്തിന്റെ കേന്ദ്രമായി വികസിപ്പിക്കുന്നതിന്റെ ഭാഗമായാണിത്.നിലവിൽ 11 റീസൈക്ലിങ് ഫാക്ടറികൾ അൽ അഫ്ജയിൽ പ്രവർത്തിക്കുന്നുണ്ട്. ഏഴ് ഫാക്ടറികൾ ഉടൻ പ്രവർത്തനമാരംഭിക്കുമെന്നും പന്ത്രണ്ടോളം ഫാക്ടറികൾ നിർമാണത്തിലാണെന്നും മുനിസിപ്പാലിറ്റി മന്ത്രി അബ്ദുല്ല ബിൻ അബ്ദുൽ അസീസ് ബിൻ തുർക്കി അൽ സുബൈഈ പറഞ്ഞു.അൽ അഫ്ജയിൽ വ്യവസായ പ്രവർത്തനങ്ങൾക്കായി അനുവദിച്ച പ്ലോട്ടുകളുടെ എണ്ണം 252 ആയി ഉയർന്നിട്ടുണ്ടെന്നും ഇതിൽ 53 പ്ലോട്ടുകൾ റീസൈക്ലിങ് ഫാക്ടറികൾക്കായി നീക്കിവെച്ചിട്ടുണ്ടെന്നും ഈയിടെ നടന്ന പരിപാടിയിൽ മന്ത്രി അബ്ദുല്ല അൽ സുബൈഈ വ്യക്തമാക്കി. അൽ അഫ്ജ പ്രദേശത്തിന്റെ വികസനത്തിനായി ഘട്ടംഘട്ടമായാണ് പദ്ധതികൾ തയാറാക്കിയിരിക്കുന്നത്. എണ്ണ, മെഡിക്കൽ മാലിന്യങ്ങൾ, മരം, ലോഹം, ഇലക്ട്രോണിക് വസ്തുക്കൾ, പ്ലാസ്റ്റിക്, ടയറുകൾ, ബാറ്ററികൾ, നിർമാണ മാലിന്യങ്ങൾ വേർതിരിച്ച് പുനരുൽപാദിപ്പിക്കൽ, ഓർഗാനിക് സിമന്റ്, ഗ്ലാസ്, തുണി തുടങ്ങിയവയുടെ പുനരുപയോഗമാണ് അൽ അഫ്ജയിൽ നടപ്പാക്കാനുദ്ദേശിച്ചിരിക്കുന്നതെന്ന് മന്ത്രി വിശദീകരിച്ചു.
രാജ്യത്തെ സുസ്ഥിര നഗരമാക്കി മാറ്റുന്നതിന് ആവശ്യമായ എല്ലാ കഴിവുകളും ഖത്തറിനുള്ളതിനാൽ റീസൈക്ലിങ് മേഖലയിൽ അൽ അഫ്ജ പ്രദേശം വികസനത്തിന്റെ കുതിപ്പിന് സാക്ഷ്യംവഹിക്കുമെന്ന് വിശ്വസിക്കുന്നതായും അദ്ദേഹം പ്രത്യാശ പ്രകടിപ്പിച്ചു.മിസൈദിലെ മാലിന്യ സംസ്കരണ കേന്ദ്രത്തിനും ലാൻഡ്ഫിൽ പ്രദേശത്തിനും സമീപത്തായി അൽ അഫ്ജ പ്രദേശം വളരെ തന്ത്രപ്രധാനമായ സ്ഥലത്താണ് സ്ഥിതി ചെയ്യുന്നതെന്നും അദ്ദേഹം സൂചിപ്പിച്ചു.റീസൈക്ലിങ് വ്യവസായങ്ങൾക്കായി അൽ അഫ്ജയെ തെരഞ്ഞെടുത്തിരിക്കെ, പ്രദേശത്തിന്റെ വികസനത്തിന് സ്വകാര്യമേഖലക്ക് വലിയ പങ്കുവഹിക്കാനുണ്ടെന്നും മുനിസിപ്പാലിറ്റി മന്ത്രി അബ്ദുല്ല ബിൻ അബ്ദുൽ അസീസ് ബിൻ തുർക്കി അൽ സുബൈഈ വ്യക്തമാക്കി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.