നിയമലംഘനങ്ങൾക്ക് ശിക്ഷ കടുപ്പം
text_fields ദോഹ: തൊഴിൽ, വിസനിയമ ലംഘനങ്ങൾക്കെതിരെ കർശന മുന്നറിയിപ്പുമായി ഖത്തർ ആഭ്യന്തര മന്ത്രാലയം.
വിസ, താമസനിയമ ലംഘനങ്ങൾക്ക് കനത്ത പിഴയും ജയിൽശിക്ഷയും അനുഭവിക്കേണ്ടിവരുമെന്ന് ഉദ്യോഗസ്ഥർ മുന്നറിയിപ്പ് നൽകി. അനധികൃത വിസക്കച്ചവടം നടത്തുന്നവർക്കെതിരെ ശക്തമായ നടപടി സ്വീകരിക്കുമെന്ന് ആഭ്യന്തര മന്ത്രാലയം നടത്തിയ വെബിനാറിൽ അധികൃതർ അറിയിച്ചു.
അനധികൃതമായി വിസക്കച്ചവടം നടത്തിയാൽ മൂന്നു വർഷം തടവും 50,000 റിയാൽ പിഴയും ചുമത്തും.
കുറ്റകൃത്യം ആവർത്തിച്ചാൽ ഒരു ലക്ഷം വരെ പിഴ ചുമത്തുമെന്ന് യുനിഫൈഡ് സർവിസ് വിഭാഗം ഉദ്യോഗസ്ഥൻ ക്യാപ്റ്റൻ മുഹദ് അലി അൽ റാഷിദും സെർച്ച് ആൻഡ് ഫോളോഅപ് വിഭാഗം ഉദ്യോഗസ്ഥൻ ലഫ്. അഹമ്മദ് അബ്ദുല്ല അൽ മറിയും അറിയിച്ചു. ഖത്തറിലെ പ്രവാസികൾക്കായി സംഘടിപ്പിച്ച വെബിനാറിൽ വിവിധ രാജ്യങ്ങളിൽനിന്നുള്ള 280ഓളം പേർ പങ്കെടുത്തു. ഗ്രേസ് പീരിയഡ് സംബന്ധിച്ച കാര്യങ്ങൾ വിശദമാക്കാനും വിസ-താമസരേഖ സംബന്ധിച്ച നിയമവശങ്ങൾ അറിയിക്കാനുമായിരുന്നു വെബിനാർ സംഘടിപ്പിച്ചത്.
കാലാവധി കഴിഞ്ഞാൽ 10,000 റിയാൽ പിഴ
കാലാവധി കഴിഞ്ഞ താമസരേഖ നിശ്ചിത ദിവസത്തിനുള്ളിലും പുതുക്കിയില്ലെങ്കിൽ 10,000 റിയാൽ പിഴ ചുമത്തുമെന്ന് അധികൃതർ അറിയിച്ചു.
കാലാവാധി കഴിഞ്ഞ്, 90 ദിവസത്തിനുള്ളിൽ താമസരേഖ പുതുക്കണമെന്നാണ് നിയമം. എന്നാൽ, ഈ കാലപരിധിയും ലംഘിക്കുന്ന കേസുകളിലാണ് തൊഴിലുടമക്ക് കനത്ത പിഴ ചുമത്തപ്പെടുക. രാജ്യത്ത് പ്രവേശിച്ച് 90 ദിവസത്തിനുള്ളിൽ താമസരേഖ സ്വന്തമാക്കണമെന്നാണ് നിയമം. ഈ പരിധിക്കുള്ളിൽ ആർ.പി നേടിയില്ലെങ്കിൽ നിയമലംഘനമായി മാറും.
പാസ്പോർട്ട് പിടിച്ചുവെച്ചാൽ പണികിട്ടും
തൊഴിലാളികളുടെ നടപടിക്രമങ്ങൾ പൂർത്തിയാക്കുന്ന മുറക്ക് തൊഴിലുടമ പാസ്പോർട്ട് കൈമാറണമെന്ന് അധികൃതർ വ്യക്തമാക്കി. താമസ രേഖകള്‍ ലഭിച്ചുകഴിഞ്ഞാൽ, പാസ്പോർട്ട് തൊഴിലാളിക്ക് തിരികെ നൽകണം. വീഴ്ച വരുത്തിയാല്‍ തൊഴിലുടമക്ക് 25,000 റിയാല്‍ വരെ പിഴ ചുമത്തും. തൊഴിലാളികളുടെ റെസിഡൻറ്സ് പെര്‍മിറ്റ് പുതുക്കുന്നതിലും വീഴ്ചയുണ്ടാവരുത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.