സൂക്ഷിച്ചാൽ ദുഃഖിക്കേണ്ട...
text_fieldsദോഹ: ലഹരി ഉപയോഗവും, ലഹരിക്കടത്തും ഗുരുതര കുറ്റകൃത്യമായി കണക്കാക്കുന്ന രാജ്യമാണ് ഖത്തർ. നിയമലംഘനം നടത്തുന്നവരെ കാത്തിരിക്കുന്നത് കഠിന ശിക്ഷയും കനത്ത പിഴയും. ചതിയിലകപ്പെട്ട് ലഹരിക്കടത്തിന്റെ ഭാഗമായാലും ശിക്ഷയിൽ ഇളവുകളൊന്നും ലഭിക്കില്ലെന്ന് ഖത്തറിലെ നിയമ വിദഗ്ധരും സാമൂഹിക പ്രവർത്തകരും സാക്ഷ്യപ്പെടുത്തുന്നു. കുടുംബത്തെ കരകയറ്റാനുള്ള സ്വപ്നവുമായി ഗൾഫിലേക്ക് വിമാനം കയറുേമ്പാൾ, തങ്ങളുടെ ലഗേജിലോ മറ്റോ ഒരു തരത്തിലുള്ള ലഹരി വസ്തുക്കളോ, നിരോധിത മരുന്നുകളോ ഇല്ലെന്ന് ഉറപ്പുവരുത്തേണ്ടത് യാത്രചെയ്യുന്നവരുടെ മാത്രം ഉത്തരവാദിത്തമാണ്. കഞ്ചാവ്, ഹഷീഷ്, ഹെറോയിൻ, എം.ഡി.എം.എ മുതൽ 29 ലഹരി വസ്തുക്കളോ, ഇവ അടങ്ങിയ പദാർഥങ്ങളോ ഖത്തറിലേക്ക് കടത്തരുതെന്ന് കർശന നിർദേശമുണ്ട്. ഇവക്കൊപ്പം, ന്യൂറോ സംബന്ധമായ വിവിധ ചികിത്സകൾക്കായി ഉപയോഗിക്കുന്ന മരുന്നുകളും വിലക്കപ്പെട്ടവയുടെ പട്ടികയിലുണ്ട്. നിരോധിത വിഭാഗത്തിലുള്ള സൈകോ ആക്ടിവ്, സൈകോട്രോഫിക് മെഡിസിനുകളുടെ വിവരങ്ങൾ ഖത്തർ പൊതുജനാരോഗ്യമന്ത്രാലയം വെബ്സൈറ്റിൽ പ്രസിദ്ധീകരിച്ചിട്ടുണ്ട്.
ശിക്ഷ കഠിനം
വിമാനത്താവളങ്ങളിലോ മറ്റോ ലഹരി ഉൽപന്നങ്ങളുമായി പിടിയിലാവുന്നവരെ കാത്തിരിക്കുന്നത് കടുത്ത ശിക്ഷയാണ്. കേസ് നടപടികൾ പൂർത്തിയാകുന്നതോടെ ദീർഘകാല തടവും വലിയ തുക പിഴയും ശേഷം, നാടുകടത്തലുമാണ് കുറ്റവാളികൾക്ക് ചുമത്തുന്നത്. രണ്ട് ലക്ഷം റിയാൽ മുതൽ അഞ്ചു ലക്ഷം റിയാൽ വരെ പിഴയും, പത്ത് മുതൽ 20 വർഷം വരെ തടവും ലഭിക്കും. കുറ്റകൃത്യത്തിന്റെ സ്വഭാവവും ലഹരി ഉൽപന്നത്തിന്റെ അളവും ലക്ഷ്യവും അനുസരിച്ചിരിക്കും ശിക്ഷയുടെ അളവും.
ലഹരികടത്തുക എന്ന ഉദ്ദേശ്യത്തോടെ മയക്കുമരുന്ന് അല്ലെങ്കിൽ സൈക്കോട്രോപ്പിക് പദാർഥങ്ങൾ കയറ്റുമതി ചെയ്യുകയോ ഇറക്കുമതി ചെയ്യുകയോ ചെയ്യുന്നവർക്ക് വധശിക്ഷയോ ജീവപര്യന്തമോ നേരിടേണ്ടിവരുമെന്ന് കൺട്രോൾ ആൻഡ് റെഗുലേഷൻ ഓഫ് നാർകോട്ടിക് ഡ്രഗ്സ് ആൻഡ് ഡേഞ്ചറസ് സൈകോട്രോഫിക് സബസ്റ്റാൻസ് നിയമം ആർട്ടിക്ക്ൾ 34 വിശദീകരിക്കുന്നു. കുറ്റവാളികൾക്ക് മൂന്ന് ലക്ഷം (68 ലക്ഷം രൂപ) മുതൽ അഞ്ച് ലക്ഷം റിയാൽ (1.14 കോടി രൂപ) വരെ പിഴയും ചുമത്തും. ലഹരി മരുന്നുകളുടെ കച്ചവടവും ഉപയോഗവുമെല്ലാം കഠിന ശിക്ഷ ലഭിക്കുന്ന കുറ്റകൃത്യങ്ങൾ തന്നെ. ലഹരി ഉപയോഗിച്ചതിന് പിടിക്കപ്പെട്ടാൽ ആറ് മാസം മുതൽ ഒരു വർഷം വരെ തടവും, 10,000 റിയാൽ മുതൽ 20,000 റിയാൽവരെ പിഴയുമാണ് ശിക്ഷ.
ലഹരി പദാർഥങ്ങൾ ഇറക്കുമതി ചെയ്യുകയോ, കൈവശം വെക്കുകയോ, ഏറ്റെടുക്കുകയോ, വാങ്ങുകയോ, സ്വീകരിക്കുകയോ, കൊണ്ടുപോകുകയോ, ഉൽപാദിപ്പിക്കുകയോ, വേർതിരിച്ചെടുക്കുകയോ, നിർമിക്കുകയോ ചെയ്യുന്നവരും കുറ്റക്കാരാണ്.
സഹായം തേടാം
ലഹരി ഉപയോഗവും വിൽപനയും സംബന്ധിച്ച വിവരങ്ങൾ അറിയിക്കാനും സഹായം തേടാനും ഖത്തർ ആഭ്യന്തര മന്ത്രാലയത്തെ 2347000 നമ്പറിലേ drug@moi.gov.qa ഇ-മെയിൽ വിലാസത്തിലോ ബന്ധപ്പെടാവുന്നത്. പ്രവാസി ഇന്ത്യക്കാർക്ക് ഇതു സംബന്ധമായ വിവരങ്ങൾക്ക് ഖത്തറിലെ ഇന്ത്യൻ എംബസിയിൽ 4425 5714, 5509 7295 നമ്പറുകളിലും labour.doha@mea.gov.in ഇ-മെയിൽ വഴിയും ബന്ധപ്പെടാം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.