പ്രവാസി വോട്ടുറപ്പിച്ച് ഷാഫിയുടെ പര്യടനം
text_fieldsദോഹ: ഖത്തറിലെ പ്രവാസി മലയാളികൾക്കിടയിൽ ലോക്സഭ തെരഞ്ഞെടുപ്പിന്റെ ആവേശം പകർന്ന് വടകര പാർലമെന്റ് മണ്ഡലം യു.ഡി.എഫ് സ്ഥാനാർഥി ഷാഫി പറമ്പിലിന്റെ സന്ദർശനം. നാട്ടിലെ തെരഞ്ഞെടുപ്പ് പ്രചാരണ ചൂടിനിടയിൽ രണ്ടുദിവസത്തെ ഗൾഫ് സന്ദർശനത്തിനായി പുറപ്പെട്ട ഷാഫി, ഷാർജയിൽ കൺവെൻഷനിൽ പങ്കെടുത്തശേഷമാണ് തിങ്കളാഴ്ച വൈകുന്നേരത്തോടെ ദോഹയിലെത്തിയത്.
വിമാനത്താവളത്തിൽ യു.ഡി.എഫ് പ്രവർത്തകരുടെ നേതൃത്വത്തിൽ സ്വീകരണം ഏറ്റുവാങ്ങിയശേഷം രാത്രി ഒമ്പത് മണിക്ക് പൊഡാർ പേൾ സ്കൂളിൽ വടകര പാർലമെന്റ് മണ്ഡലം തെരഞ്ഞെടുപ്പ് കമ്മിറ്റി സംഘടിപ്പിച്ച ’വടകരാരവം’ കൺവെൻഷനിൽ ഷാഫി പങ്കെടുത്തു.
പൊഡാർ സ്കൂളിലെ വലിയ ഹാളിൽ ആയിരങ്ങളെ സാക്ഷിയാക്കിയായിരുന്നു ഖത്തറിലെ തെരഞ്ഞെടുപ്പ് ആവേശത്തിന് തിരികൊളുത്തിയത്. ഇഫ്താറും തറാവീഹ് നമസ്കാരവും കഴിഞ്ഞ് കണ്ണൂർ, കോഴിക്കോട് ജില്ലക്കാരും കേരളത്തിന്റെ മറ്റു ഭാഗങ്ങളിൽനിന്നുള്ളവരുമായ പ്രവാസികൾ അൽ മെഷാഫിലെ പൊഡാർ സ്കൂൾ മൈതാനത്തേക്ക് പുറപ്പെട്ടിരുന്നു.
ഹാളിലും പുറത്തുമായി തിങ്ങിനിറഞ്ഞ ആയിരങ്ങളുടെ നടുവിലേക്ക് രാത്രി 10ഓടെയാണ് ഷാഫി പറമ്പിലെത്തിയത്. ആരവങ്ങളും മുദ്രാവാക്യം വിളികളുമായി പ്രവർത്തകർ പ്രിയ സ്ഥാനാർഥിയെ ഏറ്റെടുത്തു. ഹാളിന്റെ ഒരറ്റത്തുനിന്ന് വേദിയിലേക്കെത്താൻതന്നെ സമയമെടുത്തു.
വടകര മണ്ഡലം യു.ഡി.എഫ് തെരഞ്ഞെടുപ്പ് കമ്മിറ്റി ചെയർമാൻ പാറക്കൽ അബ്ദുല്ല കൺവെൻഷൻ ഉദ്ഘാടനം ചെയ്തു. ലോക്സഭ തെരഞ്ഞെടുപ്പിന്റെ രാഷ്ട്രീയ പ്രാധാന്യം ചൂണ്ടിക്കാണിച്ചുകൊണ്ടായിരുന്നു തുടർന്ന് ഷാഫി സംസാരിച്ചത്.
സമകാലിക രാഷ്ട്രീയ സാഹചര്യത്തിൽ ഇന്ത്യയെ വീണ്ടെടുക്കാൻ ഓരോ സമ്മതിദാന അവകാശവും ഉപയോഗപ്പെടുത്തണമെന്ന് അദ്ദേഹം ഓർമിപ്പിച്ചു.
പ്രവാസികൾ ഏറെയുള്ള പാർലമെന്റ് മണ്ഡലത്തിൽനിന്നാണ് മത്സരിക്കുന്നതെന്നും അവരുടെ ശബ്ദമായി മാറുമെന്നും ഷാഫി ഉറപ്പുനൽകി. നാടിനും കുടുംബത്തിനും വേണ്ടി ആയുസ്സ് മുഴുവൻ പ്രവാസമണ്ണിൽ തൊഴിലെടുത്ത് തീർക്കുന്ന പ്രവാസികൾ നേരിടുന്ന വിവിധ വിഷയങ്ങൾ അധികൃതരിലെത്തിക്കാനും അതിന് പരിഹാരം കാണാനും മുന്നിലുണ്ടാകുമെന്നും അദ്ദേഹം ആവർത്തിച്ചു.
സാമ്പത്തിക ഭദ്രത അനുവദിക്കുന്ന പ്രവാസികൾ ഏപ്രിൽ 26ന് നടക്കുന്ന തെരഞ്ഞെടുപ്പിൽ വോട്ടുചെയ്യാൻ നാട്ടിലെത്തണമെന്ന് അഭ്യർഥിച്ച അദ്ദേഹം നാട്ടിലെ ബന്ധുക്കളുടെ വോട്ടുറപ്പിക്കണമെന്നും അഭ്യർഥിച്ചു.
വിപിൻ മേപ്പയ്യൂർ സ്വാഗതം പറഞ്ഞു. അബ്ദുൽ നാസർ (നാച്ചി) അധ്യക്ഷതവഹിച്ചു. കെ.എം.സി.സി പ്രസിഡന്റ് ഡോ. അബ്ദുസമദ്, ഇൻകാസ് നേതാക്കളായ കെ.കെ. ഉസ്മാൻ, കരുണ ഖത്തർ പ്രസിഡന്റ് സുധി നിറം എന്നിവർ സംസാരിച്ചു.
വിവിധ മണ്ഡലം കമ്മിറ്റി പ്രതിനിധികൾ ഷാഫി പറമ്പിലിനെ ഹാരാർപ്പണം ചെയ്തു സ്വീകരിച്ചു.
പ്രവാസികളുമായി നേരിട്ട് സംസാരിച്ചും വിവിധ പ്രവാസി സംഘടന ഭാരവാഹികളുമായി ആശയവിനിമയം നടത്തിയും ഓരോ വോട്ടും ഉറപ്പിച്ചുകൊണ്ടായിരുന്നു ഷാഫിയുടെ ഗൾഫ് പര്യടനം പൂർത്തിയാക്കിയത്. നാട്ടിലെ തെരഞ്ഞെടുപ്പ് ചൂടിനിടയിൽനിന്നാണ് ഏറെ പ്രവാസികളുള്ള മേഖല എന്നനിലയിൽ സ്ഥാനാർഥി ഗൾഫിലുമെത്തിയത്.
മറ്റു മണ്ഡലങ്ങളിലെ സ്ഥാനാർഥികളെയും പ്രവാസത്തിലെത്തിക്കാൻ ആലോചനകളുണ്ട്. ഇതോടൊപ്പം, ഓൺലൈൻ വഴി സമ്മേളനങ്ങളിലും സ്ഥാനാർഥികളെ പങ്കെടുപ്പിക്കാൻ വിവിധ മണ്ഡലം പ്രചാരണ കമ്മിറ്റികളുടെ പദ്ധതിയുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.