സ്ഹൈൽ 2023: ഫാൽക്കൺ പ്രദർശനത്തിനൊരുങ്ങി കതാറ
text_fieldsദോഹ: കടുത്ത ചൂടിന്റെ വിരസതമാറ്റി ആശ്വാസക്കാറ്റ് വീശി തുടങ്ങവെ, വീണ്ടും ഫാൽകൺ പക്ഷികളുടെ ഉത്സവകാലമെത്തുന്നു. ഖത്തർ വേദിയാവുന്ന മേഖലയിലെ തന്നെ ഏറ്റവും ശ്രദ്ധേയമായ കതാറയിലെ സ്ഹൈൽ ഫാൽകൺ പ്രദർശനത്തിന് ചൊവ്വാഴ്ച തുടക്കമാകുന്നു. ഏഴാമത് അന്താരാഷ്ട്ര വേട്ട, ഫാൽക്കൺ പ്രദർശനത്തിനാണ് സെപ്റ്റംബർ അഞ്ചു മുതൽ ഒമ്പതു വരെ കതാറ വേദിയാകുന്നത്.
അറബ് രാജ്യങ്ങളിലെയും യൂറോപ്, ആഫ്രിക്ക രാജ്യങ്ങളിലെയും പ്രദർശകരും സന്ദർശകരും ഏറെയെത്തുന്ന ഫാൽകൺ പ്രദർശനത്തിനായി ഖത്തറിന്റെ സാംസ്കാരിക ഗ്രാമത്തിലെ തയാറെടുപ്പുകൾ അവസാന ഘട്ടത്തിലാണ്. ഖത്തറിന് പുറമേ ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽനിന്നുള്ള 18 രാജ്യങ്ങളിൽനിന്നായി 190ലധികം പ്രാദേശിക, അന്തർദേശീയ കമ്പനികളാണ് ഇത്തവണ പ്രദർശനത്തിൽ സാന്നിധ്യമറിയിക്കുക. കുവൈത്ത്, സൗദി അറേബ്യ, യു.എ.ഇ തുടങ്ങിയ ജി.സി.സി രാജ്യങ്ങളിൽനിന്നുള്ള പങ്കാളിത്തമുൾപ്പെടെ ഏഴാമത് മേളയിൽ വിപുലമായ അന്താരാഷ്ട്ര പങ്കാളിത്തമാണ് പ്രതീക്ഷിക്കുന്നത്.
പ്രദർശനത്തിന്റെ ഭാഗമായുള്ള പവലിയനുകളുടെ നിർമാണം പൂർത്തിയായി കഴിഞ്ഞു. ഒരുമാസം മുമ്പുതന്നെ നിർമാണ പ്രവർത്തനങ്ങൾക്ക് തുടക്കം കുറിച്ചിരുന്നു. ഇത്തരത്തിൽ ഖത്തറിലെയും മേഖലയിലെയും ഏറ്റവും വലിയ സാമ്പത്തിക, സാംസ്കാരിക, പൈതൃക സമ്മേളനമായാണ് സ്ഹൈൽ അന്താരാഷ്ട്ര വേട്ട, ഫാൽക്കൺ പ്രദർശനത്തെ കണക്കാക്കുന്നത്.
ഫാൽക്കണർമാർ, വേട്ട പ്രേമികൾ, ഔട്ട്ഡോർ സാഹസിക പ്രിയർ എന്നിവരെ ഒരുമിച്ച് ഒരു കുടക്കീഴിൽ അണിനിരത്തുന്ന പ്രദർശനം, ലോകമെമ്പാടുമുള്ള ഫാൽക്കണറി ഉപകരണങ്ങളുടെയും വേട്ടയാടൽ ഉപകരണങ്ങളുടെയും നിർമാതാക്കളെയും കരകൗശല വിദഗ്ധരെയും ആകർഷിക്കുകയും ചെയ്യുന്നു. മികച്ച വേട്ട ഉപകരണങ്ങൾ, ആയുധങ്ങൾ, ഉൽപന്നങ്ങൾ എന്നിവ പ്രദർശിപ്പിക്കുന്നതിലും വിൽപന നടത്തുന്നതിലും അന്താരാഷ്ട്ര വൈദഗ്ധ്യമുള്ള ദേശീയ, അന്തർദേശീയതലങ്ങളിൽ പ്രമുഖരായ കമ്പനികളെ ഒരുമിപ്പിക്കുന്ന ഒരു ആഗോള സാമ്പത്തിക, വിപണന പ്ലാറ്റ്ഫോം കൂടിയാണ് പ്രദർശനം.
മുൻ പ്രദർശനങ്ങളിൽ നിന്നും വ്യത്യസ്തമായി 10 ശതമാനം അധികം വിസ്തൃതിയിലായിരിക്കും മേളക്കായി സ്ഥലമൊരുക്കുന്നത്. ഖത്തർ, ജി.സി.സി, മറ്റു രാജ്യങ്ങൾ എന്നിവിടങ്ങളിൽ നിന്നുള്ള കമ്പനികളുടെ വർധിച്ച് വരുന്ന പങ്കാളിത്തം കാരണമാണ് ഈ വിപുലീകരണം. മൂന്ന് സോണുകളായാണ് പ്രദർശനം ഒരുക്കുന്നത്. അൽ ഹിക്മ ഹാളിലെ സോൺ എയിൽ അപൂർവ ഫാൽക്കണുകൾ, വേട്ടയാടലുമായി ബന്ധപ്പെട്ട പരമ്പരാഗത കരകൗശല വസ്തുക്കളുടെയും ക്യാമ്പിങ് ഉപകരണങ്ങളുടെയും പ്രദർശനവും സ്ഹൈൽ ലേലവും നടക്കും. വേട്ടയാടുന്നതിനുള്ള റൈഫിളുകൾക്കും ആയുധ കമ്പനികൾക്കും വേദി സോൺ ബി ആയിരിക്കും. സൂഖ് വാഖിഫ് ആശുപത്രി പവലിയനും ഇവിടെയായിരിക്കും. മരുഭൂമിയിലൂടെയുള്ളതും വേട്ടക്കുമായുള്ള യാത്രകൾക്ക് ഉപയോഗിക്കുന്ന പരിഷ്കരിച്ച ഓഫ്-റോഡ് വാഹനങ്ങൾക്കും ക്യാമ്പിങ് ഉപകരണങ്ങൾക്കും പവലിയനുകൾ ഉയരുന്നത് സോൺ സിയിലാണ്.
നീണ്ട യാത്രകൾക്കും ക്യാമ്പുകൾക്കുമായുള്ള ആഢംബര മൊബൈൽ കാരവനുകൾ പ്രദർശിപ്പിക്കുന്നതിന് വേദിക്ക് പുറത്ത് പ്രത്യേക ഏരിയയും സജ്ജമാക്കുന്നുണ്ട്. ഇത് കൂടാതെ പ്രഭാഷണങ്ങൾക്കും ചർച്ചകൾക്കും സെമിനാറുകൾക്കുമായി ഒരു വേദിയും ഇവിടെയുണ്ടാകും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.