'സ്ഹൈൽ'ഫാൽക്കൺ മേളക്ക് ഇന്ന് തുടക്കം
text_fieldsദോഹ: ഫാൽക്കൺ പ്രേമികളുടെ സംഗമായ സ്ഹൈൽ രാജ്യാന്തര പ്രദർശനത്തിന് തിങ്കളാഴ്ച തുടക്കം. പ്രദർശനവും വിൽപനയും മേളയുമായി സെപ്റ്റംബർ പത്തുവരെ നീളുന്ന മേളക്ക് കതാറയാണ് വേദിയാവുന്നത്. പ്രാദേശികവും രാജ്യാന്തരതലത്തിൽ നിന്നുള്ളവയുമായ 180 സ്ഥാപനങ്ങൾവരെ ഫാൽക്കൺ മേളയിൽ പങ്കെടുക്കും. 20 രാജ്യങ്ങളുടെ പങ്കാളിത്തമുണ്ടാവുമെന്ന് സംഘാടകരായ കതാറയ കൾചറൽ വില്ലേജ് ഫൗണ്ടേഷൻ അറിയിച്ചു. മന്ത്രിമാർ, വിവിധ മന്ത്രാലയ പ്രതിനിധികൾ, വിവിധ രാജ്യങ്ങളുടെ നയതന്ത്ര പ്രതിനിധികൾ എന്നിവരും പങ്കെടുക്കും.
ഫാൽക്കൺ പക്ഷികളുടെയും വേട്ട ഉപകരണങ്ങളുടെയും ഫാൽക്കൺ പക്ഷികൾക്ക് ആവശ്യമായ വസ്തുക്കളുടെയും പ്രദർശനവും വിൽപനയുമാണ് മേളയുടെ ആകർഷണം. കൂടുതൽ പുതുമകളോടെയാവും ഇത്തവണ ഫാൽക്കൺ എക്സിബിഷന് കതാറ വേദിയാവുന്നത്. ഇ-പവിലിയനാണ് അതിൽ പ്രധാനം. വിദേശ കമ്പനികൾക്ക് തങ്ങളുടെ ഉൽപന്നങ്ങളും സേവനങ്ങളും ഇ-പവിലിയനിൽ പ്രദർശിപ്പിക്കാം.
മേഖലയിൽനിന്നുള്ള മുന്തിയ ഫാൽക്കൺ പക്ഷികളുടെ പ്രദർശനവും വിൽപനയുമാണ് പ്രധാന പരിപാടി. അൽഹുർ, ഷഹീൻ, ഗയ്ർഫാൽകൺ തുടങ്ങി അപൂർവ ഫാൽക്കൺ പക്ഷികൾ ഇത്തവണ പ്രദർശനത്തിനുണ്ട്. ഖത്തർ പൗരന്മാരും താമസക്കാരുമായ 12 കലാകാരന്മാർ തത്സമയ ചിത്രരചനകളുമായി പ്രദർശനത്തിന്റെ ഭാഗമാവും. മുൻവർഷങ്ങളേക്കാൾ 20 ശതമാനത്തോളം പങ്കാളിത്തം വർധിക്കുമെന്ന് സംഘാടകർ പ്രതീക്ഷ പ്രകടിപ്പിച്ചു.
ഫാൽക്കൺ പക്ഷികളുടെ പ്രദർശനം, ലേലം, വേട്ടക്കുള്ള ഉപകരണങ്ങൾ, കരകൗശല വസ്തുക്കൾ തുടങ്ങിയവയുടെയും പ്രദർശനവും വിൽപനയുമുണ്ടാവും. ഫാൽക്കൺ പക്ഷികളുടെ ചികിത്സക്കുള്ള ആശുപത്രി, സഫാരി ട്രിപ് വാഹനങ്ങൾ എന്നിവയും പ്രത്യേകതയാണ്. 2017ൽ ആരംഭിച്ച സ്ഹൈൽ പ്രദർശനത്തിന്റെ ആറാമത്തെ പതിപ്പാണ് ഇത്തവണ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.