ഗിന്നസ് റെക്കോഡിലേക്ക് ഓടിക്കയറി ഷക്കീർ ചെറായി
text_fieldsദോഹ: മോശം കാലാവസ്ഥ ഉയർത്തിയ കനത്ത വെല്ലുവിളി ഷക്കീർ ചെറായിയുടെ നിശ്ചയദാർഢ്യത്തിന് മുന്നിൽ വിലങ്ങുതടിയായില്ല. 30 മണിക്കൂർ 34 മിനിറ്റ് 09 സെക്കൻഡ് സമയം കൊണ്ട് ഖത്തറിന്റെ ഒരറ്റത്തുനിന്ന് അങ്ങേയറ്റം വരെ ഓടിയെത്തി ഈ തലശ്ശേരിക്കാരൻ കുറിച്ചത് ഗിന്നസ് റെക്കോഡിനെ വെല്ലുന്ന പ്രകടനം.
കഴിഞ്ഞ വർഷം ഫെബ്രുവരി നാലിന് തുനീഷ്യക്കാരൻ സഡോക് കൊച്ച്ബാറ്റി സ്ഥാപിച്ച 34 മണിക്കൂർ 19 മിനിറ്റ് 18 സെക്കൻഡ് എന്ന ലോക റെക്കോഡ് ആണ് ഷക്കീർ മറികടന്നത്. ഗിന്നസ് റെക്കോഡ് അധികൃതരുടെ വിലയിരുത്തലിനുശേഷം ലോക റെക്കോഡ് സംബന്ധിച്ച് അന്തിമ പ്രഖ്യാപനമുണ്ടാവും.
ഫെബ്രുവരി 17ന് രാവിലെ ആറുമണിക്ക് അബൂ സംറ അതിർത്തിയിൽനിന്നാണ് ഷക്കീർ ഓട്ടം തുടങ്ങിയത്. 200 കിലോമീറ്റർ ദൈർഘ്യമുള്ള ഹാപ്പിനസ് റണിന്റെ ഫിനിഷിങ് ശനിയാഴ്ച ലക്ഷ്യസ്ഥാനമായ അൽ റുവൈസ് പോർട്ടിലായിരുന്നു. നിലവിലെ റെക്കോഡ് തന്റെ പേരിലേക്ക് മാറ്റിയെഴുതുകയെന്ന ലക്ഷ്യവുമായാണ് ദോഹ ബാങ്കിൽ ജോലിനോക്കുന്ന ഷക്കീർ ചെറായി ഉദ്യമത്തിനിറങ്ങിയത്.
ശക്തമായ വടക്കുപടിഞ്ഞാറൻ കാറ്റും തണുപ്പും പൊടിക്കാറ്റുമൊക്കെ കടുത്ത വെല്ലുവിളികൾ സൃഷ്ടിച്ചെങ്കിലും തളരാതെ കുതിച്ച് ഗിന്നസ് റെക്കോഡിലേക്ക് ഓടിക്കയറുകയായിരുന്നു. ഒരുപകലും രാത്രിയും പിന്നിട്ട് ശനിയാഴ്ച ഉച്ചക്ക് 12.54നാണ് ഫിനിഷിങ് പോയന്റിലെത്തിയത്. ശക്തമായ പൊടിക്കാറ്റ് വകവെക്കാതെ 192.14 കിലോമീറ്റർ ദൂരമാണ് റെക്കോഡ് റണിനിടയിൽ പിന്നിട്ടത്.
വെൽനസ് റണിങ് ചലഞ്ചേഴ്സാണ് ഷക്കീറിന്റെ ഗിന്നസ് ശ്രമങ്ങൾക്ക് ചുക്കാൻപിടിക്കുന്നത്. വെൽനസ് ചലഞ്ചേഴ്സ് സ്ഥാപകൻ എബി ജോർജ് ഫ്ലാഗ് ഓഫ് ചെയ്ത ഹാപ്പിനസ് റണ് സിറ്റി എക്സ്ചേഞ്ചാണ് സ്പോൺസർ ചെയ്തത്. റണിങ് ആവേശമായി മനസ്സിൽ കൊണ്ടുനടക്കുന്ന ഷക്കീർ 12 വർഷമായി ‘ഓട്ടം’തുടങ്ങിയിട്ട്.
ഗൾഫ് മാധ്യമം ഖത്തർ റൺ, മീഡിയവൺ ദോഹ റൺ, ദോഹ ബാങ്ക് ഗ്രീൻ റൺ, ദുബൈ മാരത്തൺ, ഖത്തർ റണിങ് സീരീസ് എന്നിവയിലെല്ലാം പങ്കെടുക്കാറുണ്ട്.
ഗിന്നസ് റെക്കോഡ് തിരുത്തിയ ഷക്കീർ ചെറായിയെ അഭിനന്ദിക്കാൻ സാമൂഹിക, സാംസ്കാരിക മേഖലകളിലെ പ്രമുഖരടക്കം നിരവധി പേർ അൽ റുവൈസ് പോർട്ടിലെത്തിയിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.