ഷമീർ; ഒരിക്കലും മാപ്പില്ലാത്ത ചതിയുടെ ഇര
text_fieldsദോഹ: ഒരുപാട് സ്വപ്നങ്ങളുമായാണ് എറണാകുളം ഇടപ്പള്ളി വാട്ടേക്കുന്നം നാഗപ്പറമ്പിൽ ഷമീർ 2022 ജൂലൈയിൽ കുടുംബത്തോട് യാത്രപറഞ്ഞ് ഖത്തറിലേക്ക് പുറപ്പെട്ടത്. ജീവിതം പച്ചപിടിപ്പിക്കാനുള്ള മോഹവുമായി ഗൾഫ് വിസ തേടുന്നതിനിടെയാണ് ലോകകപ്പിനൊരുങ്ങുന്ന ഖത്തറിൽ ഒരുപാട് തൊഴിൽ അവസരങ്ങളുണ്ടെന്ന് പറഞ്ഞുകേട്ടത്. ലോകകപ്പുമായി ബന്ധപ്പെട്ട നിരവധി താൽക്കാലിക ജോലികൾക്ക് ഔദ്യോഗിക കേന്ദ്രങ്ങൾ വഴി റിക്രൂട്ട്മെന്റുകൾ നടക്കുന്ന സമയമായതിനാൽ, ഡ്രൈവർ ജോലി തരാമെന്ന ഏജൻസിയുടെ വാക്കുകളിൽ ഷമീറും വീണു. അങ്ങനെ സമീപിച്ച ഏജന്റ് ഒരുക്കിയ കെണി വലിയൊരു ചതിയുടെ തുടക്കമാണെന്ന് അദ്ദേഹം അറിഞ്ഞില്ല.
കോവിഡ് കാലമായതിനാൽ ഖത്തറിലെ ക്വാറൈന്റൻ ഒഴിവാക്കാൻ ദുബൈ വഴി യാത്രചെയ്യണമെന്നായിരുന്നു ആദ്യം നിർദേശിച്ചത്. വിസയും ടിക്കറ്റും അവർ നൽകി. അങ്ങനെ, ദുബൈയിലെത്തി ദോഹയിലേക്ക് പുറപ്പെടും മുമ്പായിരുന്നു സ്പോൺസർക്ക് നൽകാനുള്ള സമ്മാനം എന്നപേരിൽ ഏജന്റിന്റെ പ്രതിനിധി ഒരു ബാഗ് ഏൽപിക്കുന്നത്. യാത്രക്കിടയിൽ അപരിചിതരുടെ ബാഗ് വാങ്ങരുതെന്ന് മുന്നറിയിപ്പുകൾ നേരത്തെ കേട്ടതിന്റെ അടിസ്ഥാനത്തിൽ പരിശോധിച്ചെങ്കിലും സീൽ ചെയ്ത കവർ ആയതിനാൽ തുറന്നു നോക്കിയില്ലെന്ന് പിന്നീട് ജയിലിൽ സന്ദർശിച്ചവരോടും ബന്ധുക്കളോടും ഷമീർ പറഞ്ഞിരുന്നു. ഹമദ് വിമാനത്താവളത്തിൽ ഇറങ്ങിയതിനു പിന്നാലെ മയക്കുമരുന്ന് സഹിതം പിടികൂടിയ ഷമീറിന് തടവുശിക്ഷയും വിധിച്ചു.
എന്നാൽ, ചതിക്കിരയായി മയക്കുമരുന്നുമായി പിടിയിലായ വാർത്ത നാടറിയുന്നത് സമാനമായ സംഭവത്തിൽ ജയിലിലായ വരാപ്പുഴ ചിറയ്ക്കകം സ്വദേശി യശ്വന്തിന്റെ ബന്ധുക്കൾ എറണാകുളം റൂറൽ പൊലീസിൽ പരാതിയുമായെത്തിയപ്പോഴാണ്. മകനെ ജോലി വാഗ്ദാനം ചെയ്ത് ചതിയിലൂടെ മയക്കുമരുന്ന് കാരിയറാക്കിയതായി ചൂണ്ടിക്കാണിച്ച് യശ്വന്തിന്റെ അമ്മ നൽകിയ പരാതിയിൽ പ്രത്യേക അന്വേഷണം ആരംഭിച്ച കൊച്ചി പൊലീസ് 2022 ജൂലൈയിൽതന്നെ മൂന്നുപേരെ അറസ്റ്റു ചെയ്തു. എന്നാൽ, അന്താരാഷ്ട്ര റാക്കറ്റുകൾ പിന്നിലുണ്ടെന്ന് സംശയിക്കുന്ന കേസിൽ പ്രധാന കണ്ണികളെ പിടികൂടാൻ കഴിഞ്ഞില്ല.തടവുശിക്ഷ അനുഭവിക്കവെയാണ് ഷമീർ അർബുദ ബാധിതനാവുന്നത്. ഹമദ് മെഡിക്കൽ കോർപറേഷൻ ആശുപത്രിയിലായിരുന്നു ചികിത്സ. ഖത്തറിലെ ഇന്ത്യൻ എംബസി അപെക്സ് ബോഡിയായ ഐ.സി.ബി.എഫ്, മലയാളി സാമൂഹിക സംഘടനകളായ പ്രവാസി വെൽഫെയർ ആൻഡ് കൾചറൽ ഫോറം, എഡ്മാഖ് എന്നിവർ ഉൾപ്പെടെ പ്രവർത്തകർ ഷമീറിനുവേണ്ടി ഇടപെടൽ നടത്തി.
രോഗം ഗുരുതരമായതോടെ പരിചരണത്തിനായി ഭാര്യ ജാസ്മിന, മകൻ സാദിഖ് എന്നിവർക്ക് ഖത്തറിലെത്താൻ അവസരമൊരുക്കുകയും ചെയ്തിരുന്നു. ആദ്യം ഹയ വിസയിലും പിന്നീട് എ വൺ സന്ദർശക വിസയിലുമെത്തിയാണ് ഇവർ പരിചരിച്ചത്. ഇതിനിടെയാണ്, അമീർ ശൈഖ് തമീം ബിൻ ഹമദ് ആൽഥാനിയുടെ പൊതുമാപ്പിൽ ഷമീറിനെയും ഉൾപ്പെടുത്തിയത്. തുടർന്ന്, നിയമ നടപടികൾ എളുപ്പത്തിൽ പൂർത്തിയാക്കി, നാട്ടിലെത്തിച്ച് തുടർചികിത്സ നൽകാനുള്ള ശ്രമങ്ങളിലായിരുന്നു എംബസിയും ഐ.സി.ബി.എഫും വിവിധ സംഘടന പ്രവർത്തകരും. എന്നാൽ രോഗം തീവ്രമായതോടെ, ഒരിക്കലും മാപ്പില്ലാത്ത ചതിയുടെ ഇരയായി സ്വപ്നങ്ങളെല്ലാം പ്രവാസ മണ്ണിൽ ത്യജിച്ച് ഷമീർ എന്നന്നേക്കുമായി മടങ്ങി. പിതാവിനെ അവസാനമായി കാണാൻ മകളും അടുത്തിടെ ഖത്തറിലെത്തിയിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.