മയക്കുമരുന്ന് കെണിയിൽ കുരുങ്ങിയ ഷമീർ ഖത്തറിൽ മരിച്ചു; മാപ്പുകിട്ടിയിട്ടും നാടണയാനായില്ല
text_fieldsദോഹ: വിസ തട്ടിപ്പിനിരയായി ഏജൻറിന്‍റെ മയക്കുമരുന്ന് കെണിയിൽ കുരുങ്ങി ജയിലിലായ എറണാകുളം ഇടപ്പള്ളി സ്വദേശി ഖത്തറിൽ മരിച്ചു. വാട്ടേക്കുന്നം നാഗപ്പറമ്പിൽ പരേതനായ മുഹമ്മദ് അലിയുടെ മകൻ ഷമീർ (48) ആണ് ചികിത്സയിലിരിക്കെ ഖത്തറിൽ മരണപ്പെട്ടത്. തടവു ശിക്ഷ അനുഭവിക്കവെ അർബുദബാധിതനായ ഷമീർ ഹമദ് മെഡിക്കൽ കോർപറേഷൻ ആശുപത്രിയിൽ ചികിത്സയിലായിരുന്നു. കഴിഞ്ഞ റമദാനിൽ അമീർ ശൈഖ് തമീം ബിൻ ഹമദ് ആൽഥാനിയുടെ പൊതുമാപ്പിൽ ഉൾപ്പെട്ടെങ്കിലും നാടണയും മുമ്പേ ഷമീർ പ്രവാസമണ്ണിൽ മരണപ്പെട്ടു.
ജാസ്മിനാണ് ഭാര്യ. മക്കൾ: സാദിഖ്, സുമയ്യ, സയ്യദ്. സഹോദരങ്ങൾ: സലീം, ദിലീപ്, സകന. പരേതയായ ഫാത്തിമയാണ് മാതാവ്. നടപടികൾ പൂർത്തിയാക്കിയ ശേഷം മൃതദേഹം നാട്ടിലെത്തിക്കാനുള്ള ശ്രമത്തിലാണ് ഖത്തറിലെ ഇന്ത്യൻ എംബസി അപെക്സ് സംഘടനയായ ഐ.സി.ബി.എഫും പ്രവാസി വെൽഫെയർ ആൻറ് കൾചറൽ ഫോറം, എഡ്മാഖ് പ്രവർത്തകരും.
2022 ജൂലായിൽ എറണാകുളത്തു നിന്നുള്ള ഏജൻസി ജോലി വാഗ്ദാനം ചെയ്ത് നൽകിയ വിസ വഴിയായിരുന്നു ഷമീർ ഖത്തറിലെത്തിയത്. ലോകകപ്പ് ഫുട്ബാളുമായി ബന്ധപ്പെട്ട് തൊഴിലവസരമുണ്ടെന്ന് പറഞ്ഞായിരുന്നു നാട്ടിൽ ഡ്രൈവറായി ജോലി ചെയ്യുന്ന ഇദ്ദേഹത്തിന് വിസ നൽകിയത്. കൊച്ചിയിൽ നിന്നും ദുബൈയിലെത്തിയപ്പോൾ ഖത്തറിലെ സ്പോൺസറിനുള്ള സമ്മാനമെന്ന് പറഞ്ഞ് ഏജൻറ് നൽകിയ ബാഗുമായി ദോഹയിലേക്ക് പുറപ്പെട്ട ഷമീർ പരിശോധനയിൽ മയക്കുമരുന്നുമായി പിടിയിലായി. തുടർന്ന് തടവു ശിക്ഷ അനുഭവിക്കവെ, അർബുദ ബാധിതനാവുകയും കഴിഞ്ഞ ഡിസംബറിൽ ഹമദ് ആശുപത്രിയിൽപ്രവേശിപ്പിക്കുകയും ചെയ്തു. രോഗം ഗുരുതരമായതോടെ ഇന്ത്യൻ എംബസിയും സാമൂഹ്യ പ്രവർത്തകരും ഇടപെട്ട് ഭാര്യയെയും മകനെയും ദോഹയിലെത്തിച്ചിരുന്നു.
സമാനമായ കെണിയിൽ വരാപ്പുഴ ചിറയ്ക്കകം സ്വദേശി യശ്വന്തും ഖത്തറിലെ ജയിലിൽ ശിക്ഷ അനുഭവിക്കുകയാണ്. യശ്വന്തിന്‍റെ ബന്ധുക്കൾ വിസ ഏജൻറിനെതിരെ നൽകിയ പരാതിയിൽ കൊച്ചി കേന്ദ്രീകരിച്ചുള്ള മയക്കുമരുന്ന് സംഘത്തെ പിടികൂടിയിരുന്നു. എറണാകുളം റൂറല്‍ പൊലീസിന്‍റെ നേതൃത്വത്തിൽ പ്രത്യേകസംഘം നടത്തിയ അന്വേഷണത്തിൽ മൂന്ന് പേർ അറസ്റ്റിലായെങ്കിലും മുഖ്യ കണ്ണികളെ ഇപ്പോഴും പിടികൂടാൻ കഴിഞ്ഞിട്ടില്ല.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.