രാഷ്ട്രത്തലവന്മാരുമായി കൂടിക്കാഴ്ച നടത്തി ഖത്തർ അമീർ
text_fieldsദോഹ: ഷാങ്ഹായ് ഉച്ചകോടിക്കായി കസാഖ്സ്താൻ തലസ്ഥാനമായ അസ്താനയിലെത്തിയ ഖത്തർ അമീർ ശൈഖ് തമീം ബിൻ ഹമദ് ആൽഥാനി വിവിധ രാഷ്ട്രത്തലവന്മാരുമായി ചർച്ച നടത്തി. റഷ്യൻ പ്രസിഡന്റ് വ്ലാദിമിർ പുടിൻ, തുർക്കിയ പ്രസിഡന്റ് റജബ് ത്വയ്യിബ് ഉർദുഗാൻ, കസാഖ്സ്താൻ പ്രസിഡന്റ് കാസിം ജൊമാർട്ട് ടൊകായേവ് തുടങ്ങിയവരുമായി പ്രത്യേകം കൂടിക്കാഴ്ച നടത്തി. ഫലസ്തീനിലെ പ്രശ്നത്തിന് രാഷ്ട്രീയ പരിഹാരം കാണാനാണ് ശ്രമിക്കുന്നതെന്ന് അമീർ റഷ്യൻ പ്രസിഡന്റുമായുള്ള കൂടിക്കാഴ്ചയിൽ പറഞ്ഞു. ഗസ്സ യുദ്ധം ചർച്ചയിലൂടെ അവസാനിപ്പിക്കാനും ബന്ദി മോചനം എത്രയും വേഗം സാധ്യമാക്കാനുമാണ് ഖത്തർ ശ്രമിക്കുന്നത്. യുദ്ധം അവസാനിപ്പിച്ച് സ്വതന്ത്ര രാഷ്ട്രത്തിനായുള്ള ഫലസ്തീൻ ജനതയുടെ അഭിലാഷം സാധ്യമാകുമെന്ന് പ്രതീക്ഷിക്കുന്നു. 1967ലെ അതിർത്തി അടിസ്ഥാനമാക്കിയുള്ള സ്വതന്ത്ര ഫലസ്തീനാണ് വേണ്ടതെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു. ഖത്തർ നടത്തുന്ന സമാധാന ശ്രമങ്ങളും നയതന്ത്ര നീക്കങ്ങളും അഭിനന്ദനാർഹമാണെന്ന് പുടിൻ പറഞ്ഞു. ഖത്തർ അമീറും തുർക്കിയ പ്രസിഡന്റ് ഉർദുഗാനും തമ്മിലുള്ള ചർച്ചയിൽ മേഖലയിലെയും അന്താരാഷ്ട്ര തലത്തിലെയും വിവിധ വിഷയങ്ങൾ, വിശേഷിച്ച് ഫലസ്തീനിലെ പ്രശ്നം ചർച്ചയായി.
ഖത്തർ പ്രതിനിധി സംഘത്തിൽ അമീരി ദിവാൻ മേധാവി ശൈഖ് സഊദ് ബിൻ അബ്ദുറഹ്മാൻ ആൽഥാനി, വിദേശകാര്യ സഹമന്ത്രി സുൽത്താൻ ബിൻ സഅദ് അൽ മുറൈഖി, മുതിർന്ന ഉദ്യോഗസ്ഥർ എന്നിവരുമുണ്ടായിരുന്നു. ബുധനാഴ്ചയാണ് അമീറിന്റെ നേതൃത്വത്തിൽ ഖത്തർ പ്രതിനിധി സംഘം അസ്താനയിലെത്തിയത്. ഇന്ത്യ, ചൈന, കസാഖ്സ്താൻ, കിർഗിസ്താൻ, റഷ്യ, തജികിസ്താൻ, ഉസ്ബകിസ്താൻ, പാകിസ്താൻ, ഇറാൻ എന്നീ രാജ്യങ്ങളാണ് ഷാങ്ഹായ് കോഓപറേഷന് ഓര്ഗനൈസേഷന് കൂട്ടായ്മയിലുള്ളത്.
ഖത്തർ ഉൾപ്പെടെ 14 രാജ്യങ്ങൾ ഡയലോഗ് പാർട്ണർമാരാണ്. സാമ്പത്തിക, വാണിജ്യ, ഗതാഗത, ഊർജ മേഖലയിലെ സഹകരണത്തിനാണ് കൂട്ടായ്മ നിലവിൽ ഊന്നൽ നൽകുന്നത്. കസാഖ്സ്താനിൽനിന്ന് അമീർ പോളണ്ടിലേക്ക് തിരിച്ചു. പോളിഷ് ആൻഡ്രെജ് ദുഡ ഉൾപ്പെടെ നേതാക്കളുമായും മുതിർന്ന ഉദ്യോഗസ്ഥരുമായും അമീർ കൂടിക്കാഴ്ച നടത്തും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.