ഞങ്ങൾക്കെന്താ തോറ്റൂടേ, സിദാനെന്താ തോറ്റൂടേ'
text_fieldsപശ്ചിമ ജർമനിയും അർജന്റീനയും തമ്മിൽ നടന്ന 1990 ഫൈനലിന്റെ ലൈനപ്പ് ഫോട്ടോ നോട്ട് പുസ്തകത്തിന്റെ പൊതിയായി വെച്ച് താലോലിച്ചത് മുതൽ തുടങ്ങിയതാണ് ഫുട്ബാൾ ഓർമകൾ. എന്നാലത് കണ്ണീരിലണിഞ്ഞത് 1994 ജൂലൈ മാസത്തിലെ ഒരു പുലർച്ചെ പോണി ടെയിലും പൂച്ചക്കണ്ണുമുള്ള നീലക്കുപ്പായക്കാരൻ റോബർട്ടോ ബാജിയോയുടെ നാലാമത്തെ പെനാൽട്ടി ക്രോസ് ബാറിന് മുകളിലൂടെ പറന്നപ്പോഴായിരുന്നു.
നാദാപുരം, പെരിങ്ങത്തൂരിനടുത്ത കായപ്പനച്ചിയിൽ എന്ന ഞങ്ങളുടെ ഗ്രാമത്തിൽ ആദ്യ ടി.വിയുടെ ഉടമസ്ഥനായ അശോകേട്ടൻ എവിടെ നിന്നൊക്കെയോ സംഘടിപ്പിച്ച പലതരം ആൻറിനകൾ മണിക്കൂറുകൾ ട്യൂൺ ചെയ്താലാണ് ആളെ മനസ്സിലാകും വിധം വ്യക്തതയിൽ ലൈവ് കിട്ടുക. ഞങ്ങൾ കുട്ടികൾ നിലത്ത് ചമ്രംപടിഞ്ഞിരുന്നും മുതിർന്നവർ ബെഞ്ചിലും കോണിപ്പടിയിലുമായി ഇരുന്നും കാണികളാകും. സുലൈമാനിക്കയും ബാലകൃഷ്ണേട്ടനും പട്ടാളക്കാരൻ സ്റ്റൈൽ പഴയ കാല കളികളുടെ വീരവാദം തുടങ്ങിയിട്ടുണ്ടാകും. പിന്നെയുള്ള വെറ്ററൻ കാണികളായ ചിലരുടെ പ്രധാന വിനോദം ഞങ്ങൾ കുട്ടികളെ പിരികയറ്റുക എന്നതായിരുന്നു.
അങ്ങനെ ഡീഗോ മറഡോണയുടെ കളി ലൈവായി കണ്ട ലോകകപ്പിൽ ബാറ്റിസ്റ്റ്യൂട്ടയും ഒർട്ടേഗയും കനീജിയയും ഒന്നിച്ചിറങ്ങിയിട്ടും ഇഷ്ട ടീം അർജന്റീന ഒന്നാം റൗണ്ടിൽ തന്നെ പുറത്തായി. അർജന്റീനയോടുള്ള പ്രണയം ഏതൊരാളെയും ബ്രസീൽ വിരുദ്ധനാക്കുന്നതുപോലെ എന്നേയും ബ്രസിലിന്റെ എതിർ പക്ഷത്തുള്ള ഇറ്റലിയോടൊപ്പമാക്കി. അല്ലെങ്കിൽ, എങ്ങനെയാണ് റൊമാരിയോയും റൊണാഡോയും റൊണാൾഡീഞ്ഞോയും റോബർട്ടോ കാർലോസും കളിക്കുന്ന ഒരു ടീമിനെ നമ്മൾ വെറുക്കുക. അങ്ങനെ അവസാനം വരെ ബെബറ്റോക്കും റൊമാരിയോക്കും എതിരെ കട്ടക്ക് നിന്ന ബാജിയോ ദുരന്ത നായകനായപ്പോൾ റോമിൽ നിന്നും മിലാനിൽ നിന്നും ആയിരക്കണക്കിന് കിലോമീറ്ററുകൾക്കപ്പുറം കണ്ണീരണിഞ്ഞ് ഉറക്കം നഷ്ടപ്പെട്ട് ഞാനും ഇരുന്നു.
ലോകകപ്പ് ഓർമകൾ ടെലിവിഷന് മുന്നിൽ മാത്രം ഒതുങ്ങുന്നതല്ല ഞങ്ങൾക്ക്. കൊയ്ത്ത് കഴിഞ്ഞ പാടം ഉഴുതു മറിക്കാനുള്ള പൈസ വാടകയായി കൊടുത്ത് കവുങ്ങ് മുറിച്ച് ഗോൾ പോസ്റ്റാക്കി ഓരോരുത്തരും മനസ്സിൽ റൊണാൾഡോയും സിദാനും ദെൽപിയറോയും സാവിയും ഗുളളിറ്റുമൊക്കെയായി ലുങ്കിയുമുടുത്ത് നഗ്നപാദനായി കളത്തിൽ ഇറങ്ങും. മഗ്രിബ് ബാങ്ക് കൊടുത്താൽ കളി നിർത്തണമെന്ന നാട്ടു മര്യാദ അനുസരിച്ച് കളി നിർത്തിയാലും റോഡരികിൽ നിറഞ്ഞുനിന്ന് വൈകും വരെ വാഗ്വാദങ്ങളും പരസ്പരം പരിഹാസങ്ങളുമായി ഇനിയൊരിക്കലും ഈയൊരു സുന്ദര നിമിഷം തിരിച്ചുകിട്ടില്ലെന്ന് അറിയാതെ നാളെ കാണാം എന്നു പറഞ്ഞ് തല്ലിപ്പിരിയും. ലോകകപ്പ് കാലം അന്ന് ടി.വിയുള്ള അശോകേട്ടന്റെയും സുരൻ മാസ്റ്ററ്റുടേയും വീട്ടുകാർക്കും അയൽവാസികൾക്കും ഞങ്ങൾ ഉറക്കമില്ലാത്ത രാവ് സമ്മാനിച്ചിരുന്നു. അങ്ങനെയാണ് കളി ജീവിതം കഴിഞ്ഞ് പ്രവാസത്തിലേക്ക് കടക്കുന്ന സമയത്ത് 2006 ലോകകപ്പിൽ ക്വാർട്ടറിൽ പുറത്തായ അർജന്റീനക്കുപകരം സിദാന്റെ ഫ്രാൻസിനെ നെഞ്ചിലെടുക്കുന്നത്. 1998 ഫൈനലിൽ ബ്രസീലിന്റെ ഗോൾവല തുളച്ച ബുള്ളറ്റ് ഹെഡർ ഉതിർത്ത സിദാന്റെ ആ മൊട്ടത്തല 2006ൽ മാർക്കോ മറ്റരാസിയുടെ നെഞ്ചിൻ കൂട് ഇളക്കുന്നത് കാണുന്നത്. അന്ന് ട്രൈ ബ്രേക്കറിനുശേഷം ആദ്യമായി തോറ്റ ടീമിനുവേണ്ടി നിരത്തിലിറങ്ങി ഞങ്ങൾ ആഹ്ലാദ പ്രകടനം നടത്തി ആർത്തുവിളിച്ചു.
ഞങ്ങൾക്കെന്താ തോറ്റൂടേ, സിദാനെന്താ തോറ്റൂടേ...
അന്നത്തെ പതിനാലും ഇരുപത്തൊന്നും ബ്ലാക്ക് ആൻഡ് വൈറ്റും പിന്നെ കളറെന്ന് പറയാവുന്ന ടി.വിക്കും മുന്നിൽ നിന്ന് വർഷങ്ങളും കളിയും ആഫ്രിക്കയിൽ എത്തിയപ്പോൾ കളിയേക്കാൾ ഷാക്കിറയും വാക്ക വാക്കയും. പിന്നീട് മെസ്സിയും നെയ്മറും ഒക്കെയായി അറബ് മരുഭൂമിയിൽ എത്തിനിൽക്കുന്നു.
ദൈവാനുഗ്രഹം ഉണ്ടെങ്കിൽ ഡിസംബർ 18ന് ലുസൈൽ സ്റ്റേഡിയത്തിൽ ഫൈനലിന് പോറ്റമ്മ നാടിന്റെ വളന്റിയർ ആയി ഉണ്ടാകും. ശിഹാബുവും സുനിയും റിഗേഷും ഫാറൂഖും തുടങ്ങി നാട്ടിലെ ചങ്കുകൾ ഒരു മിന്നായം പോലെ സ്ക്രീനിൽ എവിടേയോ നമ്മളേയും തിരയും. അങ്ങനെ അവർ നമ്മളെ കണ്ടാൽ ഖത്തർ തരുന്ന ഒട്ടേറെ സൗഭാഗ്യങ്ങളിൽ ഒന്നായി അതും മാറും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.