കണ്ണീർ തുള്ളിയായി അവൾ പോയ് മറഞ്ഞു
text_fieldsശ്രീകല ഗോപിനാഥ് ജിനൻ
ഓരോ വേർപാടും ബാക്കിയാക്കുന്നത് എത്രയെത്ര പ്രതീക്ഷകളാണ്, വാക്കുകളാണ്, സ്വപ്നങ്ങളാണ്, ഓർമകളാണ്. മിൻസ എന്ന കുഞ്ഞിന്റെ വേർപാടിന്റെ തരിപ്പിൽനിന്ന് മനസ്സും ശരീരവും മുക്തമാകുന്നില്ല ഇപ്പോഴും. തലയിലൂടെ ഗുഡ്സ് ട്രെയിനുകൾ പാഞ്ഞുപോകുന്നതുപോലെ... ഒരു കത്തിവെച്ച് തലങ്ങും വിലങ്ങും ശരീരത്തിൽ വരയുന്നതുപോലെ. അത്രക്കും തീവ്രമാണീ വേദന... അത്രയും അസഹനീയമാണീ ദുരന്തം.
കാരണം ആ കുഞ്ഞ് ജീവിതത്തിന് എന്നെന്നേക്കുമായി അന്ത്യംകുറിച്ച അനാസ്ഥ അതിഭീകരമാണ്. കണ്ണടച്ചാലും തുറന്നാലും തെളിയുന്നത് ഒരേ കാഴ്ച. പൊള്ളുന്ന ചൂടിൽ തളർന്നുരുകി ഒരുപക്ഷേ കരയാൻപോലുമാകാതെ ചില്ലുകൂട്ടിലെ ക്രൂരമായ, ഭേദിക്കാൻ കഴിയാത്ത ആ നിശ്ശബ്ദതയിൽപെട്ട് പകച്ചുനിൽക്കുന്ന കുഞ്ഞിന്റെ മുഖമാണ് മനസ്സിൽ. നൂറായിരം കഷ്ണങ്ങളായി ചിതറിത്തെറിക്കുന്നുണ്ട് ഹൃദയം.
എന്തായിരുന്നു അവർക്കിത്ര ധിറുതി? ഒന്ന് പരിശോധിക്കാൻപോലും നിൽക്കാതെ ബസ് പൂട്ടി പോകാൻ മാത്രം? അതോ സ്ഥിരമായി ഇങ്ങനെയാണോ പല സ്കൂളിലെയും രീതി? അറിയില്ല.
കൊച്ചു കുഞ്ഞുങ്ങളാണ് വാനിൽ. പല പല കാരണങ്ങൾകൊണ്ട് തീരെ കുഞ്ഞുപ്രായത്തിൽതന്നെ സ്കൂളിൽ പോകേണ്ടിവരുന്നവർ. എ.സിയുടെ തണുപ്പിൽ പുതച്ചുമൂടി ഒന്നുമറിയാതെ മണിക്കൂറുകളോളം ഉറങ്ങേണ്ട പ്രായത്തിൽ, നേരത്തേ ഉറക്കംവിടുവിച്ച് എഴുന്നേൽപിച്ച് അഞ്ചരക്കും ആറു മണിക്കുമൊക്കെ സ്കൂൾ ബസിൽ കയറ്റി വിടുന്ന കുഞ്ഞുങ്ങൾ കയറിയ പാടേ ഉറങ്ങിപ്പോകും. സ്കൂളെത്തുമ്പോൾ അവരെ ഏറ്റവും നന്നായിതന്നെ സ്നേഹത്തിൽ സാവകാശത്തിൽ എഴുന്നേൽപിച്ച് കൊണ്ടു പോകേണ്ടത് സ്കൂളിലെ ഉത്തരവാദിത്തപ്പെട്ട ചുമതലയിലുള്ളവരാണ്.
ഈ കുഞ്ഞുങ്ങൾ ഒരിക്കലും കണ്ടറിഞ്ഞ് കാര്യങ്ങൾ ചെയ്യാൻ പ്രാപ്തിയായവരല്ലെന്ന് എല്ലാവർക്കുമറിയാം. സ്കൂളെത്തുമ്പോൾ ഉണർന്ന്, ബാഗും തൂക്കി തനിയെ നടന്നുപോകാൻ മാത്രം അറിവോ പ്രായമോ അവർക്കായിട്ടില്ല. താഴെ വീഴാതെ സീറ്റിൽതന്നെ അടങ്ങിയൊതുങ്ങിയിരുന്ന് ഉറങ്ങുമോ ഈ കുഞ്ഞുങ്ങൾ? ഇതെല്ലാം കുട്ടികളെ കൈകാര്യംചെയ്യുന്നവർ മനസ്സിലാക്കിയിരിക്കണം.
എ.സിയുടെ തണുപ്പിനെപ്പോലും തോൽപിക്കുന്ന കത്തുന്ന ചൂടിൽ വിയർത്ത് വാടിത്തളർന്നുറങ്ങുന്ന കുട്ടികൾ ഈ സമയത്തെ പതിവുകാഴ്ചയാണ്. അങ്ങനെയുള്ള കുഞ്ഞുങ്ങളെ അവരുടെ മനസ്സും ശരീരവുമറിഞ്ഞ് പരിചരിക്കാൻ പരിശീലനം കിട്ടിയവർ തന്നെയാകണം സഹായികളാകേണ്ടത്.
കുഞ്ഞുങ്ങളെ നോക്കാൻ ബുദ്ധിമുട്ടാണ്. പക്ഷേ, പ്രായംകൊണ്ടും പരിശീലനവും അറിവുംകൊണ്ടും ആ ബുദ്ധിമുട്ടിനെ മറികടക്കാനുമുള്ള മാനസികവും ശാരീരികവുമായ ശേഷിയുള്ളതുകൊണ്ടാണ് നമ്മൾ മുതിർന്നവരും അവർ കുട്ടികളുമാകുന്നത്.
പതിനൊന്നും ആറും വയസ്സുള്ള രണ്ടു കുഞ്ഞുങ്ങളുടെ അമ്മയാണ് ഞാൻ. അവരുടെ മാനസികവും ശാരീരികവുമായ സുരക്ഷ കൃത്യമായി ഉറപ്പു വരുത്തുന്നതിന് എല്ലാ രീതിയിലും സ്കൂളുമായോ ക്ലാസ് ടീച്ചറുമായോ നിരന്തരമായി ബന്ധപ്പെടുകയും ഇടക്കും തലക്കുമെങ്കിലും കുട്ടികൾ വീട്ടിൽ വന്ന് പറയുന്ന പരാതികളിൽ കഴമ്പുണ്ടോയെന്ന് ചോദിച്ചുറപ്പുവരുത്തി, അതിൽ എടുക്കേണ്ടത് മാത്രമെടുത്ത് ഉത്തരവാദിത്തപ്പെട്ടവരെ അറിയിച്ച് വിവരങ്ങളറിയാൻ നിഷ്കർഷിക്കുന്ന ഒരു രക്ഷിതാവ് എന്ന നിലക്ക് നട്ടുച്ച ചൂടിൽ കുട്ടി കൂടുതൽ വിയർത്താൽ ബസിൽ എ.സി കാര്യക്ഷമമാണോയെന്നും കുട്ടികൾ സീറ്റ് ബെൽറ്റ് ഇടുന്നുണ്ടോയെന്നും സീറ്റുകൾക്ക് ഹാൻഡ് റെസ്റ്റ് ഉണ്ടോയെന്നും തുടങ്ങി എല്ലാമന്വേഷിക്കാറുണ്ട്. ക്ലാസിനുള്ളിലെ വിഷയങ്ങളുമായി ബന്ധപ്പെട്ട കാര്യമാണെങ്കിൽ അങ്ങനെയും.
കാരണം, അവർ കുഞ്ഞുങ്ങളാണ്. നമ്മുടെ കൺവെട്ടത്തുനിന്നു പോയാലും അവർ സുരക്ഷിതരായിരിക്കണമെന്നത് അവരുടെ അവകാശമാണ്. ആ സുരക്ഷ ഉറപ്പുവരുത്തേണ്ടത് നമ്മുടെ ഉത്തരവാദിത്തമാണ്.
ഒരമ്മ, അച്ഛൻ, ടീച്ചർ എന്നതിനേക്കാൾ മനുഷ്യരായി പിറന്ന ആരുടെയും ഹൃദയമിടിപ്പ് ഒരു നിമിഷമെങ്കിലും നിന്നുപോയിട്ടുണ്ടാകും ഈ വാർത്തയറിഞ്ഞ മാത്രയിൽ. ആ ഞെട്ടലിനെ കുറച്ചു നേരത്തേക്ക് മറികടന്ന ഏതോ ഒരു മാത്രയിൽ ഞാനെന്റെ കുഞ്ഞിന്റെ ബസ് ഡ്രൈവറെ വിളിച്ചു, കുഞ്ഞുങ്ങളെ എല്ലാവരെയും ശ്രദ്ധിച്ചോളണേ എന്ന് പറഞ്ഞുകൊണ്ട്. അവർ പഠിക്കുന്ന സ്കൂളിൽ കുട്ടികൾ ഇറങ്ങിക്കഴിഞ്ഞാൽ മൂന്നു പേർ വിശദമായി പരിശോധിച്ച് ഉറപ്പുവരുത്തിയതിനുശേഷമേ ബസ് അടച്ച് പോകുകയുള്ളൂവെന്നാണ് അദ്ദേഹം പറഞ്ഞത്. കുട്ടികളെ എണ്ണി തിട്ടപ്പെടുത്തിയശേഷമേ ബസ് പുറപ്പെടൂ. ബസിൽ എ.സി കൃത്യമായി പ്രവർത്തിക്കുന്നുണ്ടോ, ബസ് അമിത വേഗത്തിൽ പോകുന്നുണ്ടോ, പെട്ടെന്ന് ബ്രേക്ക് ഇടാറുണ്ടോ എന്നതു തുടങ്ങി ട്രാൻസ്പോർട്ടേഷൻ സംബന്ധിച്ച എല്ലാ കാര്യങ്ങളിലും കുട്ടികളുടെയും മാതാപിതാക്കളുടെയും പ്രതികരണങ്ങളറിയാൻ സർവേ നടത്തുന്നുമുണ്ട്.
മനഃപൂർവമല്ലാതെ വന്നുപോയ ഒരു വലിയ പിഴവ് നഷ്ടപ്പെടുത്തുന്നത് എത്ര ജീവിതങ്ങളെയാണ്. എല്ലാവരും നാളെയെപ്പറ്റി എന്തെല്ലാം സ്വപ്നങ്ങൾ നെയ്തവരായിക്കും.
ഒരുപക്ഷേ ആയുസ്സിന്റെ നീളത്തിൽ അവർക്കെല്ലാം ഒരു തിരിച്ചുവരവ് സാധ്യമായിരിക്കാം. പക്ഷേ, കുറെ കുഞ്ഞുടുപ്പുകളുണ്ട്, ചായപ്പെൻസിലുകളുണ്ട്, പുസ്തകങ്ങളുണ്ട്, കളിപ്പാട്ടങ്ങളുണ്ട്, ഒരമ്മയുണ്ട്, അച്ഛനുണ്ട്, ചേച്ചിയുണ്ട്, ഇനിയും കുറേയേറെപ്പേരുണ്ട്... അവളെ കാത്ത്. ജീവിക്കാനുള്ള അവളുടെ അവകാശമാണ് നിഷേധിക്കപ്പെട്ടത്.
പിറന്നാൾകേക്കിന്റെ മധുരംപോലും നുണയാനാകാതെ ആ കുഞ്ഞ്. ആയുസ്സത്രയേ വിധിച്ചിട്ടുള്ളൂവെന്ന് പറയാനെന്തെളുപ്പം! പക്ഷേ, ഈ മുറിവുണങ്ങില്ല. ഒരിക്കലും. ഈ വേദന അടങ്ങില്ല. കാരണം ആ കുഞ്ഞോമന ബാക്കിയാക്കുന്ന ഓർമകൾ എന്നും ജീവനുള്ളതാണ്. ആരും ആർക്കും പകരമാവില്ല.
സാറ, എയ്ഡൻ... ഒടുവിൽ മിൻസയും
ദോഹ: 2010ൽ ചൂടുകാലം തുടങ്ങുന്ന ഒരു മേയ് മാസത്തിലായിരുന്നു നാലു വയസ്സുകാരിയായ സാറ ഗസ്ദർ എന്ന കെ.ജി ഒന്നാം ക്ലാസുകാരി സമാനമായ സംഭവത്തിൽ മരണപ്പെട്ടത്. ഇന്ത്യൻ സ്കൂൾ വിദ്യാർഥിനി സാറ ബസിൽ ഉറങ്ങിപ്പോയപ്പോൾ, ഇതൊന്നുമറിയാത ഡ്രൈവർ ബസ് പാർക്ക് ചെയ്ത് വീട്ടിലേക്ക് പോവുകയായിരുന്നു. കുട്ടി സ്കൂൾ സമയം കഴിഞ്ഞിട്ടും തിരിച്ചെത്താതായതിനെ തുടർന്ന് വീട്ടുകാർ സ്കൂൾ അധികൃതരെ ബന്ധപ്പെടുകയും തുടർന്ന് നടന്ന അന്വേഷണത്തിൽ പാർക്ക് ചെയ്ത ബസിനുള്ളിൽ ശ്വാസം മുട്ടി മരിച്ച നിലയിൽ കണ്ടെത്തുകയുമായിരുന്നു.
കുറ്റക്കാരനെന്ന് കണ്ടെത്തിയ ബസ് ഡ്രൈവറെ തടവിനു ശിക്ഷിച്ചു. രാജസ്ഥാനിലെ ജോധ്പൂരിൽ നിന്നുള്ള കുടുംബാംഗമായ സാറയുടെ മരണം ഖത്തറിൽ സ്കൂൾ മേഖലയിലെ ബസ് യാത്ര സുരക്ഷ കർശനമാക്കാൻ കാരണമായി. വിദ്യഭ്യാസ മന്ത്രാലയത്തിന്റെയും മറ്റും കർശന ഇടപെടലിൽ സ്വകാര്യ സ്കൂളുകളിലെ വിദ്യാർഥികളുടെ യാത്ര സുരക്ഷിതമാക്കി. പിന്നീട് സമാനമായ ദുരന്തങ്ങളൊന്നുമില്ലാതെ സൂക്ഷിക്കാനായി.
ഇതിനിടയിൽ, 2016ൽ സർവോദയ സ്കൂൾ ബസ് അപകടത്തിൽ പെട്ടാണ് മലയാളിയായ അഞ്ചുവയസ്സുകാരി എയ്ഡൻ വർഗീസ് ഷാജി മരിച്ചത്. ഈ സംഭവത്തിലും ഡ്രൈവർ ശിക്ഷിക്കപ്പെട്ടിരുന്നു. രണ്ട് സംഭവങ്ങളും സ്കൂൾ വിദ്യാർഥികളുടെ യാത്ര സുരക്ഷ വർധിപ്പിക്കാൻ കാരണമായി. സ്കൂൾ ജീവനക്കാർക്കും അധ്യാപകർക്കും ബസ് ജീവനക്കാർക്കുമെല്ലാം നിരന്തരം ബോധവത്കരണവും പരിശീലനവും അധികൃതർ നൽകി സുരക്ഷ ഉറപ്പുവരുത്തുമ്പോഴാണ് ഇത്തരം പിഴവുകൾ ആവർത്തിക്കുന്നത്.
കുട്ടികളെ ഇറക്കിയ ശേഷം, ബസിലെ ഓരോ സീറ്റിനടിയിലും സൂക്ഷ്മമായ പരിശോധിക്കണമെന്നും ഡ്രൈവർക്ക് പുറമെ ഒരു ജീവനക്കാരി കൂടി ബസിലുണ്ടാകണമെന്നുമെല്ലാം നിർദേശമുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.