ഖത്തറിൻെറ എഴുത്തുകാരിയെ തേടി ചെറുകാട് പുരസ്കാരം
text_fieldsദോഹ: മലയാള സാഹിത്യ ലോകത്തെ ശ്രദ്ധേയ പുരസ്കാരങ്ങളിൽ ഒന്നായ ചെറുകാട് അവാർഡ് വിമാനം കയറി ഖത്തറിലേക്ക്. പതിറ്റാണ്ടു കാലമായി ഖത്തറിലെ മലയാള വായനാ സമൂഹത്തിലും സാഹിത്യ പ്രേമികൾക്കുമിടയിൽ സുപരിചിതയായ ഷീലാ ടോമിയുടെ 'വല്ലി' എന്ന നോവലാണ് പുരസ്കാരത്തിന് അർഹമായത്. അതിപ്രഗഭ്തരായ വൈശാഖനും ടി.വി കൊച്ചുബാവയും സാറാജോസഫും യു.കെ കുമാരനും ഉൾപ്പെടെയുള്ള സാഹിത്യകുലപതികൾക്ക് ലഭിച്ച പുരസ്കാരത്തിന് തന്നെ പരിഗണിച്ചതിൻെറ സന്തോഷത്തിലാണ് ഈ നവാഗത എഴുത്തുകാരി. 'ആദ്യ രചന തന്നെ മികച്ച പുരസ്കാരത്തിന് തെരഞ്ഞെടുത്തതിൽ അഭിമാനവും നന്ദിയുമുണ്ട്. ഇനിയുള്ള എഴുത്തിന് കൂടുതൽ പ്രോത്സാഹനം നൽകുന്നതാണ്. എൻെറ നാട് പശ്ചാത്തലമായി എഴുതിയ നോവലാണ് വല്ലി. ഓരോ കഥാപാത്രങ്ങളും ജീവിത പരിസരങ്ങളിൽ നിന്നുള്ളത് കൂടിയാണ്. പ്രകൃതിക്കുവേണ്ടിയും ചുറ്റുമുള്ള സാധാരണ മനുഷ്യർക്കുവേണ്ടിയുമുള്ള എഴുത്തായിരുന്നു. എന്നെ ഞാനാക്കിയ നാടിനെ 'വല്ലി'യിലൂടെ എഴുതിവെക്കാൻ ശ്രമിച്ചതാണ്. അത് സ്വീകരിക്കപ്പെട്ടതിൽ സന്തോഷമുണ്ട് ' - ഷീലാ ടോമി 'ഗൾഫ് മാധ്യമ'ത്തോട് പറഞ്ഞു.
വയനാട് മാനന്തവാടി പയ്യമ്പള്ളി സ്വദേശിയായ ഷീലാ ടോമി 2003 മുതൽ ഖത്തറിലുണ്ട്. ഖത്തർ പി.എച്ച്.സി.സിയിൽ ഭരണനിർവഹണ വിഭാഗത്തിൽ ജീവനക്കാരിയാണ് ഇവർ. ഭർത്താവ് ടോമി ലാസർ ഖത്തറിലെ ജെൻസൺ ആൻറ് ഹ്യൂഗ്സിൽ എൻജിനീയറാണ്. മക്കൾ: മിലൻ, മാനസി, ജോൺ.2012ൽ പുറത്തിറങ്ങിയ 'മെൽക്വിയാഡിൻെറ പ്രളയ പുസ്തകം' എന്ന കഥാസമാഹാരമാണ് ആദ്യ കൃതി. അബുദബി അരങ്ങ് ചെറുകഥാ പുരസ്കാരം, ദോഹ സംസ്കൃതി പുരസ്കാരി, പുഴ ഡോട്കോം പുരസ്കാരം എന്നിവ നേടിയതിൻെറ തുടർച്ചയായാണ് ശ്രദ്ധേയമായ ചെറുകാട് പുരസ്കാരം തേടിയെത്തുന്നത്. ആദ്യ ശ്രമം തന്നെ വായനാ സമൂഹം ഏറ്റെടുത്ത പശ്ചാത്തലത്തിൽ പുതിയൊരു നോവലിൻെറ പണിപ്പുരയിലാണ് എഴുത്തുകാരി. ഡി.സി ബുക്സ് പ്രസിദ്ധീകരിച്ച 'വല്ലി' 2019ലാണ് പുറത്തിറങ്ങിയത്.
ചെറുകാട് എന്ന തൂലികാനാമത്തിൽ അറിയപ്പെട്ടിരുന്ന ഗോവിന്ദപിഷാരോടിയുടെ സ്മരണാർത്ഥം പെരിന്തൽമണ്ണയിലെ ചെറുകാട് സ്മാരക ട്രസ്റ്റ് നൽകുന്ന സാഹിത്യ അവാർഡാണ് ചെറുകാട് അവാർഡ്. 50000 രൂപയും പ്രശസ്തിപത്രവും അടങ്ങിയ അവാര്‍ഡ് പെരിന്തല്‍മണ്ണ അര്‍ബന്‍ ബാങ്കാണ് സ്‌പോണ്‍സര്‍ ചെയ്യുന്നത്.ഒക്ടോബര്‍ 29 ന് പെരിന്തല്‍മണ്ണ അലങ്കാര്‍ ഓഡിറ്റോറിയത്തില്‍ നടക്കുന്ന ചെറുകാട് അനുസ്മരണ സമ്മേളനത്തില്‍ സാഹിത്യ അക്കാദമി പ്രസിഡൻറ് വൈശാഖന്‍ ഷീലാ ടോമിക്ക് അവാര്‍ഡ് സമ്മാനിക്കും.
അശോകന്‍ ചരുവില്‍, ഖദീജ മുംതാസ്, അഷ്ടമൂര്‍ത്തി എന്നിവരടങ്ങിയ നിര്‍ണയ സമിതിയാണ് 'വല്ലി' തെരഞ്ഞെടുത്തത്. വല്ലി എന്നാല്‍ ഭൂമി എന്നും കൂലി എന്നും വള്ളിപ്പടര്‍പ്പ് എന്നും അര്‍ഥമുണ്ട്. ഈ മൂന്ന് സങ്കല്‍പ്പങ്ങളും സാര്‍ത്ഥകമാക്കുന്ന നോവലാണ് ഷിലാടോമിയുടെ വല്ലി. നാലു തലമുറകളിലെ കഥാപാത്രങ്ങളെ ഉപയോഗിച്ച് പറയുന്ന കഥയിലൂടെ വയനാട്ടിലെ കല്ലുവയല്‍ ഒരിതിഹാസമായി മാറുന്ന അത്ഭുതം ഈനോവലില്‍ കാണാം. കാട്, കുടിയേറ്റം, വിമോചന രാഷ്ട്രീയം പരിസ്ഥിതിവാദമുന്നേറ്റം ഇക്കോ ഫെമിനിസം എന്നീ വിഷയങ്ങള്‍ നോവലിൻെറ പ്രമേയമായി വരുന്നു.
ശ്വാസത്തിലും പ്രാണനിലും പ്രകൃതിയ്ക്കുവേണ്ടി വിങ്ങുന്ന ഒരെഴുത്തുകാരിയുടെ ദീര്‍ഘ നിശ്വാസം എന്നും വല്ലിയെ വിശേഷിപ്പിക്കാവുന്നതാണ്. കാവ്യഭാഷ തുളുമ്പുന്ന ഇതിൻെറ ശൈലി നോവല്‍ വായന അത്യന്തം ആസ്വാദ്യമാക്കുന്നുണ്ട് എന്ന് അവാർഡ് നിര്‍ണയ സമിതി വിലയിരുത്തി. പുരസ്കാര ചടങ്ങിൽ സുനില്‍ പി ഇളയിടം ചെറുകാട് സ്മാരക പ്രഭാഷണം നടത്തും. കൃതിയെയും നോവലിസ്റ്റിനെയും പരിചയപ്പെടുത്തി കഥാകൃത്ത് അഷ്ടമൂര്‍ത്തി സംസാരിക്കും. മുന്‍മന്ത്രി പാലോളി മുഹമ്മദ് കുട്ടി ഉദ്ഘാടനം ചെയ്യുന്ന പരിപാടിയില്‍ സാഹിത്യ അക്കാദമി സെക്രട്ടറി ഡോ. കെ.പി.മോഹനന്‍, ഇ.എന്‍. മോഹന്‍ദാസ് എന്നിവര്‍ പങ്കെടുക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.